പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 182 – ഉർബൻ IV (1195-1264)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1261 ആഗസ്റ്റ് 29 മുതൽ 1264 ഒക്ടോബർ 2 വരെയുളള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഉർബൻ നാലാമൻ. എ.ഡി. 1195 -ൽ ഫ്രാൻസിലെ ട്രോയെസ് എന്ന നഗരത്തിൽ ഒരു പാദുകനിര്‍മ്മാതാവിന്റെ മകനായി ജാക്ക് പന്തലിയോൺ (Jacques Pantaléon) ജനിച്ചു. പാരീസ് നഗരത്തിൽ അദ്ദേഹം ദൈവശാസ്ത്രവും പിന്നീട് അവിടെത്തന്നെ രാഷ്ട്രനിയമവും പഠിക്കുന്നു. അതേ തുടർന്ന് ലഓൻ എന്ന സ്ഥലത്ത് കാനൻ ആയും ലീഗ് എന്ന സ്ഥലത്തെ ആർച്ചുഡീക്കൻ ആയും സേവനമനുഷ്ഠിച്ചു. എ.ഡി. 1245 -ൽ ലിയോൺ കൗൺസിൽ സമയത്ത് ജാക്കിന്റെ പ്രവർത്തനങ്ങൾ ഇന്നസെന്റ് നാലാമൻ മാർപാപ്പയുടെ ശ്രദ്ധയിൽപെടുകയും അദ്ദേഹം ജാക്ക് പന്തലിയോണെ ജർമ്മനിയിൽ വലിയൊരു ദൗത്യവുമായി പറഞ്ഞയക്കുകയും ചെയ്യുന്നു.

തന്നെ ഏൽപിക്കുന്ന ദൗത്യങ്ങൾ വിജയകരമായി നടപ്പിലാക്കിയ ജാക്കിന്റെ കഴിവിന്റെ അംഗീകാരമായി വെർഡൂൺ രൂപതയുടെ ബിഷപ്പായി മാർപാപ്പ അദ്ദേഹത്തെ നിയമിക്കുന്നു. പിന്നീട് അലക്‌സാണ്ടർ നാലാമൻ ചക്രവർത്തി അധികാരത്തിൽ വന്നപ്പോൾ ബിഷപ് ജാക്കിനെ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസായി എ.ഡി. 1255 -ൽ നിയമിക്കുന്നു. അവിടുത്തെ പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെ ശബ്ദമാകാൻ ബിഷപ്പ് ജാക്കിന് സാധിക്കുന്നു. ജറുസലേമിലെ സഭയെ സജീവമാകുന്നതിന് ധാരാളം പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ദുരവസ്ഥ അധികാരികളെ ബോധിപ്പിക്കുന്നതിനും അവർക്ക് സഹായം സംഘടിപ്പിക്കാനുമായി പാത്രിയർക്കീസ് ജാക്ക് റോമിലായിരുന്ന സമയത്താണ് അലക്‌സാണ്ടർ നാലാമൻ മാർപാപ്പ കാലം ചെയ്തത്. കർദ്ദിനാളന്മാർ അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാനായി റോമിൽ സമ്മേളിച്ചപ്പോൾ അന്നത്തെ പതിവിനു വിപരീതമായി കർദ്ദിനാൾ അല്ലാതിരുന്ന ജാക്കിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു.

ഉർബൻ നാലാമൻ അധികാരമേറ്റ സമയത്താണ് കോൺസ്റ്റാന്റിനോപ്പിളിലെ ലത്തീൻ സാമ്രാജ്യം വീണ്ടും ബൈസന്റീൻ കരങ്ങളിലേക്ക് എത്തുന്നത്. അത് തിരികെപ്പിടിക്കാനുള്ള മാർപാപ്പയുടെ ശ്രമങ്ങൾ വിജയിച്ചില്ല. എ.ഡി. 1264 ആഗസ്റ്റ് 11 -ന് “ട്രാൻസിസ്തൂരുസ്” എന്ന ബൂളയിലൂടെ “കോർപ്പസ് ക്രിസ്റ്റി” (the Body of Christ) തിരുനാൾ സഭയിൽ എല്ലായിടത്തും കൊണ്ടാടണമെന്ന് ഉർബൻ മാർപാപ്പ കല്പിച്ചു. അതുപോലെ മാർപാപ്പയുടെ വ്യക്തിപരമായ നിർദ്ദേശത്തെ തുടർന്ന് ഡൊമിനിക്കൻ ദൈവശാസ്ത്രജ്ഞനായ വി. തോമസ് അക്വീനാസ് വിശുദ്ധ കുർബാനക്കും മറ്റു തിരുനാളുകൾക്കും ഉപയോഗിക്കുന്ന ധാരാളം പ്രാർത്ഥനകൾ പുതിയതായി രൂപപ്പെടുത്തി. ഇറ്റലിയിലെ പെറൂജിയായിൽ സന്ദർശനം നടത്തുന്ന സമയത്ത് എ.ഡി. 1264  ഒക്ടോബർ 2 -ന് ഉർബൻ നാലാമൻ മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് പെറൂജിയായിലെ വി. ലോറൻസിന്റെ കത്തീഡ്രലിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.