പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 20 – വി. ഫാബിയൻ (200-250)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 236 മുതൽ 250 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വി. ഫാബിയൻ. അദ്ദേഹത്തിന്റെ പിതാവ് ഫാബിയൂസ് റോമിലെ ഒരു പ്രമുഖകുടുംബത്തിലെ അംഗവും പ്രാദേശിക ഭരണത്തിൽ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു. കാർത്തേജിലെ വി. സിപ്രിയാൻ (+258) ഇദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യത്തെയും ഭരണനിപുണതയേയും പുണ്യജീവതത്തെയും കുറിച്ച് തന്റെ രചനകളിൽ വിവരിക്കുന്നുണ്ട്. സഭാചരിത്രകാരനായ എവുസേബിയസ് ഫാബിയൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ടായിരുന്ന ഒരു ഐതീഹ്യത്തെക്കുറിച്ചു പറയുന്നു. അന്തേറൂസ് മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനായി റോമിലെ വൈദികർ ഒരുമിച്ചുകൂടിയ സമയത്ത് പതിമൂന്ന് ദിവസത്തോളം അതിന് സാധിക്കാതെ വന്നു. ഈ സമയത്ത് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് കാണുന്നതിനായി അവിടെയുണ്ടായിരുന്ന ഫാബിയന്റെ തലയിൽ ഒരു പ്രാവ് വന്നിരിക്കയും അത് യേശുവിന്റെ മാമ്മോദീസയുമായി ബന്ധപ്പെടുത്തി അവിടെ കൂടിയിരുന്നവർ കണ്ട് ഫാബിയനെ അടുത്ത മാർപാപ്പയായി കരഘോഷത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു.

അസാധാരണ ഭരണവൈഭവത്തോടെ അദ്ദേഹം റോമിലെ സഭയെ നയിച്ചു. ഏഴു പ്രവിശ്യകളായി റോമൻ സഭയെ വിഭജിച്ച് വൈദികർക്കും ഡീക്കന്മാർക്കും ഓരോ പ്രവിശ്യകളുടെ ചുമതലകൾ നൽകുകയും അവർക്ക് വിവിധ സഹായികളെ നിയമിക്കുകയും ചെയ്തു. സർദീനിയായിൽ വച്ച് രക്തസാക്ഷികളായ പൊന്തിയൻ മാർപാപ്പയുടെയും ഹിപ്പോളിറ്റസിന്റെയും മൃദദേഹങ്ങൾ വീണ്ടെടുത്ത് റോമിൽ കൊണ്ടുവന്ന് ശരിയായ ക്രിസ്തീയശവസംസ്‌കാരം നടത്തിയതും ഇദ്ദേഹമാണ്. ഇവർ നാടുകടത്തപ്പെട്ടവരാകയാൽ ഇത് ചക്രവർത്തിയുടെ അനുവാദമില്ലാതെ നടക്കാൻ സാധിക്കാത്ത കാര്യമായിരുന്നു. ഈ സംഭവം അക്കാലത്ത് ഫാബിയൻ മാർപാപ്പയ്ക്ക് റോമിലുണ്ടായിരുന്ന വലിയ സ്വാധീനത്തെ വെളിവാക്കുന്നതാണ്.

ഫാബിയൻ മാർപാപ്പയുടെ പതിനാലു വർഷ ഭരണകാലയളവിലെ ആദ്യത്തെ കുറെ വർഷങ്ങൾ വളരെ സമാധാനപരമായിരുന്നു. എന്നാൽ ഡേഷ്യസ് ചക്രവർത്തിയുടെ ഭരണകാലത്ത് മതപീഡനം പുനരാരംഭിക്കുകയും ഫാബിയൻ മാർപാപ്പയെയും നിരവധി ക്രിസ്തീയനേതാക്കളെയും അറസ്റ്റ് ചെയ്തു ജയിലടക്കുകയും ചെയ്തു. അധികം താമസിയാതെ തടവറയിലെ ക്രൂരപീഡനത്തിനിരയായി അദ്ദേഹം മരണമടഞ്ഞു. വി. ഫാബിയന്റെ കല്ലറ ആപ്പിയൻ വഴിയിലുള്ള കലിസ്റ്റസിന്റെ സെമിത്തേരിയിൽ കണ്ടെത്തുകയും ക്ലമന്റ് പതിനൊന്നാം മാർപാപ്പ ഈ തിരുശേഷിപ്പ് റോമിലെ തീർത്ഥാടന ദേവാലയങ്ങളിലൊന്നായ സാൻ സെബാസ്ത്യാനോ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ജനുവരി 20-ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.