പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 24 – സിക്സ്റ്റസ് II (215-258)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 257 മുതൽ 258 വരെയുള്ള ഒരു വർഷക്കാലം സഭാതലവനായി സേവനം ചെയ്ത സിക്സ്റ്റസ് രണ്ടാമൻ മാർപാപ്പ ജനിച്ചത് അന്നത്തെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗ്രീസിലെ ആതെൻസിലാണ്. തന്റെ മുൻഗാമികളുടെ കാലത്ത്, മതപീഡന സമയത്ത് വിശ്വാസത്യാഗം ചെയ്തവരുടെ പുനർപ്രവേശനവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ-ഏഷ്യാമൈനർ സഭകളുമായുള്ള ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കുന്നതിന് സിക്സ്റ്റസ് മാർപാപ്പ മുൻകൈ എടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ അനുരഞ്ജനത്തിന് മാർപാപ്പയെ സഹായിച്ചത് അലക്സാൻഡ്രിയായിലെ ബിഷപ്പായിരുന്ന ഡയനീഷ്യസ് ആയിരുന്നു. വി. സിപ്രിയാന്റെ ജീവചരിത്രകാരൻ സിക്സ്റ്റസ് മാർപാപ്പയെ വിശേഷിപ്പിച്ചിരിക്കുന്നത് “നല്ലവനും സമാധാനം കാംക്ഷിക്കുന്നവനുമായ പുരോഹിതൻ” എന്നാണ്.

സഭയിൽ ഏറ്റം ബഹുമാനിക്കപ്പെടുന്ന രക്തസാക്ഷികളുടെ ഗണത്തിലാണ് സിക്സ്റ്റസ് രണ്ടാമൻ മാർപാപ്പ ഉൾപ്പെട്ടിരിക്കുന്നത്. വലേറിയൻ ചക്രവർത്തി ക്രിസ്ത്യാനികൾ ഭൂമിക്കടിയിലുള്ള സെമിത്തേരികളിൽ ആരാധനയ്ക്കായി ഒരുമിച്ചുകൂടുന്നത് നിരോധിക്കുകയും റോമൻ സാമ്രാജ്യത്തിലെ ദൈവങ്ങളെ ആരാധിക്കണമെന്ന കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് സഭയൊന്നാകെ ചിന്തിക്കുന്ന സമയത്താണ് ബിഷപ്പുമാരെയും വൈദികരെയും വധിക്കുന്നതിനും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനുമുള്ള ചക്രവർത്തിയുടെ രണ്ടാം കല്പന വരുന്നത്.

258 ആഗസ്റ്റ് 6-ന് പ്രാത്തെക്സ്താത്തുസ് എന്ന പേരിലറിയപ്പെടുന്ന ഭൂമിക്കടിയിലുള്ള സെമിത്തേരിയിൽ (catecomb) തന്റെ അനുയായികൾക്ക് വി. സിക്സ്റ്റസ് വേദോപദേശം നൽകിക്കൊണ്ടിരിക്കുന്ന സമയത്ത് ചക്രവർത്തിയുടെ ആജ്ഞപ്രകാരം അവിടെയെത്തിയ പട്ടാളക്കാർ മാർപാപ്പയുടെയും അവിടെയുണ്ടായിരുന്ന ആറ് ഡീക്കന്മാരുടെയും ശിരച്ഛേദം നടത്തി. നാലു ദിവസങ്ങൾക്കുശേഷം റോമിലെ പ്രസിദ്ധ ഡീക്കനായിരുന്ന വി. ലോറെൻസിന്റെയും രക്തസാക്ഷിത്വം ഇവിടെ നടന്നു. കലിസ്റ്റസ് സെമിത്തേരിയിൽ അടക്കപ്പെട്ട വി. സിക്സ്റ്റസിന്റെ കല്ലറയിൽ ഡമാസൂസ് മാർപ്പാപ്പ പിന്നീട് ഇപ്രകാരം എഴുതിവച്ചു: “സഭാമാതാവിന്റെ ശരീരം വാളിനാൽ തുളയ്ക്കപ്പെട്ട കാലത്ത്, വചനത്തിന്റെ പാലകനായ എന്നെ പട്ടാളക്കാർ കസേരയിൽ നിന്നും വലിച്ചിട്ടു. വിശ്വാസികൾ തങ്ങളുടെ കണ്ഠം വാളിനിരയാകാൻ വിട്ടുകൊടുത്തപ്പോൾ അവരുടെ അജപാലകൻ, തന്നെ രക്തസാക്ഷിത്വത്തിൽ നിന്നും ഒഴിവാക്കാതെ ആദ്യമരണത്തിന് അടിപ്പെട്ടു. നന്മക്ക് പ്രതിഫലം നൽകുന്ന ക്രിസ്തു ആ അജപാലകന്റെ യോഗ്യതകളാൽ തന്റെ ജനത്തെ സംരക്ഷിച്ചു.” കലിസ്റ്റസ് സെമിത്തേരിയിൽ അടക്കിയ സിക്സ്റ്റസ് മാർപാപ്പയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും തിരുനാൾ ആഗസ്റ്റ് 7-ന് സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.