പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 171 – ലൂസിയൂസ് III (1100-1185)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1181 സെപ്റ്റംബർ 1 മുതൽ 1185 നവംബർ 25 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ലൂസിയൂസ്. എ.ഡി. 1100 -ൽ ഇറ്റലിയിലെ ലൂക്ക നഗരത്തിൽ ഒർലാണ്ടോ അല്ലുചിങ്കോളി എന്ന പ്രഭുവിന്റെ മകനായി ഉബാൾഡോ ജനിച്ചു. സിസ്റ്റേഴ്സ്യൻ സന്യാസികളോടുള്ള അടുപ്പം അദ്ദേഹത്തെ പൗരോഹിത്യത്തിലേക്കു നയിച്ചു. ഇന്നസെന്റ് രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ സാൻ അഡ്രിയാനോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിക്കുന്നു. കുറച്ചു കാലങ്ങൾക്കു ശേഷം സാന്ത പ്രസ്സേദ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി ഉബാൾഡോ സേവനമനുഷ്ഠിച്ചു. മാർപാപ്പയുടെ ഫ്രാൻ‌സിലെ പ്രതിനിധിയായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഉബാൾഡോയെ അഡ്രിയാൻ മാർപാപ്പ റോമിലേക്ക് തിരികെ കൊണ്ടുവരുന്നു. അദ്ദേഹം തന്നെ ഉബാൾഡോയെ ഓസ്തിയ-വെല്ലേത്രി രൂപതകളുടെ കദ്ദിനാൾ ബിഷപ്പായി നിയമിക്കുന്നു.

അലക്‌സാണ്ടർ മൂന്നാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീനായും ഉബാൾഡോ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ഭരണപ്രാഗത്ഭ്യം കർദ്ദിനാളന്മാരുടെ പ്രശംസ പിടിച്ചുപറ്റുകയും അത് മാർപാപ്പസ്ഥാനത്തേക്കുള്ള വഴിയായി പരിണമിക്കുകയും ചെയ്തു. അലക്‌സാണ്ടർ മൂന്നാമൻ കാലം ചെയ്യുമ്പോൾ ഉബാൾഡോയെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. എന്നാൽ റോമിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണം ലൂസിയൂസ് മൂന്നാമന്റെ സ്ഥാനാരോഹണം നടക്കുന്നത് എ.ഡി. 1181 -ൽ അദ്ദേഹം സേവനം ചെയ്തിരുന്ന വല്ലേത്രിയിൽ വച്ചാണ്. ലൂസിയൂസ് മാർപാപ്പ തന്റെ ഭരണത്തിന്റെ നല്ലൊരു കാലയളവ് റോമിനു പുറത്തായിരുന്നു ചിലവഴിച്ചത്. ഇക്കാലയളവിൽ ഇറ്റലിയിലെ ലാസിയോ പ്രദേശത്തെ സേഞ്ഞി രൂപതയിലെ ബിഷപ്പും മോണ്ടെ കാസിനോയിലെ ആശ്രമാധിപനുമായിരുന്ന ബ്രൂണോയെ ലൂസിയൂസ് മൂന്നാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

എ.ഡി. 1184 -ൽ ലൂസിയോസ്‌ മാർപാപ്പ ഇറ്റലിയിലെ വെറോണയിൽ വച്ച് ഒരു സിനഡ് വിളിച്ചുകൂട്ടുകയും അന്ന് നിലവിലിരുന്ന ജ്ഞാനവാദം ഉൾപ്പെടെയുള്ള പാഷണ്ഡതകളെ തള്ളിപ്പറയുകയും ചെയ്തു. മൂന്നാം കുരിശുയുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നത് ലാസിയൂസ് മാർപാപ്പയുടെ ഭരണകാലയളവിലാണ്. ജറുസലേമിലെ രാജാവായിരുന്ന ബാൾഡ്വിൻ നാലാമന്റെ അഭ്യർത്ഥന മാനിച്ച് യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ നാടിനെ മുസ്ലിം ആധിപത്യത്തിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു യുദ്ധമായിരുന്നു ഇത്. എന്നാൽ യുദ്ധം തുടങ്ങുന്നതിന് വളരെ നാളുകൾക്കു മുൻപേ എ.ഡി. 1185 നവംബർ 25 -ന് ലൂസിയൂസ് മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് ഇറ്റലിയിലെ വെറോണയിലുള്ള കത്തീഡ്രൽ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.