പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 173 – ഗ്രിഗറി VIII (1105-1187)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1187 ഒക്ടോബർ 21 മുതൽ 1187 ഡിസംബർ 17 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഗ്രിഗറി എട്ടാമൻ. എ.ഡി. 1105 -ൽ ഇറ്റലിയിലെ ബെനവെന്തോ നഗരത്തിൽ സർത്തോറിയൂസ് ദി മോറ എന്ന പ്രഭുവിന്റെ മകനായിട്ടാണ് ആൽബെർത്തോയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സിസ്റ്റേഷ്യൻ സന്യാസാശ്രമത്തിൽ ചേർന്ന് ഒരു സന്യാസി ആയി ജീവിക്കുന്നു. എന്നാൽ പിന്നീട് അക്കാലത്തെ പുതിയ സമൂഹമായ നോർബെർട്ടൈൻ സന്യാസികളുടെ കൂടെ ചേരുന്നു. ഫ്രാൻസിലെ ലയോണിലുള്ള സാൻ മാർട്ടിൻ ആശ്രമത്തിൽ കാനൻ ആയും ഇറ്റലിയിലെ ബൊളോഞ്ഞയിൽ കാനൻ നിയമ പ്രൊഫസർ ആയും ആൽബെർത്തോ കുറേക്കാലം സേവനമനുഷ്ഠിച്ചു.

എ.ഡി. 1158 -ൽ ലൂച്ചിനായിലുള്ള സാൻ ലോറെൻസോ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായി അദ്ദേഹം ജോലി ചെയ്തു. അലക്‌സാണ്ടർ മാർപാപ്പ ആൽബെർത്തോയെ കാന്റർബറി ആർച്ചുബിഷപ്പായിരുന്ന തോമസ് ബക്കറ്റിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനായി ഇംഗ്ലണ്ടിലേക്ക് അയക്കുന്നു. ഉർബൻ രണ്ടാമൻ കാലം ചെയ്തപ്പോൾ അൽബാനോ രൂപതയുടെ ബിഷപ്പായിരുന്ന എൻറിക്കോയെ അടുത്ത മാർപാപ്പയായി കർദ്ദിനാളന്മാർ തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം ആ പദവി നിരസിക്കുകയും കർദ്ദിനാൾ ആൽബർട്ടോയെ തൽസ്ഥാനത്തേക്കു നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ 1187 ഒക്ടോബർ 25 -ന് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റു. തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി ചക്രവർത്തിയുമായി സമാധാനത്തിൽ പോകാനാണ് ഗ്രിഗറി മാർപാപ്പ ആഗ്രഹിച്ചത്. ഈ ലക്ഷ്യത്തോടെ ഫ്രഡറിക്ക് ചക്രവർത്തിക്കും മകൻ ഹെൻറിക്കും മാർപാപ്പ കത്തുകൾ അയക്കുകയും അതിനോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് ചക്രവർത്തി മാർപാപ്പക്കും റോമൻ കൂരിയാക്കും ഏർപ്പെടുത്തിയിരുന്ന എല്ലാ വിലക്കുകളും നീക്കം ചെയ്യുകയും ചെയ്തു.

വൈദികരുടെ ആത്മീയോന്നതി ലക്ഷ്യം വച്ച് ഒരു തരത്തിലുള്ള ആയുധവും അവർ ഉപയോഗിക്കാൻ പാടില്ല എന്നും ആഡംബര വസ്ത്രങ്ങളൊന്നും ധരിക്കരുതെന്നും അദ്ദേഹം കല്പന പുറപ്പെടുവിച്ചു. വിശുദ്ധ നാട്ടിൽ തുടരുന്ന മുസ്ലിം ആധിപത്യം അവസാനിപ്പിക്കാൻ കുരിശുയുദ്ധ ആഹ്വാനവുമായി ജർമ്മനി, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവിടങ്ങളിലേക്ക് സന്ദേശവാഹകരെ അയച്ചു. ക്രിസ്തീയ വിശ്വാസികളുടെ ധാർമ്മിക അധഃപതനമാണ് ഈ അവസ്ഥക്ക് കാരണമെന്നു വിശ്വസിച്ച മാർപാപ്പ, അനുതാപത്തിന്റെ വസ്ത്രം ധരിച്ചു മാത്രമേ യുദ്ധത്തിൽ പങ്കെടുക്കാവൂ എന്ന് കല്പിച്ചു. തുടർന്ന് “ഔദിത്ത ത്രമെന്തി” എന്ന ബൂളാ വഴി മൂന്നാം കുരിശുയുദ്ധത്തിനുള്ള ആഹ്വാനം നല്കി. മാർപാപ്പയായി 57 ദിവസങ്ങൾക്കു ശേഷം എ.ഡി. 1187 ഡിസംബർ 17 -ന് പീസാ നഗരത്തിൽ വച്ച് അദ്ദേഹം കാലം ചെയ്തു അവിടുത്തെ കത്തീഡ്രൽ ദേവാലയത്തിൽ അടക്കപ്പെട്ടു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.