പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 164 – ഇന്നസെന്റ് II (1082-1143)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1130 ഫെബ്രുവരി 14 മുതൽ 1143 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഇന്നസെന്റ് രണ്ടാമൻ. എ.ഡി. 1082 -ൽ റോമിലെ ട്രസ്‌തേവരെയിലാണ് ഗ്രിഗോറിയോ പാപറേഷി ജനിക്കുന്നത്. പിന്നീട് അദ്ദേഹം ക്ലൂണി ആശ്രമത്തിലെ ഒരു സന്യാസിയായി ജീവിക്കുന്ന കാലത്താണ് പാസ്‌ക്കൽ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ സാൻ ആജ്ഞലോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിക്കുന്നത്. കലിസ്റ്റസ് രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളും നൽകിക്കൊണ്ട് തന്റെ പ്രതിനിധിയായി വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു. “വേമ്സിലെ ഉടമ്പടി” (Concordat of Worms) എഴുതിയുണ്ടാക്കുന്നതിൽ ഗ്രിഗോറിയോ നിർണ്ണയാകപങ്ക് വഹിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഹെൻറി അഞ്ചാമൻ ചക്രവർത്തിയുമായും ഫ്രാൻസിലെ ലൂയി ആറാമൻ രാജാവുമായും കൂടിയാലോചനകൾ നടത്തുന്നതിന് ഹൊണോറിയൂസ് മാർപാപ്പയും ഗ്രിഗോറിയോയെ നിയോഗിച്ചിരുന്നു.

ഹൊണോറിയൂസ് മാർപാപ്പ കാലം ചെയ്തയുടൻ അവിടെയുണ്ടായിരുന്ന കർദ്ദിനാളന്മാർ ചേർന്ന് അധികമാരും അറിയാതെ ഗ്രിഗോറിയോയെ പിൻഗാമിയായി തിരഞ്ഞെടുക്കുകയും ഫെബ്രുവരി 14 -ന് പാപ്പാ സ്ഥാനത്ത് അവരോധിക്കുകയുമായിരുന്നു. എന്നാൽ മറ്റൊരു വിഭാഗം കർദ്ദിനാളന്മാർ അനാക്‌ളീറ്റസ് രണ്ടാമൻ എന്ന പേരിൽ പിയെത്രോ പിയർലെയോണിയെ മാർപാപ്പയായി തിരഞ്ഞെടുത്തു. കുറച്ചു കാലത്തേക്ക് അദ്ദേഹത്തിന് സഭയുടെ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ഇന്ന് ആന്റിപോപ്പുമാരുടെ ഗണത്തിലാണ് അദ്ദേഹം ഉൾപ്പെട്ടിരിക്കുന്നത്. ഇക്കാലയളവിൽ ഇന്നസെന്റ് മാർപാപ്പ ഫ്രാൻ‌സിലും ഇറ്റലിയുടെ പല ഭാഗങ്ങളിലും സന്ദർശനം നടത്തുകയും സഭയെ ആത്മീയമായി ഉണർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു.

ക്ലെയർവോയിലെ വി. ബെർണാഡ് ഉൾപ്പെടെയുള്ളവർ ഇന്നസെന്റ് മാർപാപ്പയുടെ സഭാനവീകരണ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകി. ഹൊണോറിയൂസ് രണ്ടാമൻ മാർപാപ്പയുടെ കാലത്ത് അംഗീകാരം ലഭിച്ച പ്രമോസ്ത്രാത്തെൻസിയൻസ് (നോർബർട്ടീൻസ്) സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ ആർച്ചുബിഷപ്പ് നോർബെർട്ടും ഇന്നസെന്റ് മാർപാപ്പക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. ഇത് ജർമ്മനിയിൽ ഇന്നസെന്റ് മാർപാപ്പക്ക് വലിയ അംഗീകാരം ലഭിക്കുന്നതിനിടയാക്കി. റോമിലെ ട്രസ്‌തേവരെയിലുള്ള സാന്തമരിയ ദേവാലയം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കുന്നത് ഇന്നസെന്റ് മാർപാപ്പയാണ്. എ.ഡി. 1143 സെപ്റ്റംബർ 24 -ന് കാലം ചെയ്ത ഇന്നസെന്റ് രണ്ടാമൻ മാർപാപ്പയെ അടക്കിയത് റോമിലെ ലാറ്ററൻ ബസിലിക്കയിലാണ്. എന്നാൽ 1308 -ൽ ലാറ്ററൻ ബസിലിക്കയിൽ തീപിടുത്തമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ട്രസ്‌തേവരെയിലെ സാന്താ മരിയ ദേവാലയത്തിലേക്ക് മാറ്റുകയുണ്ടായി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.