പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 22 – വി. ലൂസിയസ് I (205-254)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 205-ൽ റോമിൽ ജനിച്ച ലൂസിയസ് മാർപാപ്പ 253 മുതൽ 254 വരെയുള്ള കാലയളവിൽ ഒരു വർഷത്തിൽ താഴെ മാത്രമേ സഭയുടെ നേതൃസ്ഥാനം വഹിച്ചുള്ളൂ. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് പോർഫിറിയാനുസ് എന്നാണെന്ന് ചരിത്രരേഖകളിൽ കാണുന്നു. ഫാബിയൻ, കൊർണേലിയോസ് മാർപാപ്പമാരുടെ ഭരണകാലയളവിൽ അദ്ദേഹം ഒരു വൈദികനായി റോമിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഈ പരിചയം അദ്ദേഹത്തിന് പിന്നീടുള്ള അജപാലന ശുശ്രൂഷകളിൽ സഹായകമായി ഭവിക്കുന്നു. എന്നാൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗാല്ലൂസ്‌ ചക്രവർത്തി അദ്ദേഹത്തെ റോമിന് പുറത്തുള്ള, ഇന്നത്തെ ചിവിത്തവേക്കിയ പ്രദേശത്തേയ്ക്ക് നാടുകടത്തി. ഇത് ഒരു ശിക്ഷയും അതുപോലെ തന്നെ നേതാവില്ലാതെ വരുമ്പോൾ ക്രിസ്ത്യാനികൾ ഇല്ലാതാകും എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതുമായിരുന്നു. റോമിന് പുറത്തേയ്ക്ക് അദ്ദേഹം പോയിട്ടുള്ള ഒരേയൊരു യാത്ര ഇതായിരുന്നു.

ഗാല്ലൂസിന്റെ മരണശേഷം ഭരണത്തിൽ വന്ന വലേറിയൻ ചക്രവർത്തി തന്റെ വാഴ്ചയുടെ ആദ്യകാലങ്ങളിൽ ക്രിസ്ത്യാനികളോട് മൃദുസമീപനമാണ് സ്വീകരിച്ചത്. അതിനാൽ ലൂസിയസ് മാർപാപ്പയും നാട് കടത്തപ്പെട്ട മറ്റു ക്രിസ്ത്യാനികളും റോമിൽ തിരികെയെത്തി തങ്ങളുടെ ദൗത്യം പുനരാരംഭിച്ചു. കൊർണേലിയോസ് മാർപാപ്പയുടെ കാലത്ത് ഉണ്ടായ നോവിഷ്യൻ പാഷണ്ഡത ലൂസിയസ് മാർപാപ്പയും കൈകാര്യം ചെയ്യേണ്ടി വന്നു. കാർത്തേജിലെ വി. സിപ്രിയൻ എഴുതിയ കത്തുകളിൽ ഇക്കാര്യങ്ങൾ എടുത്തുപറയുകയും മാർപാപ്പയുടെ സമീപനത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. മതപീഡന സമയത്ത് വിശ്വാസത്യാഗം ചെയ്ത് പിന്നീട് സഭയിലെത്തുന്നതിന് പരിശ്രമിച്ചവർ അനുയോജ്യമായ പ്രായശ്ചിത്തം ചെയ്തപ്പോൾ ലൂസിയസ് മാർപാപ്പയും ഇവരെ തിരികെ എടുക്കാമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ സ്വയംപ്രഖ്യാപിത മാർപാപ്പയായ നോവേഷ്യനും അദ്ദേഹത്തിനെ അനുയായികളും മാർപാപ്പയ്ക്ക് ഇക്കാലത്ത് പല പ്രയാസങ്ങളും സൃഷ്ടിച്ചു.

ചില ആദ്യകാല രേഖകളിൽ വി. ലൂസിയസിനെ രക്തസാക്ഷികളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രക്തസാക്ഷി ആയിരുന്നില്ലെങ്കിലും വിശ്വാസത്തെപ്രതി സഹിക്കേണ്ടി വന്നതിനാൽ ഇന്ന് മൗദ്യാനന്മാരുടെ (confessor) ഗണത്തിൽ ഉൾപ്പെടുത്തി ലൂസിയസ് മാർപാപ്പയെ സഭ ആദരിക്കുന്നു. മാർപാപ്പാമാരെ അടക്കിയിരുന്ന കലിസ്റ്റസ് സെമിത്തേരിയിൽ വി. ലൂസിയസിനെയും അടക്കി എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. ഈ സ്ഥലത്തു ഇന്നും അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നീട് റോമിലെ ട്രസ്‌തേവരെയിലുള്ള വി. സിസിലിയായുടെ ദേവാലയത്തിലേക്ക് ലൂസിയസ് മാർപാപ്പയുടെ തിരുശേഷിപ്പുകൾ മാറ്റി സ്ഥാപിച്ചു. മാർച്ച് 5-ന് വി. ലൂസിയസിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.