പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 159 – ഉർബൻ II (1035-1099)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1088 മാർച്ച് 12 മുതൽ 1099 ജൂലൈ 29 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വാഴ്ത്തപ്പെട്ട ഉർബൻ രണ്ടാമൻ. ഒഡോണെ (ഓദോ) എന്ന പേരോടു കൂടി ഫ്രാൻസിലെ കത്തിലിയോൺ പ്രദേശത്താണ് എ.ഡി. 1035 -ൽ ഉർബൻ രണ്ടാമൻ മാർപാപ്പ ജനിക്കുന്നത്. പ്രസിദ്ധ ആശ്രമമായ ക്ലൂണിയിലെ സുപ്പീരിയറായും ഇറ്റലിയിലെ ഓസ്തിയ രൂപതയുടെ ബിഷപ്പായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗ്രിഗോറിയൻ നവീകരണത്തിന്റെ വക്താക്കളിൽ മുൻപന്തിയിലുണ്ടായിരുന്ന ആളായിരുന്നു ബിഷപ്പ് ഒഡോണെ. വിക്ടർ മൂന്നാമന്റെ ചുരുങ്ങിയ മാർപാപ്പ ഭരണത്തിനു ശേഷം എ.ഡി. 1088 മാർച്ചിൽ റോമിൽ നിന്ന് അറുപത്തിയഞ്ചു കിലോമീറ്റർ ദൂരത്തിലുള്ള തെരചീന എന്ന സ്ഥലത്ത്ത്തു കൂടിയ കർദ്ദിനാളന്മാരുടെ സമ്മേളനത്തിൽ വച്ചാണ് ഓദോയെ ഐകകണ്ഠേന അടുത്ത മാർപാപ്പ ആയി തിരഞ്ഞെടുത്തത്.

ആന്റിപോപ്പായിരുന്ന ക്ലമന്റ് മൂന്നാമൻ ഇക്കാലയളവിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റോമൻ കൂരിയയ്ക്ക് ഇന്നത്തെ രീതിയിലുള്ള അടിത്തറയിട്ടതു കൂടാതെ ഗ്രിഗറി മാർപാപ്പ തുടങ്ങിയ അജപാലന സന്ദർശന പരിപാടികൾ ഉർബൻ മാർപാപ്പ തുടരുകയും ചെയ്തു. ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വിവിധ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി സഭയെ ആത്മീയമായി ഉണർത്തി. ഈ സമയത്താണ് ബൈസന്റൈൻ ചക്രവർത്തി അലക്സിയോസ് ഒന്നാമൻ തുർക്കികൾക്കെതിരായ യുദ്ധത്തിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ട് പ്രതിനിധികളെ അയക്കുന്നത്. ഇതേ തുടർന്ന് എ.ഡി. 1095 നവംബർ 27 -ന് ക്ലർമോണ്ട് കൗൺസിലിന്റെ സമാപനത്തിൽ ഫ്രാൻസിലെ ഔവ്വർഞ്ഞെ എന്ന ദേശത്ത് മാർപാപ്പയെ ശ്രവിക്കാനായി ഒത്തുകൂടിയ പ്രഭുക്കന്മാരോടും ബിഷപ്പുമാരോടും ജനങ്ങളോടുമായി വിശുദ്ധ നാട് മുസ്ലിങ്ങളിൽ നിന്നും രക്ഷിക്കണമെന്ന ഉർബൻ രണ്ടാമൻ മാർപാപ്പ നടത്തിയ വികാരനിർഭരമായ അഭ്യർത്ഥനയാണ് ഒന്നാം കുരിശുയുദ്ധത്തിന്റെ പ്രചോദനം.

ഉർബൻ രണ്ടാമന്റെ പ്രസംഗത്തിന്റെ വിവിധ ഭാഷ്യങ്ങൾ പിന്നീട് നിലവിൽ വന്നെങ്കിലും ഇതിൽ സംബന്ധിക്കുന്നവർക്ക് പ്രത്യേക ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുന്നതും ഇത് ദൈവഹിതമാണെന്ന് മാർപാപ്പ എടുത്തു പറയുന്നതും എല്ലാവരുടെയും വർണ്ണനകളിലും ഉണ്ട്. ഇക്കാലയളവിൽ സ്പെയിനിന്റെ പ്രദേശങ്ങൾ കൈയ്യടക്കി ക്രിസ്തീയ പള്ളികൾ ഇല്ലാതാക്കി ആധിപത്യം സ്ഥാപിച്ച ആഫ്രിക്കയിൽ നിന്നുള്ള മൂർ വംശജരായ മുസ്ലിങ്ങൾക്കെതിരായും ഉർബൻ മാർപാപ്പ ക്രിസ്തീയ രാജാക്കന്മാരുടെ സഹായം അഭ്യർത്ഥിച്ചു. കുരിശുയുദ്ധക്കാർ വിശുദ്ധ നാട് പിടിച്ചടക്കി പതിനാല് ദിവസങ്ങൾക്കു ശേഷം എ.ഡി. 1099 ജൂലൈ 29 -ന് ഉർബൻ രണ്ടാമൻ മാർപാപ്പ കാലം ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ അദ്ദേഹത്തെ 1881 -ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.