പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 176 – ഇന്നസെന്റ് III (1160-1216)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1198 ജനുവരി 8 മുതൽ 1216 ജൂലൈ 16 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഇന്നസെന്റ് മൂന്നാമൻ. ഇറ്റലിയിലെ അനാഞ്ഞിക്കടുത്തുള്ള ഗവിജ്ഞാനോയിലാണ് എ.ഡി. 1160 -ൽ ലൊത്താരിയോ ദേ കോന്തി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ത്രാസിമോന്തോ അക്കാലത്തെ പുകൾപെറ്റ സേഞ്ഞി കുടുംബത്തിലെ പ്രഭു ആയിരുന്നു. ഈ കുടുംബത്തിൽ നിന്നും ഒൻപത് മാർപാപ്പമാർ ഉണ്ടായിട്ടുണ്ട് എന്ന് ചരിത്രഗ്രന്ഥങ്ങൾ സാക്ഷിക്കുന്നു. റോമിലെ ചേലിയോ കുന്നിലുള്ള വി. അന്ത്രയോസ് ബെനഡിക്റ്റിൻ ആശ്രമ സ്‌കൂളിലാണ് ലൊത്താരിയോ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരിസിലെ പ്രസിദ്ധരായ ദൈവശാസ്ത്രന്മാർ നേതൃത്വം നല്കിയ പാഠശാലകളിൽ നിന്നും ദൈവശാസ്ത്രവും ബൊളോഞ്ഞയിലെ നിയമവിദ്യാലയത്തിൽ നിന്നും സഭാനിയമത്തിൽ ഉപരിവിദ്യാഭ്യാസം നടത്തുകയും ചെയ്തു.

അലക്‌സാണ്ടർ മാർപാപ്പ കാലം ചെയ്ത കാലഘട്ടത്തിൽ റോമിലെത്തിയ ലൊത്താരിയോ പിന്നീട് റോമൻ കൂരിയായിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു. ക്ലമന്റ് മൂന്നാമൻ മാർപാപ്പ ലൊത്താരിയോയോയെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചതോടെ മറ്റുള്ളവർ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങി. ലൊത്താരിയോ കർദ്ദിനാളായിരുന്നപ്പോൾ രചിച്ച “മനുഷ്യന്റെ സന്താപത്തിന്റെ അവസ്ഥ” (De miseria humanae conditionis) എന്ന കൃതി അക്കാലത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനഗ്രന്ഥമായി ഉപയോഗിച്ചിരുന്നു. അദ്ദേഹം തുടക്കം കുറിച്ച, എഴുതണമെന്ന് ആഗ്രഹിച്ച പല കൃതികളും പിന്നീട് മാർപാപ്പ ആയതിനു ശേഷമുള്ള ജോലിത്തിരക്ക് മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സെലസ്റ്റിൻ മൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ മുപ്പത്ഴ്തിയേഴു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ലൊത്താരിയോ ദേ കോന്തി ഐകകണ്ഠേന അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അധികാരമേറ്റയുടൻ തന്നെ റോമൻ കൂരിയായിൽ ചക്രവർത്തിയോട് വിധേയത്വം പുലർത്തിയിരുന്ന എല്ലാവരെയും പുറത്താക്കി പുതിയ ജോലിക്കാരെ നിയമിക്കുന്നു. ഇത് തിരുസിംഹാസനത്തിന്റെ ഭരണസംവിധാനത്തെ മുഴുവനായി നവീകരിക്കുന്നതിന് മാർപാപ്പയെ സഹായിക്കുന്നു. മധ്യകാല യുഗത്തിൽ പേപ്പസി എല്ലാ തരത്തിലും ഉന്നതിയിലെത്തിയ ഒരു ഭരണമായിരുന്നു ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടേത്. ആത്മീയ അധികാരം സഭാതലവനെന്ന നിലയിൽ മാർപാപ്പക്കും ഭൗതീക അധികാരം രാജാക്കന്മാർക്കും മറ്റു ഭരണാധികാരികൾക്കുമാണെന്ന് വിശ്വസിച്ചു ഭരിച്ച ഇന്നസെന്റ് മാർപാപ്പ യൂറോപ്പിലെ ഏറ്റം ശക്തനായ നേതാവായി മാറി.

തങ്ങളുടെ അധികാരം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വിസ്തൃതി കൂട്ടുന്നതിനുമായി അടുത്ത കുടുംബക്കാരെ സഭാനിയമത്തിനെതിരായി വിവാഹം കഴിക്കുന്ന രാജകുടുംബങ്ങളെ മാർപാപ്പ സഭയിൽ നിന്നും പുറത്താക്കി. ബിഷപ്പുമാരുടെ നിയമനത്തിൽ രാജാക്കന്മാർ ഒരു തരത്തിലും ഇടപെടരുതെന്ന് മാർപാപ്പ കല്പിച്ചു. അങ്ങനെ സംഭവിച്ച നിയമനങ്ങൾ എല്ലാം റദ്ദാക്കി. ഹെന്റി ആറാമൻ ചക്രവർത്തി കാലം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ മൂന്നു വയസ് പ്രായമുള്ള മകൻ അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ അവൻ പ്രായപൂർത്തിയാകുന്നതു വരെ അമ്മ കോൺസ്റ്റാൻസാണ് ഭരണകാര്യങ്ങൾ നിയന്ത്രിച്ചത്. എ.ഡി. 1198 -ൽ അവർ മരിക്കുന്നതിനു മുൻപ് തന്റെ മകൻ അധികാരമേൽക്കുന്നതു വരെ അവന്റെ സംരക്ഷണ ചുമതല ഇന്നസെന്റ് മാർപാപ്പയ്ക്ക് ആണെന്ന് പ്രഖ്യാപിച്ചു.

