പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 17 – വി. ഉർബൻ I (175-230)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 175-ന് ഉർബൻ റോമിൽ പൊന്തിയാനുസ് എന്നയാളിന്റെ മകനായി ജനിച്ചു. കലിസ്റ്റസ് മാർപാപ്പയുടെ മരണശേഷം 222 മുതൽ 230 വരെ സഭയുടെ നേതൃത്വം കൈയ്യാളി. ഉർബൻ മാർപാപ്പയുടെ ഭരണകാലയളവിൽ സഭയ്ക്ക് റോമിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. അനേകം പ്രമുഖരായ വ്യക്തികളെ മാർപാപ്പ ക്രിസ്തീയവിശ്വാസത്തിലേക്ക് നയിച്ചു. എന്നാൽ തന്റെ മുൻഗാമികളുടെ വേദവിപരീതികളോടും പാപികളോടുമുള്ള (പശ്ചാത്തപിച്ചാൽ വീണ്ടും സഭയിൽ തിരികെ പ്രവേശിപ്പിക്കുക) മനോഭാവം ഉർബൻ മാർപാപ്പയും തുടർന്നതിനാൽ ഹിപ്പോളിറ്റസിന്റെ എതിർപ്പുകൾ ഇദ്ദേഹത്തിനും നേരിടേണ്ടതായി വന്നിട്ടുണ്ട്.

റോമിലെ നഗരപ്രമാണിയായ അലമാക്കിയുസ് ഉർബൻ മാർപാപ്പയെ തടവിലാക്കി. ഇദ്ദേഹമാണ് വി. സിസിലിയായുടെ ശിര‌ചേദം നടത്തിയതും അയ്യായിരത്തോളം ആളുകളെ ക്രിസ്തീയമതത്തിലേക്ക് പരിവർത്തനപ്പെടുത്തി എന്ന ആരോപണം മാർപാപ്പക്കെതിരെ ഉന്നയിച്ചതും. എന്നാൽ തടവറയിൽ അതിന്റെ ചുമതല വഹിച്ചിരുന്നവരോടും ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുകയും അവരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. രോഷാകുലനായ അലമാക്കിയോസ് റോമൻ വിഗ്രഹങ്ങളെ ആരാധിക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഈ വിഗ്രഹം നിലംപതിച്ച് ഇരുപത്തിരണ്ടു പുറജാതികളായ പുരോഹിതന്മാർ മരിച്ചുവെന്ന് ഒരു ഐതീഹ്യവുമുണ്ട്. അവസാനം അലമാക്കിയുസ് മാർപാപ്പയെ തലവെട്ടി കൊന്നു എന്നാണ് പറയപ്പെടുന്നത്.

റോമൻ സഭാചരിത്രത്തിലെ പ്രമുഖ സാക്ഷ്യങ്ങളിൽ ഒന്നായിരുന്നു വി. സിസിലിയായുടെ രക്തസാക്ഷിത്വം. അവളുടെ ഭർത്താവായ വലേറിയാനുസിനെയും മാർപാപ്പ മനസാന്തരപ്പെടുത്തി. ഇംഗ്ളീഷ് സാഹിത്യകാരനായ ജെഫ്‌റി ചൗസർ തന്റെ ‘കാന്റർബറി കഥകൾ’ എന്ന കൃതിയിൽ ഉർബൻ മാർപാപ്പയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മാർപാപ്പ എഴുതിയ ഒരു കല്പനയിൽ പറയുന്നു: “ദൈവത്തിനായി ജനം അർപ്പിക്കുന്ന സംഭാവന സഭയുടെ ആവശ്യങ്ങൾക്കും ക്രിസ്തീയസമൂഹത്തിന്റെ പൊതുനന്മയ്ക്കും പാവങ്ങൾക്കും വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. എന്തെന്നാൽ അത് ദൈവജനനത്തിന്റെ പുണ്യദാനങ്ങളും പാപ പരിഹാര അർപ്പണങ്ങളും ആവശ്യത്തിലായിരിക്കുന്നവർക്കു വേണ്ടിയുള്ള കാഴ്ചകളുമാണ്.” കലിസ്റ്റസിന്റെ പേരിലറിയപ്പെടുന്ന സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കുകയും പിന്നീട് 1773-ൽ ക്ലമന്റ് പതിനാലാം മാർപാപ്പ തിരുശേഷിപ്പ് ഹംഗറിയിലെ മൊണോക്ക് കത്തോലിക്കാ ദേവാലയത്തിലേക്ക് അന്ദ്രാസ്സി കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം മാറ്റിസ്ഥാപിക്കുകയും ചെയ്തു. മെയ് 25-ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.