പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 165 – സെലസ്റ്റിൻ II (1085-1144)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1143 സെപ്റ്റംബർ 26 മുതൽ 1144 മാർച്ച് 8 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് സെലസ്റ്റിൻ രണ്ടാമൻ. എ.ഡി. 1085 -ൽ ഇറ്റലിയിലെ പെറൂജ പ്രദേശത്തുള്ള ചിത്ത ദി കാസ്‌തെല്ലൊയിൽ നിക്കോളോ എന്ന പ്രഭുവിന്റെ മകനായി ഗ്വീദോ ജനിച്ചു. അക്കാലത്തെ ഏറ്റം പ്രശസ്ത ചിന്തകനായിരുന്ന പിയറി അബലാർഡിന്റെ ശിഷ്യഗണത്തിലെ പ്രമുഖനായിരുന്നു ഗ്വീദോ. കലിസ്റ്റസ് രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഒരു സബ് ഡീക്കനായും തിരുസിംഹാസനത്തിന്റെ എഴുത്തുകാരനായും അദ്ദേഹം നിയമിതനായി. ഹൊണോറിയൂസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ ഡീക്കനായും തുടർന്ന് ഇന്നസെന്റ് മാർപാപ്പ ഗ്വീദോയെ സാൻ മാർക്കോ ബസിലിക്കയിൽ കർദ്ദിനാൾ പുരോഹിതനായും നിയമിക്കുന്നു. എ.ഡി. 1140 മുതൽ തിരുസിംഹാസനത്തിന്റെ ഫ്രാൻസിലെ പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്നസെന്റ് മാർപാപ്പ കാലം ചെയ്തപ്പോൾ എ.ഡി. 1143 -ലെ മാർപാപ്പ തിരഞ്ഞെടുപ്പിൽ ഗ്വീദോയും സംബന്ധിക്കുന്നു. അവിടെ വച്ച് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സെലസ്റ്റിൻ രണ്ടാമൻ എന്ന നാമം സ്വീകരിക്കുന്നു. എൺപത്തിയഞ്ചു വർഷത്തിനിടയിൽ നടന്ന ആദ്യത്തെ പ്രശ്നരഹിത തിരഞ്ഞെടുപ്പായിരുന്നു ഇത് എന്ന് ചരിത്രകാരന്മാർ പറയുന്നു. ക്ലൂണിയിലെ ആശ്രമാധിപനായിരുന്ന വി. പീറ്റർ വെനറബിളിന് അവിടുത്തെ സന്യാസികൾ, തനിക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് മാർപാപ്പ കത്തയക്കുകയും അവർ മാർപാപ്പക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ക്ലയർവോയിലിലെ വി. ബർണാർഡിന്റെ നവീകരണങ്ങൾ തന്റെ രൂപതയിൽ വിജയകരമായി നടത്തിക്കൊണ്ടിരുന്ന ലിസ്യൂവിലെ ബിഷപ്പ് അർലൂഫ് മാർപാപ്പയെ അഭിനന്ദിച്ചു കൊണ്ടും കത്തയച്ചതായി ചരിത്രരേഖകളിൽ കാണുന്നു.

വിശുദ്ധ നാട്ടിലേക്കും സാന്തിയാഗോയിലേക്കും തീർത്ഥാനടത്തിനായി പോകുന്ന വിശ്വാസികളെ സംരക്ഷിക്കുന്ന നൈറ്റ്‌സ് ടെമ്പ്ലാർ എന്ന സംഘടനക്കു വേണ്ടി എല്ലാ ദേവാലയങ്ങളിൽ നിന്നും ഒരു കാണിക്ക എടുക്കണമെന്ന് സെലസ്റ്റിൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു. കൂടാതെ ജറുസലേമിലെ വി. മറിയത്തിന്റെ നാമത്തിലുള്ള ആശുപത്രിയുടെ ചുമതല നൈറ്റ്‌സ് ഹോസ്പിറ്റലേർസ് എന്ന സംഘടനയേയും ഏൽപ്പിക്കുന്നു. എ.ഡി. 1144 മാർച്ച് 8 -ന് പാലത്തീന കുന്നിലുള്ള വി. സെബസ്ത്യാനോസിന്റെ ആശ്രമത്തിൽ വച്ച് സെലസ്റ്റിൻ രണ്ടാമൻ മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം ലാറ്ററൻ ബസിലിക്കായിലാണ് അടക്കിയിരിക്കുന്നത്. ഇക്കാലത്ത് എഴുതപ്പെട്ട “മലാഖിയുടെ പ്രവചനങ്ങൾ” എന്ന ഗ്രന്ഥത്തിൽ, ഇനിയും വാരാൻ പോകുന്ന മാർപാപ്പമാരെക്കുറിച്ചും അവരുടെ ഭരണത്തെക്കുറിച്ചുമുള്ള ചെറിയ കുറിപ്പുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് ആരംഭിക്കുന്നത് സെലസ്റ്റിൻ രണ്ടാമൻ മാർപാപ്പയുടെ ഭരണത്തോടെയാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.