ഇക്കാലയളവിൽ സത്യവിശ്വാസത്തിന്റെ സംരക്ഷകനായി ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ മാറുന്നു. ഇറ്റലിയിലും ഫ്രാൻസിലും വ്യാപിച്ചു കൊണ്ടിരുന്ന ആൽബജൻസിയൻ പാഷണ്ഡതയെ മാർപാപ്പ സത്യവിശ്വസത്തിന്റെ ശക്തിയാൽ നേരിട്ടു. അവരുടെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനതത്വം “ദ്വന്ദ്വഭാവം” (dualism) എന്നൊരു ചിന്ത ആയിരുന്നു. നന്മയും തിന്മയും തുല്യശക്തിയോടെ ഈ ലോകത്തിൽ പ്രവർത്തിക്കുന്നു എന്നതായിരുന്നു ഈ ചിന്ത. റൈനർ, ഗ്വീദോ എന്നീ രണ്ടു സിസ്റ്റേർഷ്യൻ സന്യാസ വൈദികരെ ഫ്രാൻസിലുടനീളം ഇതിനെതിരെ പ്രസംഗിക്കാനായി മാർപാപ്പ നിയോഗിച്ചു. പിന്നീട് ഓസ്മയിലെ ബിഷപ്പായിരുന്ന ദിയെഗോയും ഡൊമിനിക്കൻ സന്യാസ സഭാസ്ഥാപകനായ വി. ഡൊമിനിക്കും ഈ ദൗത്യം ഏറ്റെടുക്കുന്നു. എന്നാൽ ആൽബജൻസിയൻസ് ഇവരെ പരിഹസിക്കുകയും മാർപാപ്പയുടെ പ്രതിനിധിയായ കസ്തേൽനാവുവിനെ കൊന്നു കളയുകയും ചെയ്തു. ഈ സംഭവം ഒരു യുദ്ധമായി പരിണമിക്കുകയും മോൻഫോർട്ടിലെ സൈമന്റെ നേതൃത്വത്തിൽ ഇരുപതിനായിരത്തോളം ആൽബജൻസിയൻസ് തദനന്തരം കൊല്ലപ്പെടുകയും ചെയ്തു.

