പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 18 – വി. പൊന്തിയൻ (175-235)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്‌തുവർഷം 175-ൽ റോമിലാണ് കൽപുർനിയൂസിന്റെ മകനായി പൊന്തിയൻ ജനിച്ചത്. 230 മുതൽ 235 വരെ അദ്ദേഹം മാർപാപ്പയുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചു. ഉർബൻ, കലിസ്റ്റസ് ഒന്നാമൻ മാർപാപ്പമാരുടെ കൂടെ ജോലി ചെയ്ത പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ മുൻഗാമികൾക്ക് നേരിടേണ്ടിവന്ന മതപീഡനത്തിന്റെയും പാഷണ്ഡതയുടെയും പ്രശ്നങ്ങൾ പൊന്തിയൻ മാർപാപ്പയ്ക്ക് ആദ്യകാലങ്ങളിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. രണ്ടായിരം വർഷത്തെ സഭാചരിത്രത്തിൽ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള മാർപാപ്പാമാരുടെ സ്ഥാനത്യാഗത്തിൽ ആദ്യമായി അങ്ങനെ ചെയ്ത മാർപാപ്പയാണ് പൊന്തിയൻ.

പൊന്തിയൻ മാർപാപ്പയുടെ ഭരണകാലയളവിലെ എടുത്തുപറയത്തക്ക ഒരു സംഭവം, വടക്കൻ ആഫ്രിക്കയിൽ നിന്നുമുള്ള പ്രശസ്ത ദൈവശാസ്ത്രജ്ഞൻ ഒരിജനെ സഭയിൽ നിന്നും പുറത്താക്കിയതാണ്. തന്റെ പിതാവിന്റെ രക്തസാക്ഷിത്വം ചെറുപ്പത്തിൽ നേരിൽ കണ്ട ഒരിജൻ തീക്ഷ്ണമതിയും ധിഷണാശാലിയുമായ വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു. പൗരോഹിത്യ സ്വീകരണത്തിനായി തന്റെ ബിഷപ്പായിരുന്ന അലക്സാൻഡ്രിയായിലെ ദമെത്രിയോസിനെ പല പ്രാവശ്യം സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. പിന്നീട് ചേസറിയായിലെ ബിഷപ്പായിരുന്ന തെയോക്റ്റിറ്റുസ് അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്തു. ഇതിനെ എതിർത്തുകൊണ്ട് ദമെത്രിയോസ് ഒരിജൻ സ്വയം വൃഷ്‌ണച്ഛേദം നടത്തിയതിനാലും പല ദൈവശാസ്ത്ര തെറ്റുകൾ പഠനങ്ങളിൽ ഉള്ളതിനാലും പൗരോഹിത്യത്തിന് അനർഹനെന്ന് റോമൻ സിനഡിൽ വാദിച്ചപ്പോൾ പൊന്തിയൻ മാർപാപ്പ അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കി.

ക്രിസ്ത്യാനികളോട് മൃദുസമീപനം സ്വീകരിച്ച സേവേറൂസ് അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അധികാരത്തിൽ വന്ന മാക്സിമീനൂസ് മതപീഢനം പുനരാരംഭിച്ചു. തത്ഫലമായി പൊന്തിയനെയും എതിർ-പോപ്പായിരുന്ന റോമിലെ ഹിപ്പോളിറ്റസിനെയും “മരണത്തിന്റെ ദ്വീപ്” എന്ന് അറിയപ്പെട്ടിരുന്ന സർദീനിയായിലേക്ക് നാടുകടത്തി. വാർദ്ധക്യത്തിലായിരുന്ന ഇവരെ സംബന്ധിച്ച് ഖനികളിലെ കഠിനജോലി മരണകല്പനയായിരുന്നു. സഭയിൽ നേതൃശൂന്യത ഉണ്ടാകാതിരിക്കാൻ തന്റെ ഔദ്യോഗികസ്ഥാനങ്ങളെല്ലാം 235 സെപ്റ്റംബർ 28-ന് പൊന്തിയൻ മാർപാപ്പ ഉപേക്ഷിച്ചു. രാജി വച്ച് ഒരു മാസത്തിനുള്ളിൽ സർദീനിയായിലെ ഖനിയിൽ ജോലിക്കിടയിൽ അടിയേറ്റ് പൊന്തിയൻ മാർപാപ്പ മരണമടഞ്ഞു. വി. പൊന്തിയന്റെയും മരിക്കുന്നതിനു മുൻപ് സഭയുമായി രമ്യപ്പെട്ട ഹിപ്പോളിറ്റസിന്റെയും മൃതശരീരം ഫാബിയൻ മാർപാപ്പ വീണ്ടെടുത്ത് റോമിലെ ആപ്പിയൻ വഴിയിലുള്ള കലിസ്റ്റസ് സെമിത്തേരിയിൽ പുതിയതായി നിർമ്മിച്ച കല്ലറയിൽ അടക്കം ചെയ്തു. ആഗസ്ത് 13-ന് സഭ വി. പൊന്തിയൻ മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.