പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 19 – വി. അന്തേറൂസ് (180-236)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 235 നവംബർ 21 മുതൽ 236 ജനുവരി 3 വരെ നാല്പത്തിമൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ആദ്യനൂറ്റാണ്ടുകളിലെ ഏറ്റം ചുരുങ്ങിയ മാർപാപ്പ ഭരണകാലമായിരുന്നു വി. അന്തേറൂസിന്റേത്. പൊന്തിയൻ മാർപാപ്പയെ സർദീനിയായിലെ ഖനിയിൽ കഠിനജോലിക്കായി റോമൻ ചക്രവർത്തിയായിരുന്ന മാക്സിമീനൂസിന്റെ മതപീഢന കാലത്ത് നാടുകടത്തിയപ്പോൾ മാർപാപ്പ സ്ഥാനത്തേക്ക് അന്തേറൂസ് തിരഞ്ഞെടുക്കപ്പെട്ടു. 180-ൽ തെക്കേ ഇറ്റലിയിലെ കലാബ്രിയയിലുള്ള പെറ്റിലിയ പോളികാസ്ത്രോ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. ഇവിടെ ഗ്രീസിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്കു ജനിച്ച അന്തേറൂസ്, ഒരു അടിമയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവായി രേഖകളിൽ കാണുന്ന റോമുളൂസ് രക്ഷകർത്താവായിരിക്കാനാണ് സാധ്യത എന്ന് ചരിത്രപണ്ഡിതന്മാർ പറയുന്നു.

വലിയ മതപീഢനത്തിന്റെ കാലഘട്ടമായിരുന്നു ഇത്. വരുംതലമുറയ്ക്ക് ഈ രക്തസാക്ഷികളുടെ വീരോചിതസാക്ഷ്യം പകർന്നുനൽകണമെന്ന ചിന്തയിൽ വി. അന്തേറൂസ് ക്രിസ്തീയ രക്തസാക്ഷികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും അത് രേഖകളായി സൂക്ഷിക്കാനും ഏർപ്പാടുകൾ ചെയ്തു. “രക്തസാക്ഷികളുടെ പ്രവർത്തനങ്ങൾ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ചരിത്രരേഖകളിൽ ഇവരുടെ മരണം നേരിൽ കണ്ടവരുടെ സാക്ഷ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അന്തേറൂസ് മാർപാപ്പ ഇതിനായി പ്രത്യേക പരിശീലനമുള്ള ആളുകളെ നിയമിക്കുകയും വ്യക്തിപരമായി പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പാക്കുകയും ചെയ്തു. ഇക്കാരണത്താൽ ഭാവിതലമുറയ്ക്ക് വളരെ വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് ഇടയായി. ഇക്കാരണത്താലാണ് വി. അന്തേറൂസും രക്തസാക്ഷിയാകേണ്ടി വന്നതെന്ന ഒരു വാദവുമുണ്ട്. ഇതുകൂടാതെ, ഫെന്തി എന്ന സ്ഥലത്തെ ബിഷപ്പിനെ അന്തേറൂസ് മാർപാപ്പ നിയമിച്ചതായി ചരിത്രരേഖകളിൽ കാണുന്നു.

സർദീനിയായിലെ ഖനിയിൽ കൊല്ലപ്പെട്ട മുൻഗാമി പൊന്തിയന്റെ മൃദദേഹം റോമിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ, അതിനു മുമ്പു തന്നെ മതപീഡനത്തിന്റെ മറ്റൊരു ഇരയായി അന്തേറൂസ് മാർപാപ്പയും മരണമടഞ്ഞു. റോമിലെ കലിസ്റ്റസ് സെമിത്തേരിയിൽ അന്തേറൂസ് മാർപാപ്പയെ അടക്കം ചെയ്യുകയും പിന്നീട് വി. സിൽവസ്റ്ററിന്റെ ദേവാലയത്തിലേക്ക് തിരുശേഷിപ്പ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1595-ൽ ക്ലമന്റ് മൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം ഈ പള്ളി പുതുക്കിപ്പണിതപ്പോൾ അന്തേറൂസ് മാർപാപ്പയുടെ തിരുശേഷിപ്പ് അവിടെ കണ്ടെത്തി. കലിസ്റ്റസ് സെമിത്തേരിയിൽ 1850-ൽ പുരാവസ്തുഗവേഷകർ മാർപാപ്പയെ ആദ്യം അടക്കിയ സ്ഥലത്ത് ഗ്രീക്ക് ഭാഷയിൽ പേര് കൊത്തിവച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ജനുവരി 3-ന് സഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.