പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 167 – യുജീൻ III (1080-1153)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1145 ഫെബ്രുവരി 15 മുതൽ 1153 ജൂലൈ 8 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വാഴ്ത്തപ്പെട്ട യൂജിൻ മൂന്നാമൻ. എ.ഡി. 1080 -ൽ മധ്യ ഇറ്റലിയിലെ പിസാ നഗരത്തിനടുത്താണ് ഗോഡിയൂസ് എന്നയാളുടെ മകനായി ബെർണാർഡോ ജനിച്ചത്. എ.ഡി. 1106 മുതൽ പിസായിലെ കത്തീഡ്രൽ ചാപ്റ്ററിലെ ഒരു അംഗമായിരുന്നുവെന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. പിന്നീട് പീസാ അതിരൂപതയുടെ സഭാസ്വത്തുക്കളുടെ സംരക്ഷകാനായി അദ്ദേഹം സേവനം അനുഷ്ടിച്ചു. പീസാ അതിരൂപതയിൽ സന്ദർശനത്തിനെത്തിയ ഇന്നസെന്റ് രണ്ടാമൻ മാർപാപ്പ ബെർണാർഡോയെ ഒരു പുരോഹിതനായി അഭിഷേചിച്ചു. എന്നാൽ ക്ലയർവോയിലെ വി. ബെർണാർഡിന്റെ സന്യാസചൈതന്യത്തിൽ ആകൃഷ്ടനായി അദ്ദേഹം സിസ്റ്റേർഷ്യൻ സഭയിൽ ചേർന്ന് ഒരു സന്യസിയായി ശിഷ്ടകാലം ജീവിക്കാൻ തീരുമാനിക്കുന്നു. എ.ഡി. 1140 -ൽ ഇന്നസെന്റ് രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ അനസ്താസിയോ അല്ലെ ത്രെ ഫൊണ്ടാനെ ആശ്രമത്തിന്റെ അധിപനായി നിയമിക്കുന്നു.

എ.ഡി. 1145 ഫെബ്രുവരി 15 -ന് ലൂസിയൂസ് രണ്ടാമൻ മാർപാപ്പ പെട്ടന്ന് മരിക്കുമ്പോൾ കർദ്ദിനാളന്മാർ സാൻ ചേസറേയോ ദേവാലയത്തിൽ കൂടി ബെർണാർഡോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. (വി. ജോൺപോൾ രണ്ടാമൻ കർദ്ദിനാൾ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സ്ഥാനീയ ദേവാലയമായിരുന്നു ഇത്). ബെർണാർഡോയെ ലാറ്ററൻ ദേവാലയത്തിൽ കൊണ്ടുവന്ന് മാർപാപ്പയായി വാഴിക്കുന്നു. സിസ്റ്റേർഷ്യൻ സന്യാസ സമൂഹത്തിൽ നിന്ന് മാർപാപ്പയാകുന്ന ആദ്യത്തെ ആളാണ് യുജീൻ മൂന്നാമൻ. എട്ടു വർഷത്തോളം മാർപാപ്പ ആയിരുന്നെങ്കിലും റോമിൽ അധികനാൾ വസിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ജൊർദാനോ പിയർലയോണിയുടെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പാണ് റോമിലെ രാഷ്രീയസംവിധാനങ്ങളെ നിയന്ത്രിച്ചത്. ഇറ്റലിയിലെ വിത്തേർബോയിലും സിസിലിയിലും താമസിച്ചിട്ട് മാർപാപ്പ ഫ്രാൻസിലേക്കു പോയി.

വൈദിക-സന്യാസ ജീവിതരീതികളിൽ വലിയ നവീകരണത്തിന് പാരീസിലും ട്രിയറിലും റൈമ്സിലും നടന്ന സിനഡുകളിൽ തീരുമാനങ്ങളെടുത്തു. ക്രിസ്തീയകേന്ദ്രമായിരുന്ന എഡേസ്സ (ഇന്നത്തെ തെക്കൻ തുർക്കിയിലെ ഉർഫ) മുസ്ലീങ്ങൾ പിടിച്ചടക്കിയപ്പോൾ യുജീൻ മൂന്നാമൻ മാർപാപ്പയുടെ ആഹ്വാനപ്രകാരം രണ്ടാം കുരിശുയുദ്ധം ആരംഭിക്കുന്നു. ഈ കുരിശുയുദ്ധത്തിനുള്ള പ്രധാന പ്രേരണ ക്ലയർവോയിലെ വി. ബെർണാർഡിന്റെ വികാരനിർഭരമായ പ്രസംഗങ്ങളായിരുന്നു. എന്നാൽ രണ്ടാം കുരിശുയുദ്ധം എല്ലാത്തരത്തിലും വലിയ പരാജയമായിരുന്നു. റോമിനടുത്തുള്ള തീവൊളി നഗരത്തിലായിരിക്കുന്ന സമയത്ത് എ.ഡി. 1153 ജൂലൈ 8 -ന് കാലം ചെയ്ത മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയത്. സിസ്റ്റേർഷ്യൻ സന്യാസചൈതന്യത്തോടെ ജീവിച്ച യുജീൻ മൂന്നാമനെ എ.ഡി. 1872 -ൽ പീയൂസ് ഒൻപതാം മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.