പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 181 – അലക്‌സാണ്ടർ IV (1185-1261)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1254 ഡിസംബർ 12 മുതൽ 1261 മെയ് 25 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് അലക്‌സാണ്ടർ നാലാമൻ. റോമൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ജെന്നെ എന്ന സ്ഥലത്ത് എ.ഡി. 1185 -ൽ റിനാൽഡോ ജനിച്ചു. ഇന്നസെന്റ് മൂന്നാമൻ, ഗ്രിഗറി ഒൻപതാമൻ മാർപാപ്പമാർ അമ്മ വഴി ഇദ്ദേഹത്തിന്റെ കുടുംബത്തിൽപെട്ടവർ ആയിരുന്നു. ഫ്രാൻസിസ്കൻ സന്യാസ സഭയുടെ സംരക്ഷകനായും ഒരു കർദ്ദിനാൾ ഡീക്കനായും എ.ഡി. 1227 -ൽ ഗ്രിഗറി ഒൻപതാമൻ മാർപാപ്പ റിനാഡോയെ നിയമിച്ചു. പിന്നീട് റോമൻ സഭയുടെ കാമർലിംഗോയും കർദ്ദിനാൾ സംഘത്തിന്റെ ഡീനായും ഏറെ നാൾ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഓസ്തിയ രൂപതയുടെ ബിഷപ്പായി അദ്ദേഹം സേവനമനുഷ്ഠിക്കുന്ന സമയത്താണ് മാർപാപ്പയായി കർദ്ദിനാൾ റിനാൽഡോ തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്നസെന്റ് നാലാമൻ മാർപാപ്പ നേപ്പിൾസിൽ വച്ച് മരിക്കുമ്പോൾ അവിടെ കൂടിയ കർദ്ദിനാളന്മാർ എ.ഡി. 1254 ഡിസംബർ 12 -ന് കർദ്ദിനാൾ റിനാൾഡോയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു.

റോമിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത കാരണം തന്റെ ഭരണകാലയളവിലെ ദീർഘകാലങ്ങൾ റോമൻ നഗരത്തിനു പുറത്തുള്ള വിത്തേർബോയിലാണ് മാർപാപ്പ ചിലവഴിച്ചത്. പൗരസ്ത്യ സഭയുമായുള്ള തർക്കങ്ങൾ പരിഹരിച്ച് ഐക്യത്തിലായിരിക്കാൻ വളരെയധികം പരിശ്രമിച്ച മാർപാപ്പയാണ് അലക്‌സാണ്ടർ നാലാമൻ. ക്ലാരിസ്റ് സന്യാസിനി സമൂഹസ്ഥാപകയായിരുന്ന അസ്സീസിയിലെ ക്ലാരയെ എ.ഡി. 1225 -ൽ മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. “ബെനീഞ്ഞ ഓപെറാസിയോ” എന്ന ബൂളായിലൂടെ വി. ഫ്രാൻസിസ് അസ്സീസിയുടെ പഞ്ചക്ഷതങ്ങൾ അംഗീകരിക്കുകയും അതിനെക്കുറിച്ച് തനിക്കുള്ള വ്യക്തിപരമായ അറിവ് വെളിപ്പെടുത്തുകയും ചെയ്തു. ഇറ്റലിയിൽ അന്ന് നിലവിലുണ്ടായിരുന്ന വിവിധ താപസ സന്യാസ സമൂഹങ്ങളെ സംയോജിപ്പിച്ച് അഗസ്റ്റീനിയൻ താപസർ (Augustinian Hermits) എന്ന പേരിൽ ഒരു പുതിയ സന്യാസ സമൂഹത്തിന് മാർപാപ്പ തുടക്കം കുറിച്ചു. വി. അഗസ്തീനോസിന്റെ നിയമശാസനകൾ ഈ സമൂഹത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായി നിശ്ചയിക്കുകയും ചെയ്തു.

ഫ്രാൻസ് പ്രദേശങ്ങളിൽ മതവിചാരണ കോടതികൾ സ്ഥാപിച്ചത് അലക്‌സാണ്ടർ നാലാമൻ മാർപാപ്പയാണ്. പാഷണ്ഡതകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ കോടതികൾ അധികാര ദുർവിനിയോഗം നടത്താതിരിക്കാൻ മായാജാലവും മന്ത്രവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട എന്നും നിർദ്ദേശം നൽകി. പോളണ്ട് ആക്രമിച്ച തുർക്കി മുസ്ലീങ്ങൾക്കെതിരെ കുരിശുയുദ്ധത്തിന് എ.ഡി. 1259 -ൽ മാർപാപ്പ ആഹ്വാനം ചെയ്തു. വിത്തേർബോയിൽ വച്ച് എ.ഡി. 1261 മെയ് 25 -ന് കാലം ചെയ്ത അലക്‌സാണ്ടർ നാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വിത്തേർബോ സാൻ ലൊറെൻസോ കത്തീഡ്രലിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.