പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 25 – വി. ഡയനീഷ്യസ് (200-268)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 259 മുതൽ 268 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. ഡയനീഷ്യസ്. ഇറ്റലിയിലെ മാഗ്ന ഗ്രാസിയ എന്ന സ്ഥലത്ത് ഗ്രീസിൽ നിന്നുളള കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് 200-ലാണ് അദ്ദേഹത്തിന്റെ ജനനം. മൂന്നാം നൂറ്റാണ്ടിലെ പ്രമുഖരായ മാർപാപ്പമാരിൽ ഒരാളായിരുന്നു ഡയനീഷ്യസ്. അദ്ദേഹത്തതിപാ നേതൃത്വപാടവവും കാരുണ്യപ്രവൃത്തികളും ത്രീത്വത്തെക്കുറിച്ചുള്ള ചില പഠനങ്ങളുമാണ് ഇത്തരത്തിലൊരു സ്ഥാനം നേടിക്കൊടുത്തത്. വലേറിയൻ ചക്രവർത്തിയുടെ കൊടിയ ക്രിസ്തീയപീഡനം കാരണം ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഒരു വർഷത്തോളം താമസിച്ചാണ് നടത്താൻ സാധിച്ചത്.

വലേറിയൻ എഡേസ്സായിൽ വച്ച് 260-ൽ പേർഷ്യൻ രാജാവിനാൽ വധിക്കപ്പെട്ടു എന്ന വാർത്ത റോമിൽ എത്തിയപ്പോൾ മാത്രമാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. അടുത്ത ചക്രവർത്തി ഗാല്ലിയേനൂസ് പിതാവിന്റെ മിക്ക നയങ്ങളും തിരുത്തുകയും സെമിത്തേരി ഉൾപ്പെടെ പിടിച്ചെടുത്ത പല സഭാസ്വത്തുക്കളും ക്രിസ്ത്യാനികൾക്ക് തിരികെ നൽകുകയും ചെയ്തു. അടുത്ത നാല്പത് വർഷം സഭയ്ക്ക് പീഡനരഹിതമായിരുന്നു. സഭാചരിത്രകാരനായ എവുസേബിയസ് ഈ കാലഘട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത് “സഭയുടെ ചെറിയ സമാധാനകാലം” എന്നാണ്. മതപീഡനത്തിൽ ശിഥിലമായ ഒരു സഭയെ പുനരുദ്ധരിക്കുക എന്നതായിരുന്നു ഡയനീഷ്യസിന്റെ പ്രധാന ദൗത്യം. അതിനായി പരിശീലനം സിദ്ധിച്ച പുരോഹിതന്മാരെ നിയോഗിച്ചുകൊണ്ട് ക്രിസ്തീയസമൂഹത്തെ ബലപ്പെടുത്തുന്നതിന് അദ്ദേഹം പരിശ്രമിച്ചു.

ഇക്കാലയളവിൽ സേസറിയായിലെ ക്രിസ്ത്യാനികൾ ഗോത്തിക്ക് വംശജരുടെ ആക്രമണത്തിൽ ഒരുപാട് കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. ഡയനീഷ്യസ് മാർപാപ്പ അവരുടെ പള്ളികൾ പുനർനിർമ്മിക്കുന്നതിനും തടവറയിലായവരെ മോചിപ്പിക്കുന്നതിനുമായി റോമൻ സഭയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ച് അയക്കുന്നു. അലക്സാൻഡ്രിയായിലെ ചില വിശ്വാസികൾ അവിടുത്തെ ബിഷപ്പായിരുന്ന ഡയനീഷ്യസ് ത്രീത്വത്തെക്കുറിച്ചുള്ള തെറ്റായ പ്രബോധനങ്ങൾ നൽകുന്നു എന്ന് മാർപാപ്പയ്ക്ക് എഴുതുകയും അതിൻപ്രകാരം മാർപാപ്പ അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാൽ ബിഷപ്പിന്റെ വിശദീകരണത്തിൽ മാർപാപ്പ സംതൃപ്തനായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണുന്നു. അപ്പോളിനാരിസം (യേശുവിന്റെ ശരീരം മനുഷ്യന്റേതും ആത്മാവ് ദൈവത്തിന്റേതും) സബില്ലിയനിസം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് ഒരാൾ വിവിധ ഭാവത്തിൽ കാണപ്പെടുന്നത് മാത്രം) തുടങ്ങിയ പാഷണ്ഡതകൾ ഇക്കാലയളവിൽ രൂപം കൊണ്ടെങ്കിലും ഡയനീഷ്യസ് മാർപാപ്പ 260-ൽ റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടി സത്യപ്രബോധനം എന്തെന്ന് വിശദീകരിക്കുന്നു. ഡയനീഷ്യസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് കലിസ്റ്റസ് സെമിത്തേരിയിലെ മാർപാപ്പമാരുടെ കല്ലറയിലാണ്. മരണദിവസമായ ഡിസംബർ 26-ന് വി. ഡയനീഷ്യസിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.