പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 179 – സെലസ്റ്റിൻ IV (1180-1241)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1241 ഒക്ടോബർ 25 മുതൽ നവംബർ 10 വരെയുള്ള കാലയളവിലെ മാർപാപ്പ ആയിരുന്നു സെലസ്റ്റിൻ നാലാമൻ. കേവലം പതിനേഴു കലണ്ടർ ദിവസങ്ങൾ മാത്രമുണ്ടായിരുന്ന ചരിത്രത്തിലെ മൂന്നാമത്തെ ഹ്രസ്വമായ മാർപാപ്പ ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. മാത്രമല്ല സെലസ്റ്റിൻ നാലാമന്റെ തിരെഞ്ഞെടുപ്പ് കഴിഞ്ഞു സ്ഥാനാരോഹണത്തിനു മുൻപു തന്നെ അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. മാർപാപ്പമാരുടെ ചരിത്രത്തിൽ എന്തെങ്കിലും നിർണ്ണായക സംഭാവന നൽകാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. എ.ഡി. 1180 -ൽ മിലാനിൽ ജനിച്ച അദ്ദേഹത്തിന്റെ, മാർപാപ്പ ആകുന്നതിനു മുൻപുള്ള നാമം ഗൊഫ്രേദോ ദ കാസ്തിലിയോണെ എന്നായിരുന്നു. ഉർബൻ മൂന്നാമൻ മാർപാപ്പയുടെ സഹോദരിയുടെ മകനാണ് ഇദ്ദേഹമെന്ന് ചില ചരിത്രരേഖകളിൽ കാണുന്നു.

മിലാൻ രൂപതയുടെ ചാൻസലറായി ഗൊഫ്രേദോ കുറേ നാൾ ജോലി ചെയ്തു. ഗ്രിഗറി ഒൻപതാം മാർപാപ്പ അദ്ദേഹത്തെ എ.ഡി. 1227 സെപ്റ്റംബർ 18 -ന് സാൻ മാർക്കോ രൂപതയിലെ കർദ്ദിനാളായി ഉയർത്തി. തസ്‌ക്കണി, ലൊംബാർഡിയ പ്രദേശങ്ങൾ പേപ്പൽ സ്റ്റേറ്റിന്റെ ഭാഗമാക്കുന്നതിനായി മാർപാപ്പ ചില ദൗത്യവുമായി ഗൊഫ്രേദോയെ അയച്ചു. ഇറ്റലിയുടെ ഈ നഗരങ്ങൾ ഇക്കാലയളവിൽ ഫ്രഡറിക്ക് രണ്ടാമൻ ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് എ.ഡി. 1238 -ൽ സബീനായിലെ കർദ്ദിനാൾ ബിഷപ്പായി സെലസ്റ്റിൻ നിയമിക്കപ്പെട്ടു. ഫ്രഡറിക്ക് രണ്ടാമൻ ചക്രവർത്തിയുമായി വലിയ പ്രശ്നങ്ങൾ നിലനിന്ന കാലഘട്ടമായിരുന്നു ഇത്. ഒരു കൂട്ടം കർദ്ദിനാളന്മാർ ഗ്രിഗറി മാർപാപ്പയുടെ നയങ്ങൾ തുടരുന്ന ആൾ മാർപാപ്പ ആയി വരണമെന്ന് ആഗ്രഹിച്ചു. ഇവർക്ക് നേതൃത്വം നൽകിയത് കർദ്ദിനാൾ സിനിബാൾഡോ (പിന്നീട് ഇന്നസെന്റ് നാലാമൻ) ആണ്. ഈ നയം പ്രത്യേകമായും ഫ്രഡറിക്ക് രണ്ടാമൻ ചക്രവർത്തിയെ എല്ലാത്തരത്തിലും എതിർക്കുക എന്നതായിരുന്നു. മറ്റൊരു കൂട്ടർ ചക്രവർത്തിയുമായി സന്ധി ചെയ്യാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും കഴിയുന്ന ഒരാളായിരിക്കണം ഈ സ്ഥാനത്തേക്കു വരേണ്ടത് എന്ന് വാദിച്ചു.

ചക്രവർത്തിയുടെ അനുഭാവിയും റോമൻ സെനറ്ററുമായിരുന്ന മത്തെയോ ഒർസിനി എന്നയാൾ കർദ്ദിനാളന്മാരെ രണ്ടു മാസത്തോളം ജീർണ്ണിച്ച ഒരു കെട്ടിടത്തിൽ പൂട്ടിയിട്ട് ബലാൽക്കാരമായി നടത്തിയ ഒരു തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ സെലസ്റ്റിൻ നാലാമൻ മാർപാപ്പ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ മത്തെയോ ഒസീനിയെ സഭയിൽ നിന്നും പുറത്താക്കി. ബാഹ്യമായ സമ്മര്‍ദ്ദങ്ങളുടെ അനന്തരഫലമായി തിരഞ്ഞെടുപ്പ് കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുള്ളിൽ സെലസ്റ്റിൻ നാലാമൻ രോഗബാധിതനായി. അധികം താമസിയാതെ എ.ഡി. 1241 നവംബർ 10 -ന് അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. സെലസ്റ്റിൻ നാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.