പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 166 – ലൂസിയൂസ് II (1079-1144)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1144 മാർച്ച് 9 മുതൽ 1145 ഫെബ്രുവരി 15 വരെയുള്ള ഒരുവർഷക്കാലം സഭക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ലൂസിയൂസ് രണ്ടാമൻ. എ.ഡി. 1079 -ൽ ഇറ്റലിയിലെ ബൊളോഞ്ഞ നഗരത്തിൽ ഓർസോ കച്ചിയനെമിച്ചിയുടെ മകനായി ജെറാർഡോ ജനിച്ചു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനു ശേഷം ബസിലിക്ക സാൻ ഫ്രഡിയാനോയിലെ പുരോഹിത ഭരണസമിതി അംഗമായി വളരെക്കാലം ശുശ്രൂഷ ചെയ്തു. അതിനു ശേഷം ജെറാർഡോയെ ഹൊണോറിയോസ് മാർപാപ്പ റോമിലെ സാന്താ ക്രോച്ചേ ഇൻ ജെറുസലമ്മേ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായി നിയമിക്കുന്നു. ഹെലനി രാജ്ഞി വിശുദ്ധ നാട്ടിൽ നിന്നും ശേഖരിച്ച തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന ഒരു വിശിഷ്ട ദേവാലയമായിരുന്നു ഇത്. ഇക്കാലയളവിൽ അദ്ദേഹം ഈ ദേവാലയം നവീകരിക്കുകയും തീർത്ഥാടകർക്കായി വലിയ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പിന്നീട് റോമൻ ലൈബ്രറിയുടെ ചുമലക്കാരനായും എ.ഡി. 1125 -ൽ മാർപാപ്പയുടെ ജർമ്മനിയിലെ പ്രതിനിധിയായും അദ്ദേഹത്തെ നിയമിച്ചു.

സെലസ്റ്റിൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ജെറാർഡോ, ലൂസിയുസ് രണ്ടാമൻ എന്ന നാമം സ്വീകരിച്ച് എ.ഡി. 1144 മാർച്ച് 12 -ന് മാർപാപ്പയായി അഭിഷേകം ചെയ്യപ്പെട്ടു. മധ്യകാല യുഗത്തിൽ ക്രിസ്തീയസഭകളെ സമുദ്ധരിക്കാനുള്ള പല പദ്ധതികളും തന്റെ ചുരുങ്ങിയ ഭരണകാലയളവിൽ അദ്ദേഹം ചെയ്തു. ഇംഗ്ലണ്ടിലെ പള്ളികൾക്കും ആശ്രമങ്ങൾക്കും സുവിശേഷ പ്രഘോഷണത്തിനായി നിരവധി ആനുകൂല്യങ്ങൾ നല്കി. കൂടാതെ, ഇഗ്മാറൂസ് എന്നൊരാളെ മാർപാപ്പയുടെ പ്രതിനിധിയായി ഇവിടെ നിയമിച്ചു. അതുപോലെ ഇംഗ്ലണ്ടിലെ അധികാര വടംവലിയിൽ മെറ്റിൽഡ ചക്രവർത്തിനിയെ പിന്തുണക്കുകയും ചെയ്തു.

ഇക്കാലയളവിൽ മാർപാപ്പയിൽ നിന്നും ഭൗതിക അധികാരങ്ങൾ എടുത്തുമാറ്റുകയും അത് പ്രഭുക്കന്മാരുടെ നേതൃത്വത്തിൽ ഭരിക്കപ്പെടുന്നതിന് അവരുടെ ഇടയിൽ വികാരം വളർന്നു വരികയും അതിന് കച്ചവടക്കാരും കലാകാരന്മാരും നേതൃത്വം നൽകുകയും ചെയ്തു. ആന്റിപോപ്പായിരുന്ന അനാക്‌ളീറ്റസ് രണ്ടാമന്റെ സഹോദരൻ ജോർദാനോ റോമൻ സെനറ്റർമാരുടെ നേതൃത്വത്തിൽ റോമിലെ ഭരണം ഏറ്റെടുക്കുന്നതിൽ വിജയിച്ചു. മാർപാപ്പ ആത്മീയ അധികാരം മാത്രം കൈകാര്യം ചെയ്യുകയും ഭരണപരമായ കാര്യങ്ങൾ റോമിലെ സെനറ്റിനെ ഏൽപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടർന്ന് ജോർദാനോയുടെ നേതൃത്വത്തിലുള്ള ആളുകളുടെ ആക്രമണത്തിൽ പരിക്കേറ്റ ലൂസിയൂസ് മാർപാപ്പ ചേലിയോ കുന്നിലുള്ള സാൻ ഗ്രിഗോറിയോ ആശ്രമത്തിൽ എ.ഡി. 1145 ഫെബ്രുവരി 15 -ന് കാലം ചെയ്തു. അദ്ദേഹത്തെ ജോൺ ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.