ഇന്നസെന്റ് മാർപാപ്പ തന്റെ പ്രഥമ ദൗത്യമായി കരുതി തയ്യാറെടുപ്പുകൾ നടത്തിയതും ഭരണത്തിന്റ നല്ലൊരു പങ്കു സമയവും ചിലവഴിച്ചതും വിശുദ്ധ നാട് മുസ്ലിം ആധിപത്യത്തിൽ നിന്നും വിമോചിപ്പിക്കുന്നതിനു വേണ്ടിയാണ്. യൂറോപ്പിലെ മിക്ക ക്രിസ്തീയ ഭരണാധികാരികളും ഇതിനോട് അനുഭാവപൂർണ്ണമായ നയമാണ് സ്വീകരിച്ചത്. മാർപാപ്പ നേതൃത്വം നൽകിയ നാലാം കുരിശുയുദ്ധം വലിയ ചിലവേറിയതായിരുന്നു. അതിനാൽ പുരോഹിതന്മാരും തങ്ങളുടെ വരുമാനത്തിന്റെ നാലിലൊന്ന് ഇതിനായി നൽകണമെന്ന് മാർപാപ്പ കല്പിച്ചു. തന്റെ ഒരു പ്രതിനിധിയെ കുരിശുയുദ്ധത്തിനായി അയക്കുകയും ഇവർ കടന്നുപോകുന്ന വഴികളിലെ ക്രിസ്തീയവിശ്വാസികളെ അക്രമിക്കുന്നതിൽ നിന്ന് കുരിശുയുദ്ധക്കാരെ മാർപാപ്പ വിലക്കുകയും ചെയ്തു. എന്നാൽ ഇവരിൽ ചില കുരിശുയുദ്ധക്കാർ ക്രിസ്തീയകേന്ദ്രങ്ങൾ പണത്തിനായി ആക്രമിക്കുകയും അവരുടെ നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ ഇവരെ സഭയിൽ നിന്നും പുറത്താക്കി. ഇവരുടെ ആക്രമണത്തിൽ ഏറ്റം കുപ്രസിദ്ധമായത് ക്രിസ്തീയനഗരമായ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ച് യൂറോപ്പിന്റെ അധീനതയിലാക്കിയതാണ്. ഇക്കാര്യങ്ങൾ ഒന്നും തന്നെ മാർപാപ്പയുടെ അറിവോ, അനുവാദമോ കൂടാതെ ആയിരുന്നു. ഇതിനെതിരായി മാർപാപ്പ കത്തുകൾ എഴുതുകയും അവഗണിച്ചപ്പോൾ കുരിശുയുദ്ധക്കാരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടെ കാലത്തെ പ്രസിദ്ധമായ സംഭവമായിരുന്നു എ.ഡി. 1209 -ൽ വി. ഫ്രാൻസിസ് അസ്സീസിയും ശിഷ്യന്മാരും തങ്ങളുടെ സന്യാസ സമൂഹത്തിന് അംഗീകാരം ലഭിക്കുന്നതിനായി മാർപാപ്പയെ സന്ദർശിച്ചത്. മാർപാപ്പ ഇവരെ കാണുന്നതിന് അനുവാദം നൽകിയതിനു പിന്നിൽ രസകരമായ ഒരു സംഭവം ഉണ്ട്. ഇന്നസെന്റ് മാർപാപ്പക്ക് ഈ പുതിയ സന്യാസ സമൂഹത്തിന് അംഗീകാരം നൽകുന്നതിനായി ചില ആശങ്കകൾ ഉണ്ടായിരുന്നു. ഫ്രാൻസിസ് അസ്സീസിയെ കാണുന്നതിന്റെ തലേ രാത്രിയിൽ സ്വപ്നത്തിൽ വി. ജോൺ ലാറ്ററൻ ദേവാലയം താഴെ വീഴാൻ പോകുന്നതായും എന്നാൽ അത് നിലംപതിക്കാതെ വി. ഫ്രാൻസിസ് താങ്ങിനിർത്തുന്നതായും കണ്ടു. ഇതേ തുടർന്ന് മാർപാപ്പ വി. ഫ്രാൻസിസിനെ കാണുകയും സന്യാസ സമൂഹത്തിന് അംഗീകാരം നൽകുകയും ചെയ്തു. ഇത് സംഭവിക്കുന്നത് 1210 ഏപ്രിൽ 16 -നാണ്. ഫ്രാൻസിസ്കൻ സന്യാസ സമൂഹം കൂടാതെ “ഹോസ്‌പിറ്റലേഴ്‌സ് ഓഫ് ദി ഹോളി ഗോസ്റ്റ്റ്”, “ഹുമിലിയാത്തി” എന്നീ സന്യാസ സമൂഹങ്ങൾക്കും ഇക്കാലയളവിൽ മാർപാപ്പ അംഗീകാരം നൽകി.

എ.ഡി. 1215 നവംബർ 15 -ന് പ്രസിദ്ധമായ നാലാം ലാറ്ററൻ കൗൺസിൽ ഇന്നസെന്റ് മൂന്നാമൻ മാർപാപ്പ വിളിച്ചുകൂട്ടി. മധ്യകാല യുഗത്തിലെ ഏറ്റം പ്രധാനമായ ഈ കൗൺസിലിൽ വച്ച് ഏതാണ്ട് എഴുപതോളം നിയമങ്ങൾ സഭയിൽ നടപ്പിൽ വരുത്തി. ഈ സിനഡിൽ വച്ചാണ് ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനായി സഭകൾ സ്‌കൂളുകൾ തുടങ്ങണമെന്ന നിർദ്ദേശം വരുന്നത്. അതുപോലെ പുരോഹിതർ ഉന്നത ആത്മീയനിലവാരം പുലർത്തുന്നതിനായി ധാരാളം നിർദ്ദേശങ്ങൾ വയ്ക്കുകയും നിയമങ്ങൾ നിർമ്മിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയെക്കുറിച്ചും വാർഷിക കുമ്പസാരം സംബന്ധിച്ചും ബിഷപ്പുമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ഈ സിനഡിൽ നിയമങ്ങൾ നടപ്പിലാക്കി. എ.ഡി. 1217 -ൽ ആരംഭിക്കാനിരിക്കുന്ന അഞ്ചാം കുരിശുയുദ്ധത്തെക്കുറിച്ചും ഈ കൗൺസിൽ ചർച്ച ചെയ്യുകയുണ്ടായി.

എ.ഡി. 1216 -ൽ പിസാ നഗരത്തിൽ വച്ച് ഇന്നസെന്റ് മൂന്നാമൻ മർപാപ്പ പെട്ടെന്ന് മരണമടയുന്നു. പെറൂജിയായിലെ കത്തീഡ്രൽ ദേവാലയത്തിൽ അടക്കം ചെയ്ത അദ്ദേഹത്തിന്റെ ഭൗതീകശരീരം എ.ഡി. 1889 -ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ ലാറ്ററൻ ദേവാലയത്തിലേക്കു മാറ്റുന്നു. ഗ്രിഗറി ഒൻപതാമൻ മാർപാപ്പയോടൊത്ത് ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയും അമേരിക്കൻ നിയമവ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ച 23 ചരിത്രപുരുഷമാരുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇക്കാരണത്താൽ ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടെ ചിത്രം അമേരിക്കൻ പ്രധിനിതിസഭയുടെ ഗാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.