പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 172 – ഉർബൻ III (1120-1187)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1185 നവംബർ 25 മുതൽ 1187 ഒക്ടോബർ 20 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഉർബൻ മൂന്നാമൻ. ഇറ്റലിയിലെ മിലാൻ നഗരത്തിനടുത്തുള്ള കുജ്ജിയോനോ എന്ന ചെറുപട്ടണത്തിലാണ് ഉംബെർത്തോ ക്രിവെല്ലി എ.ഡി. 1120 -ൽ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഗൗള ക്രിവെല്ലി എന്നായിരുന്നു. ചെറുപ്രായത്തിൽ തന്നെ ഗൗള തന്റെ മകൻ ഉംബെർത്തോയെ ബൊളോഞ്ഞാ നഗരത്തിൽ വിദ്യാഭ്യാസത്തിനായി അയച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവിടെത്തന്നെ ഉംബെർത്തോ വൈദിക പരിശീലനവും നടത്തുന്നു. ഇക്കാലത്ത് തന്റെ ഭരണപ്രാഗത്ഭ്യം തെളിയിക്കുന്നതിന് നിരവധി അവസരങ്ങൾ ഉംബെർത്തോയെ തേടിയെത്തി.

എ.ഡി. 1182 -ൽ ഉംബെർത്തോയെ കർദ്ദിനാളായി ലൂസിയുസ് മാർപാപ്പ ഉയർത്തി. ലൂചീന എന്ന സ്ഥലത്തെ സാൻ ലോറെൻസോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ ബസിലിക്ക പുരാതനകാലം മുതൽ തന്നെ ക്രിസ്തീയ വിശ്വാസികളുടെ പ്രിയപ്പെട്ട ദേവാലയങ്ങളിൽ ഒന്നായിരുന്നു. റോമിലെ ഡീക്കനും രക്തസാക്ഷിയുമായ ലോറൻസിന്റെ നാമത്തിൽ പണിതിരിക്കുന്ന ഈ ബസിലിക്കായോട് ചേർന്ന് അടക്കപ്പെടണമെന്ന് പല ക്രിസ്തീയ വിശ്വാസികളും ആഗ്രഹിച്ചിരുന്നു. പിന്നീട് വലിയ അംഗീകാരവും അധികാരവുമുള്ള മിലാൻ രൂപതയുടെ ആർച്ചുബിഷപ്പായി ലൂസിയൂസ് മാർപാപ്പ ഉംബെർത്തോയെ നിയമിച്ചു. തന്റെ ജന്മദേശമെന്ന നിലയിൽ അവിടുത്തെ അജപാലന കാര്യങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. വെറോണായിൽ വച്ച് ലൂസിയൂസ് മൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ജർമ്മൻ ചക്രവർത്തിയുടെ ഇടപെടൽ ഭയന്ന് അന്നു തന്നെ കർദ്ദിനാളന്മാർ ഉംബെർത്തോയെ പിൻഗാമിയായി തിരഞ്ഞെടുക്കുന്നു.

തന്റെ മുൻഗാമികളുടെ കാലത്ത് ചക്രവർത്തി ഫ്രഡറിക്ക് ഒന്നാമനുമായി നിലനിന്ന പ്രശ്നങ്ങൾ ഉർബൻ മൂന്നാമന്റെ കാലത്ത് വഷളാകുന്നു. എ.ഡി. 1162 -ൽ ചക്രവർത്തി മിലാൻ നഗരം ആക്രമിച്ച സമയത്ത് മാർപാപ്പയുടെ അനേകം ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഫ്രഡറിക്കിന്റെ മകൻ ഹെൻറിയെ അടുത്ത ചക്രവർത്തിയായി വാഴിക്കുന്നതിന് മാർപാപ്പ വിസമ്മതിച്ചത് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമായി. ചക്രവർത്തി മാർപാപ്പയെ തന്റെ വരുതിയിൽ നിർത്താനായി മകനെ തന്നെ ഒരു സൈന്യവുമായി വെറോണയിലേക്ക് അയക്കുന്നു. ഉർബൻ മൂന്നാമനെയും സഭയുടെ ഭരണസംവിധാനത്തെയും വീട്ടുതടങ്കലിൽ ആക്കിക്കൊണ്ട് ഫ്രഡറിക്ക് വിലപേശൽ നടത്തി. തുടർന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി മാർപാപ്പ ഫെറാറ എന്ന നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ രോഗബാധിതനാവുകയും എ.ഡി. 1187 ഒക്ടോബർ 20 -ന് കാലം ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് ഫെറാറയിലെ കത്തീഡ്രൽ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.