പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 168 – അഡ്രിയാൻ IV (1100-1159)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1154 ഡിസംബർ 4 മുതൽ 1159 സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് അഡ്രിയാൻ നാലാമൻ. മാർപ്പയായ ഒരേയൊരു ഇംഗ്ളീഷ് വംശജനാണ് ഇദ്ദേഹം. ഇംഗ്ലണ്ടിലെ ഹേർട്ഫോർഡ്ഷെയർ എന്ന സ്ഥലത്താണ് ബ്രേക്ക്സ്പിയർ ജനിച്ചത്. പിന്നീട് നിയമം പഠിക്കാനായി ഫ്രാൻസിലെ ആർലസ് നഗരത്തിലെത്തി. ആവിഞ്ഞോൺ നഗരത്തിനടുത്തുള്ള സെന്റ് റൂഫ് ആശ്രമത്തിൽ ചേർന്ന് ഒരു സന്യാസിയും പിന്നീട് അവിടുത്തെ ആശ്രമാധിപനും ആകുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി പല പ്രാവശ്യം റോം സന്ദർശിക്കുകയും അപ്പോൾ യൂജിൻ മൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ ശ്രദ്ധിക്കുകയും ചെയ്യുന്നു. പിന്നീട് മാർപാപ്പ ഇദ്ദേഹത്തെ കത്തലോണിയ പ്രദേശത്തെ മുസ്ലിം ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള ദൗത്യവുമായി അയക്കുന്നു. അതിൽ വിജയം വരിച്ച ബ്രേക്ക്സ്പിയറെ റോമിനടുത്തുള്ള അൽബാനോ രൂപതയുടെ കർദ്ദിനാൾ ബിഷപ്പായി നിയമിച്ചു. ഇക്കാലയളവിൽ തന്നെ സ്വീഡൻ നോർവേ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ പള്ളികളെ പുനർക്രമീകരിക്കുന്ന ദൗത്യവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.

എ.ഡി. 1154 ഡിസംബർ 4 -ന് കർദ്ദിനാൾ ബ്രേക്ക്സ്പിയർ ഐക്യകണ്ഠേന അനസ്താസിയോസ് മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. “ക്രിസ്തുവിന്റെ വികാരി” എന്ന ശീർഷകം സ്ഥിരമായി എഴുത്തുകളിൽ ഉപയോഗിക്കുന്നത് അഡ്രിയാൻ മാർപാപ്പയാണ്. പ്രശ്നക്കാരായ റോമിലെ ഭരണാധികാരികളെ നിയന്ത്രിക്കുന്നതിന് ജർമ്മൻ രാജാവായ ഫ്രഡറിക്കിന്റെ സഹായം മാർപാപ്പക്കു ലഭിച്ചു. എന്നാൽ പിന്നീട് രാജാവും റോമക്കാരും സ്ഥിരമായി മാർപാപ്പക്ക് പ്രശ്നങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. മാത്രമല്ല, റോമിൽ അസ്ഥിരത സൃഷ്ടിക്കാൻ ഒരുമ്പെട്ടവർ മാർപാപ്പയെ “വിദേശി” എന്ന് മുദ്ര കുത്തി ദേശീയവികാരം ഇളക്കിവിടുന്നതിനും പരിശ്രമിച്ചു.

അഡ്രിയാൻ മാർപാപ്പയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മാതൃരാജ്യമായ ഇംഗ്ലണ്ടിലെ സഭയിൽ വലിയ വളർച്ച ഉണ്ടായി. ഇംഗ്ലീഷ് സഭയുടെ ആവശ്യങ്ങളിൽ അദ്ദേഹം സഹായഹസ്തം നൽകുകയും ചെയ്തു. ജറുസലേമിലേക്കു പോകുന്ന തീർത്ഥാടകരുടെ സംരക്ഷണത്തിനായി സ്ഥാപിതമായ നൈറ്റ്സ് ടെംപ്ലാർ എന്ന സംഘടനക്ക് “ലേബർ സെൻസും” എന്ന തിരുവെഴുത്തിലൂടെ കൂടുതൽ അധികാരങ്ങളും ആനുകൂല്യങ്ങളും മാർപാപ്പ നൽകുന്നുണ്ട്. എ.ഡി. 1158 -ൽ സ്വീഡനിലെ സിഗ്ഫ്രീഡിനെ വിശുദ്ധനായും ആ രാജ്യത്തിന്റെ അപ്പസ്തോലനായും പ്രഖ്യാപിച്ചു. എ.ഡി. 1159 സെപ്റ്റംബർ ഒന്നാം തീയതി കാലം ചെയ്ത അഡ്രിയാൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. എ.ഡി. 1607 -ൽ അദ്ദേഹത്തിന്റെ ശവക്കല്ലറ തുറന്നപ്പോൾ അഡ്രിയാന്റെ ശവശരീരം അഴുകാതെയും വസ്ത്രങ്ങൾ ജീർണ്ണിക്കാതെയും കാണപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.