പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 178 – ഗ്രിഗറി IX (1145-1241)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1227 മാർച്ച് 19 മുതൽ 1241 ആഗസ്റ്റ് 22 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഗ്രിഗറി ഒൻപതാമൻ. എ.ഡി. 1145 -ൽ മധ്യ ഇറ്റലിയിലെ അനാഞ്ഞി പ്രദേശത്താണ് ഉഗോളിയോ ഡി കോന്തി ജനിച്ചത്. അന്നത്തെ അറിയപ്പെടുന്ന സർവ്വകലാശാലകളായ പാരീസിലും ബൊളോഞ്ഞയിലും ഉന്നത വിദ്യാഭ്യസം ലഭിച്ച ഉഗോളിയോ, വി. എവ്സ്ത്താക്കിയോ ദേവാലയത്തിൽ കർദ്ദിനാൾ ഡീക്കനായി നിയമിക്കപ്പെട്ടു. എ.ഡി. 1206 -ൽ ഓസ്തിയ-വല്ലേത്രിയിലെ കർദ്ദിനാൾ ബിഷപ്പായി അദ്ദേഹം ഉയർത്തപ്പെട്ടു. വി. ഫ്രാൻസിസ് അസ്സീസിയുടെ അഭ്യർത്ഥന മാനിച്ച് ഹൊണോറിയോസ് മൂന്നാമൻ മാർപാപ്പ കർദ്ദിനാൾ ഉഗോളിയോയെ അവരുടെ ആത്മീയ മേൽനോട്ടക്കാരനായി നിയമിച്ചു.

ഹൊണോറിയോസ് മൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി എ.ഡി. 1227 -ൽ ഗ്രിഗറി മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടു. വി. ഫ്രാൻസിസ് അസ്സീസി, പാദുവായിലെ വി. ആന്റണി, വി. ഡൊമനിക് എന്നിവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് ഗ്രിഗറി മാർപാപ്പയാണ്. ഇവരിൽ പലരുമായും അദ്ദേഹത്തിന് വ്യക്തിപരമായ അടുപ്പവുമുണ്ടായിരുന്നു. “ലേബർ എക്സ്ട്ര” എന്ന പേരിൽ ഗ്രിഗറി മാർപാപ്പ പ്രസിദ്ധീകരിച്ച സഭാനിയമങ്ങളാണ് 1917 -ലെ കാനൻ നിയമസംഹിത വരുന്നതു വരെയുള്ള സഭാനിയമത്തെക്കുറിച്ചുള്ള അടിസ്ഥാനഗ്രന്ഥം. കുരിശുയുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം നൽകിക്കൊണ്ട് എ.ഡി. 1223 -ൽ മാർപാപ്പ കല്പന പുറപ്പെടുവിച്ചു. ഈ വർഷം തന്നെ പിന്നീട് വലിയ കുപ്രസിദ്ധി സമ്പാദിച്ച പാഷണ്ഡതക്കെതിരെയുള്ള മതദ്രോഹ വിചാരണയും (Papal Inquisition) അദ്ദേഹം ആരംഭിച്ചു. യഥാർത്ഥത്തിൽ അന്ന് പ്രാദേശികമായി നിലവിലുണ്ടായിരുന്ന വിചാരണകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടി മാർപാപ്പ ചെയ്ത ഒരു പ്രവൃത്തിയായിരുന്നു ഇത്. ഒന്നാം കുരിശുയുദ്ധത്തിനു ശേഷം വിജയം കണ്ട കുരിശുയുദ്ധമായിരുന്നു 1239 -ൽ ഗ്രിഗറി മാർപാപ്പ ആഹ്വാനം ചെയ്തത്.

ദാരിദ്ര അരൂപി പുൽകിയ സന്യാസ സമൂഹങ്ങളെ മാർപാപ്പ പ്രോത്സാഹിപ്പിക്കുകയും അക്കാലത്തെ ആഡംബര ജീവിതശൈലിക്ക് ഒരു പ്രതിവിധിയായി ഈ ജീവിതശൈലിയെ ഉയർത്തിക്കാട്ടുകയും ചെയ്തു. കൂടാതെ, വിവിധ സന്യാസ സമൂഹങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കുരിശുയുദ്ധത്തിന് വിമുഖത കാണിച്ച ഫ്രെഡറിക്ക് രണ്ടാമൻ ചക്രവർത്തിയും മാർപാപ്പയും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും പ്രശ്നകലുഷിതമായിരുന്നു. മാർപാപ്പ വിളിച്ച സിനഡിൽ സംബന്ധിക്കാനായി പുറപ്പെട്ട ബിഷപ്പുമാരെ ചക്രവർത്തി തടവിലാക്കിയത് അവർ തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ സൃഷ്ടിച്ചു. എന്നാൽ എ.ഡി. 1241 ആഗസ്റ്റ് 22 -ന് ഗ്രിഗറി മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.