പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 16 – വി. കലിസ്റ്റസ് മാർപാപ്പ (155-222)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 218 മുതൽ 222 വരെ സഭാനേതൃത്വം കൈയാളിയ മാർപാപ്പയാണ് വി. കലിസ്റ്റസ്. റോമിൽ ജനിച്ച അദ്ദേഹം രാജസദസ്സിൽ ജോലി ചെയ്തിരുന്ന കാർപോഫോറസ് എന്ന ക്രിസ്തീയ ഉദ്യോഗസ്ഥന്റെ അടിമയായിരുന്നു. ക്രിസ്തീയവിശ്വാസികൾ വിധവകളുടെയും അനാഥരുടെയും സംരക്ഷണാർത്ഥം ശേഖരിച്ച സഹായനിധി സൂക്ഷിക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാൽ എങ്ങനെയോ കൈയ്യിൽ നിന്ന് പണം നഷ്ടപ്പെട്ട കലിസ്റ്റസ് ഒളിച്ചോടിയെങ്കിലും പൊറത്തൂസ് എന്ന സ്ഥലത്തു വച്ച് പിടിക്കപ്പെട്ടു. പണം കൊടുത്തവരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കി. പിന്നീട് ഒരു സിനഗോഗിൽ വച്ച് യഹൂദന്മാരുമായി വഴക്കുണ്ടാക്കിയതിന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. സർദീനിയായിലെ ഖനികളിൽ ജോലി ചെയ്യാനായി അയയ്‌ക്കപ്പെട്ട കലിസ്റ്റസിനെ വിക്ടർ ഒന്നാമൻ മാർപാപ്പയുടെ ഇടപെടലിലൂടെ മോചിപ്പിച്ചു.

സെഫിറീനുസ് മാർപാപ്പ അദ്ദേഹത്തെ ഒരു ഡീക്കനാക്കുകയും റോമിലെ സെമിത്തേരികളുടെ സംരക്ഷണച്ചുമതല ഏൽപിക്കുകയും ചെയ്തു. സാവധാനം അദ്ദേഹം ആർച്ചുഡീക്കനും സെഫിറീനുസ് മാർപാപ്പയുടെ പ്രധാന സഹായിയും ആയി മാറി. റോമിലെ അക്കാലത്തെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായ ഹിപ്പോളിറ്റസ് സെഫിറീനുസ് മാർപാപ്പയുടെ ചില ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുകയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് കലിസ്റ്റസ് ആണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് കലിസ്റ്റസ് മാർപാപ്പ ആയപ്പോൾ ഈ എതിർപ്പിന് ശക്തി വർദ്ധിച്ചു. കൊടുംപാപികളും വേദവിപരീതികളും മാനസാന്തരപ്പെട്ടപ്പോൾ അവരോട് ക്ഷമിച്ച് വിശ്വാസത്തിലേക്ക് കൊണ്ടുവന്നതിനെ ഹിപ്പോളിറ്റസ് അനുകൂലിച്ചിരുന്നില്ല. അവസാനം കലിസ്റ്റസ് മാർപാപ്പ വേദവിപരീതിയാണെന്ന് ഹിപ്പോളിറ്റസ് പരസ്യമായി പറഞ്ഞുകൊണ്ട് തന്റെ അനുയായികളുമായി ചേർന്ന് സഭാനേതൃത്വം ഏറ്റെടുത്തു. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ എതിർമാർപാപ്പയായി (anti-pope) ഹിപ്പോളിറ്റസ് അറിയപ്പെടുന്നു (എന്നാൽ പിന്നീട് അദ്ദേഹം സഭയുമായി രമ്യപ്പെടുകയും രക്തസാക്ഷിമകുടം ചൂടുകയും ചെയ്തു).

ക്രിസ്ത്യാനികൾക്കെതിരെ റോമിലുണ്ടായ ഒരു കലാപത്തിൽ കലിസ്റ്റസ് മാർപാപ്പ കൊല്ലപ്പെടുകയാണുണ്ടായത്. അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നതിനുശേഷം ഒരു കിണറ്റിലിട്ടു എന്നാണ് ഐതീഹ്യം. ഈ സ്ഥലത്താണ് ഇന്നത്തെ വി. കലിസ്റ്റസ് ദേവാലയം നിലനിൽക്കുന്നത്. വത്തിക്കാൻ കഴിഞ്ഞാൽ ഏറ്റം കൂടുതൽ മാർപാപ്പാമാരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണ് റോമിലെ കലിസ്റ്റസിന്റെ പേരിലറിയപ്പെടുന്ന സെമിത്തേരി (catacomb). ഒൻപതാം നൂറ്റാണ്ടിൽ റോമിലെ ട്രസ്‌തേവരെയിലുള്ള സാന്ത മരിയ ദേവാലയത്തിൽ കാലിസ്റ്റസ് മാർപാപ്പയുടെ തിരുശേഷിപ്പുകൾ മാറ്റി സ്ഥാപിച്ചു. ഒക്ടോബർ 14-ന് വി. കലിസ്റ്റസിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.