പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 184 – ഗ്രിഗറി X (1210-1276)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1271 സെപ്റ്റംബർ 1 മുതൽ 1276 ജനുവരി 10 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വാഴ്ത്തപ്പെട്ട ഗ്രിഗറി പത്താമൻ. സഭാചരിത്രത്തിലെ ഏറ്റം ദൈർഘ്യമേറിയ ഒരു തിരഞ്ഞെടുപ്പായിരുന്നു എ.ഡി. 1268 മുതൽ 1271 വരെ നടന്നത്. ഇക്കാലയളവത്രയും മാർപാപ്പ പദവി ശൂന്യമായി (sede vacante) കിടക്കുന്ന അവസ്ഥയായിരുന്നു. അവസാനം വിത്തെർബോ നഗരത്തിൽ വച്ച് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുമ്പോൾ സിവിൽ അധികാരികൾ കർദ്ദിനാളന്മാരെ സമ്മേളന ഹാളിൽ പൂട്ടിയിട്ടു. അന്നത്തെ ഫ്രാൻസിസ്‌ക്കൻ സഭാ ജനറലായിരുന്ന വി. ബൊനവഞ്ചറിന്റെ നിർദ്ദേശപ്രകാരം കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച്‌, അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്നതു വരെ ഇവർക്ക് ഭക്ഷണപാനീയങ്ങൾ നൽകുന്നതല്ലായെന്ന് അറിയിച്ചു. അങ്ങനെയാണ് സെക്കുലർ ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമായിരുന്ന തെയോബാൾഡോ വിസ്കോന്തി തിരഞ്ഞെടുക്കപ്പെടുന്നത്.

എ.ഡി. 1210 -ൽ ഇറ്റലിയിലെ പിയചെൻസ നഗരത്തിലാണ് തെയോബാൾഡോ ജനിച്ചത്. കർദ്ദിനാൾ ജ്യാക്കമോ ദി പെക്കൊറാറിയുടെ സാമ്പത്തിക കാര്യകർത്താവും സഹായിയും ആയിട്ട് ദീർഘകാലം തെയോബാൾഡോ ജോലി ചെയ്തു. എ.ഡി. 1240 -ൽ ഫ്രാൻസിലെ ലിയോൺസ് കത്തീഡ്രൽ അധികാരികളുടെ ആവശ്യപ്രകാരം അവിടുത്തെ കാനൻ ആയി നിയമിക്കപ്പെട്ടു. അവിടെ വച്ച് ലിയോൺസ് ആർച്ചുബിഷപ്പിന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സാമ്പത്തിക നടത്തിപ്പുകാരനായി. ലിയോൺസിൽ വച്ചു നടന്ന ഒന്നാം എക്കുമെനിക്കൽ കൗൺസിൽ സംഘാടകരിലൊരാളായ തെയോബാൾഡോ വി. തോമസ് അക്വീനാസിനെയും വി. ബൊനവഞ്ചറിനെയും പരിചയപ്പെടുന്നു. ആത്മീയവളർച്ച ലക്ഷ്യം വച്ച് തെയോബാൾഡോ വിശുദ്ധ നാട്ടിലേക്ക് ഒരു തീർത്ഥാടനം നടത്തുകയും തിരികെയെത്തി പാരീസിൽ ഉന്നത ദൈവശാസ്ത്രപഠനം നടത്തുകയും ചെയ്തു. റോമിൽ മാർപാപ്പ തിരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ആർച്ചുഡീക്കൻ തെയോബാൾഡോ ഇംഗ്ലണ്ടിലെ എഡ്‌വേർഡ് ഒന്നാമൻ രാജാവിന്റെ കൂടെ വിശുദ്ധ നാട് വീണ്ടെടുക്കാനുള്ള യാത്രയിലായിരുന്നു.

കർദ്ദിനാൾ സംഘത്തിനു പുറത്തുള്ള തെയോബാൾഡോയെ ഇറ്റലിക്കാർക്കും ഫ്രഞ്ചുകാർക്കും ഒരുപോലെ സ്വീകാര്യൻ എന്ന നിലയിൽ മൂന്നു വർഷം നീണ്ടുനിന്ന തിരഞ്ഞെടുപ്പിന്റെ അവസാനം സഭയെ നയിക്കാൻ തിരഞ്ഞെടുക്കുന്നു. യാത്ര ഉപേക്ഷിച്ചു റോമിലെത്തിയ തെയോബാൾഡോ, പുരോഹിത – മെത്രാൻ പട്ടങ്ങൾ സ്വീകരിച്ചതിനു ശേഷം എ.ഡി. 1272 മാർച്ച് 27 -ന് വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് മാർപാപ്പ സ്ഥാനം ഏറ്റെടുത്തു. മാർപാപ്പ തിരഞ്ഞെടുപ്പോടെ വെള്ള ളോഹ ധരിക്കുന്ന പാരമ്പര്യം ആരംഭിച്ചത് ഗ്രിഗറി പത്താമൻ മാർപാപ്പ ആണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഈ സമയത്ത് മംഗോളിയൻ ചക്രവർത്തി കുബ്‌ളാ അവിടെയെത്തിയ രണ്ടു ഇറ്റാലിയൻ സന്ദർശകർ വഴി മാർപാപ്പക്ക് ഒരു കത്ത് കൊടുത്തുവിടുന്നു. തന്റെ രാജ്യത്ത് മിഷൻ പ്രവർത്തനം നടത്തുന്നതിന് നൂറ് ആളുകളെയും കർത്താവിന്റെ കബറിടത്തിലെ വിളക്കിൽ നിന്നുള്ള കുറച്ച് എണ്ണയും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടു മിഷനറിമാരെയും അന്ന് പതിനേഴു വയസ്സ് മാത്രമുള്ള, പിന്നീട് പ്രസിദ്ധ സഞ്ചാരിയായ, മാർക്കോ പോളോയെയും എണ്ണയുമായി എ.ഡി. 1275 -ൽ മാർപാപ്പ അയക്കുന്നു. പിന്നീട് രണ്ടാം ലിയോൺ കൗൺസിലിൽ മംഗോളിയൻ ചക്രവർത്തി ഒരു പ്രതിനിധിസംഘത്തെ അയക്കുകയും യൂറോപ്പിലുള്ളവരും മംഗോളിയരും എല്ലാ കാര്യത്തിലും ഒരുമിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഗ്രിഗറി മാർപാപ്പയുടെ മരണത്തോടെ ഈ സഹകരണത്തിന് വലിയ പിന്തുണ ലഭിച്ചില്ല.

