പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 162 – കലിസ്റ്റസ് II (1065-1124)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1119 ഫെബ്രുവരി 1 മുതൽ 1124 ഡിസംബർ 14 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് കലിസ്റ്റസ് രണ്ടാമൻ. ഫ്രാൻസിലെ ബുർഗണ്ടിയിൽ 1065 -ൽ വില്യം പ്രഭുവിന്റെ മകനായി ഗൈ ജനിച്ചു. യൂറോപ്പിലെ ഏറ്റം സമ്പന്നവും പ്രശസ്തവുമായ പ്രഭുകുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഗൈയുടെ മൂത്ത സഹോദരൻ ബെസകോൺ രൂപതയിലെ ആർച്ചുബിഷപ്പായിരുന്നു. എ.ഡി. 1088 -ൽ ഗൈ ഫ്രാൻസിലെ വിയെന്നെ രൂപതയുടെ ആർച്ചുബിഷപ്പായി നിയമിക്കപ്പെടുന്നു. അതേ സമയം തന്നെ അദ്ദേഹം ഫ്രാൻസിലെ മാർപാപ്പയുടെ പ്രതിനിധിയായും പ്രവർത്തിച്ചു. മാർപാപ്പ ആകുന്നതിനു മുൻപു തന്നെ അത്മായ ഭരണാധികാരികൾ ആത്മീയനിയമനങ്ങൾ നടത്തുന്നതിനെ ഗൈ എതിർത്തിരുന്നു.

പാസ്‌ക്കൽ മാർപാപ്പ കാലം ചെയ്ത ക്ലൂണി ആശ്രമത്തിൽ വച്ചാണ് കർദ്ദിനാളന്മാർ ആർച്ചുബിഷപ്പ് ഗൈയെ എ.ഡി. 1119 ഫെബ്രുവരി 2 -ന് മാർപാപ്പയായി തിരഞ്ഞെടുത്തത്. വിയെന്നെ രൂപതയിൽ വച്ച് അദ്ദേഹം കലിസ്റ്റസ് രണ്ടാമൻ എന്ന പേരിൽ മാർപാപ്പയായി അഭിഷിക്തനായി. തുടർന്ന് സഭയിൽ സമാധാനം കൈവരുത്തുന്നതിനായി ഫ്രാൻസിലെ റൈമ്സിൽ വച്ച് രാജാക്കന്മാരും പ്രഭുക്കന്മാരും നാനൂറോളം ബിഷപ്പുമാരും ആശ്രമാധിപന്മാരും ഉൾപ്പെടുന്ന ഒരു സമ്മേളനം വിളിച്ചുകൂട്ടി. അവിടെ നിന്നും റോമിലെത്തിയ മാർപാപ്പയെ ആളുകൾ ആരവത്തോടെ വരവേൽക്കുകയും റോമിലെ കർദ്ദിനാളന്മാർ മാർപാപ്പ തിരഞ്ഞെടുപ്പിനെ സ്ഥിരീകരിക്കുകയും ചെയ്തു. എ.ഡി. 1120 -ൽ കുരിശുയുദ്ധക്കാർ യഹൂദന്മാരോട് കരുണയില്ലാതെ പെരുമാറി എന്നു തിരിച്ചറിഞ്ഞ മാർപാപ്പ “സിക്കുത്ത് ജൂഡായ്സ്” എന്ന കല്പനയിലൂടെ യഹൂദരോട് ക്രൂരത കാണിക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കും എന്ന് പ്രഖ്യാപിച്ചു.

“അത്മായരുടെ അധികാരദാനം” (lay-investiture) എന്നതിന് സ്ഥിരപരിഹാരം ലക്ഷ്യമാക്കി മൂന്ന് കർദ്ദിനാളന്മാരെ ഹെൻറി അഞ്ചാമൻ ചക്രവർത്തിയുടെ അടുത്തേക്ക് മാർപാപ്പ അയച്ചു. തുടർന്ന് എ.ഡി. 1122 സെപ്റ്റംബർ 23 -ന് പ്രസിദ്ധമായ “വേമ്സിലെ ഉടമ്പടി” (Concordat of Worms) നിലവിൽ വരുന്നു. അതിൻപ്രകാരം ആത്മീയ അധികാരങ്ങൾ സഭാധികാരികൾക്കും ഭൗതിക അധികാരങ്ങൾ ചക്രവർത്തിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്നവർക്കും ആയിരിക്കുമെന്നും നിശ്ചയിച്ചു. ഇത് 1123 മാർച്ച് 18 -ന് റോമിലെ ലാറ്ററൻ ബസിലിക്കയിൽ കൂടിയ സിനഡിൽ നിയമമാക്കുകയും കൂടാതെ സഭാനവീകരണത്തിനായി ഒട്ടനവധി നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. എ.ഡി. 1124 ഡിസംബർ 13 -ന് കാലം ചെയ്ത കലിസ്റ്റസ് രണ്ടാമൻ മാർപാപ്പയെ ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. കലിസ്റ്റസ് മാർപാപ്പ അധികാരപ്പെടുത്തിയ എഴുത്തുകൾ ചേർത്തുകൊണ്ട് പ്രസിദ്ധപ്പെടുത്തിയ “കോടക്സ് കലിസ്തീനൂസാണ്” പ്രസിദ്ധമായ സാന്തിയാഗോ തീർത്ഥാടത്തെക്കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ ആദ്യത്തെ ഗ്രന്ഥം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.