പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 161 – ജലാസിയൂസ് II (1060-1119)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1118 ജനുവരി 24 മുതൽ 1119 ജനുവരി 29 വരെയുള്ള ഒരു വർഷ കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജലാസിയൂസ് രണ്ടാമൻ. ജൊവാന്നി കത്താനി എന്നായിരുന്നു അദ്ദേഹത്തിന്റെ, മാർപാപ്പ ആകുന്നതിനു മുമ്പുള്ള പേര്. ഒരു ബെനഡിക്‌റ്റീൻ സന്യാസിയായി ജീവിക്കുന്നതിനായി ഇറ്റലിയിലെ മോണ്ടെ കസിനോ ആശ്രമത്തിൽ ചേർന്നു. അവിടെ പഠനം നടത്തുന്ന വേളയിൽ മാർപാപ്പമാരുടെ ഔദ്യോഗിക തിരുവെഴുത്തുകളുടെ ഭാഷയും ശൈലിയും നന്നാക്കുക എന്ന ലക്ഷ്യത്തോടു കൂടി തിരുസിംഹാസനത്തിന്റെ ഡീക്കനായി നിയമിച്ചു കൊണ്ട് ഉർബൻ രണ്ടാമൻ മാർപാപ്പ ജൊവാന്നിയെ റോമിലേക്ക് കൊണ്ടുവരുന്നു. പിന്നീട് കോസ്മെദിയാനിലെ സാന്ത മരിയ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായും നിയമിക്കുന്നു.

ജൊവാന്നി എ.ഡി. 1089 മുതൽ 1118 വരെയുള്ള കാലയളവിൽ മാർപാപ്പയുടെ ചാൻസിലർ ആയി ജോലി ചെയ്ത് അവിടുത്തെ ഭരണസംവിധാനങ്ങൾ നവീകരിക്കുന്നു. അതുവരെ മാർപാപ്പയുടെ കൂരിയായിൽ നിലവിലിരുന്ന ഭരണരീതികളെ ജൊവാന്നി സമൂലം മാറ്റിയെഴുതി. റോമൻ രാജ്യതന്ത്രജ്ഞർ പേപ്പൽ ലിഖിതങ്ങൾ തയ്യാറാക്കുന്ന രീതി മാറ്റി സഭാകാര്യങ്ങളിൽ പ്രാവീണ്യമുള്ളവർ ഇക്കാര്യങ്ങൾ ചെയ്യുന്ന അവസ്ഥ സംജാതമാക്കി. രണ്ടു മാർപാപ്പമാരുടെ ഭരണത്തിൻ കീഴിൽ മൂന്ന് ദശാബ്‌ദം ചാൻസിലർ പദവിയിൽ അദ്ദേഹം വിശ്വസ്തതയോടെ ജോലി ചെയ്തു. പാസ്‌ക്കൽ രണ്ടാമൻ കാലം ചെയ്തപ്പോൾ ലാറ്ററൻ ബസിലിക്കക്കു പകരം പാലത്തീൻ കുന്നിലുള്ള സാന്ത മരിയ ആശ്രമത്തിൽ വച്ചാണ് 1118 ജനുവരി 24 -ന് ജലാസിയൂസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ കാരണം റോമിലെ അന്നത്തെ കലാപകലുഷിതമായ സാഹചര്യമായിരുന്നു.

തന്റെ ആഗ്രഹങ്ങൾ സഭയിൽ നടപ്പാക്കാൻ സാധിക്കില്ല എന്നു മനസ്സിലാക്കിയ ഹെൻറി അഞ്ചാമൻ ചക്രവർത്തി കർദ്ദിനാളന്മാരുടെ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കാതെ ബ്രാഗയിലെ ആർച്ചുബിഷപ്പിനെ മാർപാപ്പയായി നിശ്ചയിച്ചു. അദ്ദേഹം ഗ്രിഗറി എട്ടാമൻ എന്ന പുതിയ നാമത്തോടെ മാർപാപ്പ ആകാൻ പരിശ്രമിച്ചു. എന്നാൽ ജലാസിയൂസ് രണ്ടാമൻ മാർപാപ്പ, ഗ്രിഗറി എട്ടാമനെയും ചക്രവർത്തിയെയും സഭയിൽ നിന്ന് പുറത്താക്കി. ഇന്ന് ഗ്രിഗറി ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് റോമിലെത്തി ഭരണകാര്യങ്ങൾ നിർവഹിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നതിനാൽ ജലാസിയൂസ് മാർപാപ്പ ഫ്രാൻസിലേക്ക് പോവുകയും തെക്കൻ ഫ്രാൻസിലെ വിയന്നെ എന്ന സ്ഥലത്ത് ഒരു സിനഡ് വിളിച്ചു ചേർക്കുകയും ചെയ്തു. അവിടെ ആയിരിക്കുന്ന സമയത്ത് രോഗബാധിതനായ മാർപാപ്പ ക്ലൂണി ആശ്രമത്തിൽ എത്തുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ ജനുവരി 29 -ന് മരിക്കുകയും ചെയ്തു. ക്ലൂണി ആശ്രമത്തിലെ ദേവാലയത്തിലെ പ്രധാന അൾത്താരയോട് ചേർന്നാണ് ജലാസിയൂസ് രണ്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.