മാർപാപ്പ തിരഞ്ഞെടുപ്പ് മൂന്നു വർഷം നീണ്ടുനിന്നത് പരിഹരിക്കുക എന്ന ഉദ്ദേശത്തോടു കൂടി “ഉബി പെരികുളും” എന്ന പേരിൽ ഗ്രിഗറി മാർപാപ്പ ഒരു ബൂളാ ഇറക്കി. അതിൻപ്രകാരം മാർപാപ്പയുടെ മരണത്തോടെ കാമർലിംഗോ ഒഴികെയുള്ള ഭരണസംവിധാനങ്ങളുടെ അധികാരം ഇല്ലാതാകുന്നു. മാർപാപ്പയുടെ മരണശേഷം പത്തു ദിവസങ്ങൾക്കു ശേഷം തിരഞ്ഞെടുപ്പിനായി കർദ്ദിനാളന്മാർ ഒത്തുചേരണം. സന്നിഹിതരായവരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉള്ളവർക്കേ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ളൂ. രോഗകാരണമല്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ കർദ്ദിനാളന്മാർക്ക് പുറത്തു പോകാൻ അനുവാദമില്ല. കർദ്ദിനാളന്മാർ ഒരു മതിൽക്കെട്ടിനുള്ളിൽ താമസിക്കുകയും പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയും വേണം. കോൺക്ലേവ് തുടങ്ങി മൂന്നു ദിവസത്തിനകം മാർപാപ്പയെ തിരഞ്ഞെടുത്തില്ലായെങ്കിൽ ഒരു നേരത്തെ ഭക്ഷണവും എട്ട് ദിവസം കഴിഞ്ഞാൽ ബ്രഡും വെള്ളവും മാത്രമേ ലഭിക്കൂ. കാലാന്തരത്തിൽ പല നിയമങ്ങളും പരിഷ്കരിക്കപ്പെട്ടെങ്കിലും ഇന്നും മാർപാപ്പ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ആശയങ്ങൾ രൂപപ്പെടുത്തിയ വ്യക്തിയായി ഗ്രിഗറി പത്താമൻ നിലനിൽക്കുന്നു.

എ.ഡി. 1274 -ൽ ഗ്രിഗറി പത്താമൻ മാർപാപ്പ വിളിച്ചുകൂട്ടിയ രണ്ടാം ലിയോൺ എക്കുമെനിക്കൽ കൗൺസിലിൽ വച്ച് പാസ്സാക്കിയ ചില നിയമങ്ങളും ചരിത്രപ്രാധാന്യം അർഹിക്കുന്നവയാണ്. പൗരസ്ത്യ സഭയുമായുള്ള ഭിന്നത അവസാനിപ്പിച്ച് രണ്ടു സഭകളും ഐക്യത്തിൽ പോകണമെന്നു തീരുമാനിച്ചു. വിശുദ്ധ നാടിന്റെ വിമോചനത്തിനായി പുതിയൊരു കുരിശുയുദ്ധത്തിനായുള്ള ആഹ്വാനം നൽകി. സഭയിലെ അധികാര ദുർവിനിയോഗത്തിനെതിരെ കടുത്ത ശിക്ഷണനടപടികൾക്ക് ശുപാർശ നൽകി. കൗൺസിലിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ ഗ്രിഗറി മാർപാപ്പ രോഗബാധിതനാവുകയും ഇറ്റലിയിലെ അരെസ്സോ പട്ടണത്തിൽ വച്ച് എ.ഡി. 1276 ജനുവരി 10 -ന് കാലം ചെയ്യുകയും അവിടുത്തെ കത്തീഡ്രൽ ദേവാലയത്തിൽ അടക്കപ്പെടുകയും ചെയ്തു. എ.ഡി. 1713 -ൽ ക്ലമന്റ് ഒൻപതാം മാർപാപ്പ ഗ്രിഗറി പത്താമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.