പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 170 – അലക്‌സാണ്ടർ III (1100-1181)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1159 സെപ്റ്റംബർ 7 മുതൽ 1181 വരെയുള്ള നീണ്ട വർഷങ്ങൾ സഭക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് അലക്‌സാണ്ടർ മൂന്നാമൻ. ഇറ്റലിയിലെ സിയന്നായിൽ എ.ഡി. 1100 -ൽ ബാൻഡിനെല്ലി കുടുംബത്തിലാണ് റൊണാൾഡോ ജനിച്ചത്. ബൊളോഞ്ഞ പട്ടണത്തിൽ ടോറിഞ്ഞിയിലെ റോബർട്ടിന്റെ ശിക്ഷണത്തിൽ ദൈവശാസ്ത്ര വിദ്യാഭ്യാസം നേടിയ റൊണാൾഡോ പിന്നീട് റോമിലേക്ക് പൗരോഹിത്യ ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടു. യൂജിൻ മൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ സാന്റി കോസ്മ-ദാമിയാനോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായും പിന്നീട് മർക്കോസിന്റെ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായും നിയമിക്കുന്നു. എ.ഡി. 1153 -ൽ അദ്ദേഹം തിരുസിംഹാസനത്തിന്റെ ചാൻസിലർ ആയി നിയമിക്കപ്പെട്ടു. ഈ സമയത്താണ് സിസിലിയും റോമും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അദ്ദേഹം വിജയകരമായ ഇടപെടലുകൾ നടത്തുന്നത്.

പലവിധ കാരണങ്ങളാൽ അലക്‌സാണ്ടർ മൂന്നാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ വിക്ടർ നാലാമൻ, പാസ്കൽ മൂന്നാമൻ, കലിസ്റ്റസ് മൂന്നാമൻ, ഇന്നസെന്റ് മൂന്നാമൻ എന്നിവർ ആന്റിപോപ്പുമാരായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരിൽ ചിലർക്കൊക്കെ ഇറ്റലിയിലെയും ജർമ്മനിയിലെയും രാജാക്കന്മാരുടെ പിന്തുണ ഉണ്ടായിരുന്നത് അലക്‌സാണ്ടർ മാർപാപ്പക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇക്കാരണത്താൽ തന്റെ ഭരണത്തിന്റ അധിക സമയവും അലക്‌സാണ്ടർ മാർപാപ്പ റോമിനു പുറത്താണ് താമസിച്ചത്. ബാൾട്ടിക്ക് പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണത്തിന് വളരെയധികം ശ്രദ്ധ ചെലുത്തിയ മാർപാപ്പയായിരുന്നു ഇദ്ദേഹം. അതിനാൽ സ്വീഡനിലും ഫിൻലന്റിലും എസ്തോണിയായിലും ഇക്കാലത്ത് സഭ വളരുന്നതിന് ഇടയായി.

മധ്യകാല യുഗത്തിൽ യൂറോപ്പിലെ സഭയെ കാര്യമായി ഉലച്ച സംഭവമായിരുന്നു കാന്റർബറിയിലെ ആർച്ചുബിഷപ്പായിരുന്ന വി. തോമസ് ബക്കറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ വച്ചുള്ള കൊലപാതകം. മാർപാപ്പ ഈ സംഭവത്തിന്റെ പേരിൽ ഹെൻറി രണ്ടാമൻ രാജാവിനെ ശാസിക്കുകയും പരസ്യമായി പ്രായശ്ചിത്തം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ 1173 -ൽ തോമസ് ബക്കറ്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. എ.ഡി. 1179 മാർച്ച് മാസത്തിൽ സഭയിലെ പതിനൊന്നാം എക്കുമെനിക്കൽ കൗൺസിലായി കരുതപ്പെടുന്ന മൂന്നാം ലാറ്ററൻ സൂന്നഹദോസ് വിളിച്ചുകൂട്ടി വിവിധ നിയമങ്ങൾ സഭയിൽ നടപ്പിലാക്കി. കർദ്ദിനാളന്മാരുടെ, മൂന്നിൽ രണ്ടു വോട്ട് കൊണ്ടു മാത്രമേ ഒരാളെ മാർപാപ്പയായി തിരഞ്ഞെടുക്കാൻ സാധിക്കൂ എന്ന നിയമവും ഇവിടെയാണ് പാസ്സാക്കിയത്. എ.ഡി. 1181 ആഗസ്റ്റ് 30 -ന് ചിവിത്ത കാസ്ത്തെല്ലാന എന്ന പട്ടണത്തിൽ വച്ച് അലക്‌സാണ്ടർ മൂന്നാമൻ മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ മൃതശരീരം റോമിലെ ലാറ്ററൻ ബസിലിക്കയിൽ കൊണ്ടുവന്ന് അടക്കം ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.