പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 156 – അലക്സാണ്ടർ II (1010-1073)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1061 സെപ്റ്റംബർ 30 മുതൽ 1073 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് അലക്സാണ്ടർ രണ്ടാമൻ. മിലാൻ നഗരത്തിനടുത്തുള്ള ചെസാനോ ബൊസ്‌ക്കോണെ എന്ന പ്രദേശത്ത് ആർദേറിക്കൂസ്‌ എന്നയാളുടെ മകനായി 1010 -ൽ ആൻസെലം ജനിച്ചു. ചെറുപ്പത്തിൽ ബനഡിക്‌റ്റീൻ ആശ്രമത്തിന്റെ സ്‌കൂളിൽ ലൻഫ്രാൻക്ക് എന്ന പ്രശസ്ത ഗുരുവിന്റെ പക്കൽ വിദ്യാഭ്യാസത്തിനായി ചേർന്നു. മിലാൻ കത്തീഡ്രലിലെ പുരോഹിതഗണത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിന് പൗരോഹിത്യം നൽകിയത് ആർച്ചുബിഷപ്പ് ഗ്വിതോ ആണ്. തുടർന്ന് വൈദികരുടെ ആത്മീയോന്നതി ലക്ഷ്യം വച്ച് പ്രവർത്തിച്ചിരുന്ന “പാത്രിയ” എന്ന ഒരു സംഘടന രൂപീകരിച്ചു.

എ.ഡി. 1057 -ൽ ആൻസെലത്തെ ലുക്കാ രൂപതയുടെ ബിഷപ്പായി നിയമിച്ചു. സവോണയിലെ ഹിൽഡേബ്രാൻഡിനോട് ചേർന്നുകൊണ്ട് സഭയെ എല്ലാ രീതിയിലും നവീകരിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. നിക്കോളാസ് രണ്ടാമൻ മാർപാപ്പ വിളിച്ചുകൂട്ടിയ വിവിധ സിനഡുകളിൽ സംബന്ധിക്കുകയും അതിലെ നിയമങ്ങൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. പിന്നീട് എ.ഡി. 1061 ജൂലൈ 27 -ന് നിക്കോളാസ് രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാളന്മാർ റോമിൽ സമ്മേളിച്ച് ബിഷപ്പ് ആൻസെലത്തെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. അലക്‌സാണ്ടർ രണ്ടാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പാണ് സഭാചരിത്രത്തിൽ കർദ്ദിനാളന്മാർ മാത്രമായി നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ്. ഇതു വഴിയായി രാജാക്കന്മാരുടെയും റോമിലെ പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും ജനങ്ങളുടെയും മാർപാപ്പ തിരഞ്ഞെടുപ്പിലെ സ്വാധീനം ഇല്ലാതായി.

എന്നാൽ രാജാവിനെയും റോമിലെ പ്രഭുക്കന്മാരെയും അനുകൂലിക്കുന്നവർ പാർമയിലെ ബിഷപ്പായിരുന്ന കഥാലൂസിനെ ഹൊണോറിയോസ് രണ്ടാമൻ എന്ന പേരിൽ മാർപാപ്പയായി തിരഞ്ഞെടുത്തു (ഇദ്ദേഹം ഇന്ന് ആന്റിപോപ്പുമാരുടെ ഗണത്തിൽപെടുന്നു). എ.ഡി. 1063 ഏപ്രിൽ മാസത്തിൽ ലാറ്ററൻ ബസിലിക്കയിൽ കൂടിയ സിനഡിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തു: കൈക്കൂലി കൊടുത്ത് സഭാസ്ഥാനം കരസ്ഥമാക്കുന്നവരും അത് നൽകുന്നവരും അയോഗ്യത നേരിടും, സഭാനിയമത്തിനു വിരുദ്ധമായി വിവാഹം കഴിച്ച പുരോഹിതർ ഇനി മുതൽ കുർബാന അർപ്പിക്കരുത്, ആശ്രമാധിപനാകും എന്ന വാഗ്ദാനത്തോടെ ആരെയും സന്യാസി ആക്കരുത്, പുരോഹിതർ വൈദികവസ്ത്രം നിർബന്ധമായും ധരിക്കണം. ജൂതന്മാരെ കൊല ചെയ്യുകയോ, നിർബന്ധിച്ച് മതം മാറ്റുകയോ ചെയ്യരുതെന്നും മാർപാപ്പ കല്പിച്ചു. അതേസമയം സ്പെയിനിലെ ക്രിസ്ത്യാനികളെ അടിച്ചമർത്തിയ മുസ്ലീങ്ങൾക്കെതിരെ കുരിശുയുദ്ധത്തിനും അലക്‌സാണ്ടർ രണ്ടാമൻ ചക്രവർത്തി ആഹ്വാനം ചെയ്തു. എ.ഡി. 1073 ഏപ്രിൽ 21 -ന് കാലം ചെയ്ത അലക്‌സാണ്ടർ രണ്ടാമനെ അടക്കിയിരിക്കുന്നത് ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.