പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 154 – സ്റ്റീഫൻ IX (1020-1058)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1057 ആഗസ്റ്റ് 3 മുതൽ 1058 മാർച്ച് 29 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് സ്റ്റീഫൻ ഒൻപതാമൻ. ഫ്രാൻസിന്റെ വടക്കു-കിഴക്കൻ മേഖലയിൽ അധികാരത്തിലുണ്ടായിരുന്ന ആർദെന്നെ-വെർദൂൻ പ്രഭുകുടുംബത്തിലാണ് ഫ്രഡറിക്ക് ജനിച്ചത്. വി. ലാംബെർട്ട് കത്തീഡ്രലിലെ ആർച്ച്ഡീക്കനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് വി. ലിയോ ഒൻപതാമൻ മാർപാപ്പ ഫ്രഡറിക്കിനെ റോമിലേക്ക് വിളിച്ചുവരുത്തുകയും തന്റെ ചാൻസലറായി നിയമിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയുടെയും പാത്രിയർക്കീസിന്റെയും സന്നിധിയിലേക്ക് 1054 -ൽ മാർപാപ്പയുടെ പ്രതിനിധികളായി അയക്കുന്നതുൾപ്പെടെ വലിയ ദൗത്യങ്ങൾ അദ്ദേഹത്തെ മാർപാപ്പ ഭരമേല്പിക്കുന്നുണ്ട്.

വി. ലിയോ ഒൻപതാമൻ മാർപാപ്പയുടെ പ്രധാനപ്പെട്ട ഡിക്രികളെല്ലാം തയ്യാറാക്കുന്നതിന് ഫ്രഡറിക്ക് അദ്ദേഹത്തെ സഹായിച്ചിരുന്നു. അതിനാൽ തന്നെ ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ മാർപാപ്പയോടൊപ്പം സഞ്ചരിക്കാനും ഫ്രഡറിക്കിനു സാധിച്ചു. കൂടാതെ, ഇതുവഴി വലിയ അനുഭവസമ്പത്തും ഉന്നതബന്ധങ്ങളും അദ്ദേഹത്തിനുണ്ടായി. ഫ്രഡറിക്കും സംഘവും കോൺസ്റ്റാന്റിനോപ്പിളിൽ ആയിരിക്കുന്ന സമയത്താണ് ലിയോ മാർപാപ്പ കാലം ചെയ്യുന്നത് (ഇവരുടെ ഈ ദൗത്യത്തിന്റെ അന്ത്യത്തിലാണ് പൗരസ്ത്യ-പാശ്ചാത്യ സഭകൾ തമ്മിൽ നിത്യമായി വേർപിരിയുന്നത്). വി. ലിയോക്കു ശേഷം അധികാരത്തിൽ വന്ന വിക്ടർ രണ്ടാമൻ മാർപാപ്പയുടെയും ചാൻസലറായി ഫ്രഡറിക്ക് സേവനമനുഷ്ടിച്ചു. എ.ഡി. 1057 ജൂൺ 14 -ന് ഫ്രഡറിക്കിനെ റോമിലെ സാൻ ക്രിസോഗോണോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി വിക്ടർ മാർപാപ്പ നിയമിച്ചു. ഈ സമയത്ത് ഇറ്റലിയിലെ മോണ്ടെകസ്സിനോയിലെ ആശ്രമത്തിന്റെ അധിപനായും അദ്ദേഹത്തെ സന്യാസികൾ തിരഞ്ഞെടുത്തു.

അധികാരം ഏറ്റു അധിക നാൾ കഴിയും മുമ്പേ രോഗബാധിനായി വിക്ടർ മാർപാപ്പ കാലം ചെയ്തു. എ.ഡി. 1057 ആഗസ്റ്റ് 2 -ന് റോമിൽ കൂടിയ പുരോഹിതരും ജനങ്ങളും ഫ്രഡറിക്കിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കുന്നു. അദ്ദേഹം സ്റ്റീഫൻ ഒൻപതാമൻ എന്ന പേരോടെ വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. ഇതോടെ ജർമ്മൻ മാർപാപ്പമാരുടെ ഭരണം സഭയിൽ അവസാനിക്കുന്നു. സ്റ്റീഫൻ മാർപാപ്പ എന്ന നിലയിൽ വി. ഗ്രിഗറിയുടെ നയങ്ങൾ പിന്തുടരുകയും സഭയെ നവീകരിക്കുന്നതിനായി നിരവധി സിനഡുകൾ റോമിൽ വിളിച്ചുകൂട്ടുകയും ചെയ്തു. മോണ്ടെ കസ്സിനോ ആശ്രമത്തെ എല്ലാത്തരത്തിലും നവീകരിക്കാൻ മാർപാപ്പ ആയിക്കഴിഞ്ഞും അതിന്റെ ചുമതല വഹിച്ചുകൊണ്ട് സ്റ്റീഫൻ ഒൻപതാമൻ നേതൃത്വം നൽകി. ഫ്ലോറൻസിൽ ആയിരിക്കുന്ന സമയത്ത് എ.ഡി. 1058 മാർച്ച് 29 -ന് സ്റ്റീഫൻ മാർപാപ്പ കാലം ചെയ്തു. അവിടുത്തെ സാന്ത റെപ്പറാത്ത ദേവാലയത്തിൽ അദ്ദേഹത്തെ അടക്കി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.