പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 155 – നിക്കോളാസ് II (990-1061)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1059 ജനുവരി 24 മുതൽ 1061 ജൂലൈ 27 വരെ സഭയെ നയിച്ച മാർപാപ്പയാണ് നിക്കോളാസ് രണ്ടാമൻ. ഫ്രാൻസിലെ ചെവ്റോൺ (ഇന്നത്തെ സവോയ്) നഗരത്തിലാണ് ജറാർഡ് ജനിച്ചത്. ഫ്രാൻസിലെ ലീഗ് നഗരത്തിലെ പുരോഹിത പ്രതിനിധിയായി കുറേ നാൾ അദ്ദേഹം സേവനമനുഷ്ഠിച്ചതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. പിന്നീട് എ.ഡി. 1046 -ൽ ഇറ്റലിയിലെ ഫ്ലോറൻസിലെ മെത്രാനായി അദ്ദേഹം നിയമിതനായി. ഇക്കാലയളവിൽ തന്റെ രൂപതയിലെ വൈദികരുടെ ആത്മീയജീവിതം മെച്ചപ്പെടുത്തുന്നതിന് ധാരാളം പദ്ധതികൾ അദ്ദേഹം നടപ്പിൽ വരുത്തി.

സ്റ്റീഫൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹമായിരുന്നു, അപ്പോൾ ജർമ്മനിയിലായിരുന്ന ഹിൽഡേബ്രാൻഡ് (പിന്നീട് ഗ്രിഗറി ഏഴാമൻ മാർപാപ്പ) തിരികെ വന്നതിനു ശേഷം മാത്രമേ അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടത്താവൂ എന്നത്. കർദ്ദിനാളന്മാർ അതിനായി കാത്തിരിക്കുന്ന സമയത്ത് റോമിലെ പ്രഭുക്കന്മാർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വല്ലേത്രിയിലെ ബിഷപ്പായിരുന്ന ജോണിനെ മാർപാപ്പ ആയി തിരഞ്ഞെടുത്തു. അദ്ദേഹം ബനഡിക്റ്റ് പത്താമൻ എന്ന പേരിൽ സ്ഥാനമേറ്റു. എന്നാൽ കർദ്ദിനാളന്മാരും റോമിലെ വൈദികരും വിശ്വാസികളും ഇത് അംഗീകരിക്കാതെ ഫ്ലോറൻസിലെ ബിഷപ്പായ ജറാർഡിനെ മാർപാപ്പ ആയി തിരഞ്ഞെടുക്കുകയും ബനഡിക്റ്റിനെ റോമിൽ നിന്നും പുറത്താക്കുകയും ചെയ്തു (ബനഡിക്റ്റ് പത്താമൻ ഇന്ന് ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്).

സഭയിൽ നവീകരണത്തിനു വേണ്ടി നിലകൊണ്ട ഹുംബെർട്ടിന്റെയും ഹിൽഡെബ്രാൻഡിന്റെയും വി. പീറ്റർ ഡാമിയന്റെയും ഉപദേശങ്ങൾ നിക്കോളാസ് മാർപാപ്പ എപ്പോഴും തേടിയിരുന്നു. സഭയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ എ.ഡി. 1059 ഈസ്റ്റർ കാലയളവിൽ ലാറ്ററൻ ബസിലിക്കയിൽ വച്ച് 130 ബിഷപ്പുമാരുടെ ഒരു സിനഡ് നിക്കോളാസ് മാർപാപ്പ വിളിച്ചുകൂട്ടുകയും ഇവിടെ വച്ച് ഭാവിയിൽ മാർപാപ്പ തിരഞ്ഞെടുപ്പിന് കർദ്ദിനാളന്മാർക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കുകയുളളൂ എന്ന നിയമം നിർമ്മിക്കുകയും ചെയ്തു. എന്നാൽ റോമിലെ വൈദികരുടെയും ജനങ്ങളുടെയും അംഗീകാരത്തോടെയേ അത് നടപ്പിൽ വരികയുള്ളൂ എന്നും ഈ സിനഡിൽ തീരുമാനിച്ചു. കൂടാതെ, കത്തീഡ്രൽ ദേവാലയങ്ങളിലെ വൈദികർ ആത്മീയാഭിവൃദ്ധിക്കായി സമൂഹജീവിതം നയിക്കണമെന്ന നിർദ്ദേശവും വച്ചു. സഭയിലെ സ്ഥാനങ്ങൾ ആരെങ്കിലും കൈക്കൂലി നൽകി കരസ്ഥമാക്കിയാൽ അതിനാൽ തന്നെ ഇത്തരം അധികാരസ്ഥാനത്തിന് അവർ അർഹതയില്ലാത്തവരായിരിക്കും എന്ന നിയമവും ഈ സിനഡ് നടപ്പിൽ വരുത്തി. എ.ഡി. 1061 ജൂലൈ 27 -ന് ഫ്ലോറൻസ് രൂപതയിൽ അജപാലന ദൗത്യത്തിലായിരുന്ന സമയത്ത് കാലം ചെയ്ത നിക്കോളാസ് രണ്ടാമൻ മാർപാപ്പയെ മുൻഗാമിയായിരുന്ന സ്റ്റീഫൻ മാർപാപ്പയെപ്പോലെ അവിടുത്തെ സാൻ റിപ്പറാത്ത ദേവാലയത്തിലാണ് സംസ്കരിച്ചത്. ഇന്ന് ഈ ദേവാലയം അവിടെ നിലവിലില്ല.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.