പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 152 – വി. ലിയോ IX (1002-1054)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1049 ഫെബ്രുവരി 12 മുതൽ 1054 ഏപ്രിൽ 19 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. ലിയോ ഒൻപതാമൻ. നീണ്ട ഇടവേളക്കു ശേഷം വിശുദ്ധരുടെ ഗണത്തിലേക്ക് ഒരു മാർപാപ്പയുടെ നാമം എഴുതിച്ചേർക്കപ്പെടുന്നതിന് ലിയോയുടെ സാക്ഷ്യജീവിതം കാരണമായിത്തീർന്നു. മധ്യകാല യുഗത്തിലെ മാത്രമല്ല സഭാചരിത്രത്തിലെ തന്നെ ഏറ്റം പ്രഗത്ഭരായ മാർപാപ്പമാരിൽ ഒരാളായിരുന്നു ലിയോ. ഹ്യു പ്രഭുവിന്റെയും ഹയിൽവിഗ്ഗിന്റെയും മകനായി എ.ഡി. 1002 ജൂൺ 21 -ന് അന്നത്തെ ജർമ്മൻ പ്രദേശത്തുള്ള ഏഗിസ്ഹൈം എന്ന സ്ഥലത്താണ് ബ്രൂണോയുടെ ജനനം. ടൂളിലെ ബിഷപ്പായിരുന്ന ബർത്തോൾഡ് നേതൃത്വം നൽകിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിലാണ് അഞ്ചാം വയസ്സ് മുതൽ ബ്രൂണോ പഠിച്ചത്.

ഹെന്റി രണ്ടാമൻ ചക്രവർത്തിയുടെ പിൻഗാമിയായി കോൺറാഡ് ചക്രവർത്തി 1024 -ൽ അധികാരമേറ്റപ്പോൾ അദ്ദേഹത്തിന്റെ ചാപ്ലൈയ്നായി ബ്രൂണോയെ നിയമിക്കുന്നു. പിന്നീട് ടൂളിലെ ബിഷപ്പായിരുന്ന ഹെറിമാൻ അന്തരിക്കുമ്പോൾ അവിടുത്തെ ബിഷപ്പായും നിയമിച്ചു. വളരെ പ്രയാസം നിറഞ്ഞതും പ്രശ്നകലുഷിതവുമായ ഒരു കാലഘട്ടത്തിൽ ദൈവീകചൈതന്യത്തോടെ ഈ രൂപതയെ ഇരുപതു വർഷത്തോളം ബ്രൂണോ നയിച്ചു. ഇക്കാലയളവിൽ ഈ പ്രദേശങ്ങളിലുണ്ടായ പട്ടിണിയെ നേരിടുന്നതിലും യുദ്ധത്തിന്റെ കെടുതികളിൽ വലയുന്ന ജനത്തിന് ആശ്വാസമെത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രശ്നങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിലെല്ലാം സമാധാനപരമായ പരിഹാരത്തിന് ഭരണാധികാരികളും സാധാരണക്കാരും ബ്രൂണോയുടെ സഹായം തേടി. എല്ലാ പ്രശ്നങ്ങളും അവധാനതയോടെ കൈകാര്യം ചെയ്യാൻ എല്ലാവർക്കും എല്ലായ്‌പോഴും സമീപസ്ഥനായിരുന്ന ബ്രൂണോയ്ക്ക് കഴിഞ്ഞിരുന്നു.

യൂറോപ്പിലെ അക്കാലത്തെ പ്രശസ്ത സന്യാസഭവനമായിരുന്ന ക്ലൂണി ആശ്രമത്തിന്റെ സഹായത്തോടെ തന്റെ രൂപതയിലെ സംവിധാനങ്ങളെല്ലാം അദ്ദേഹം ആത്മീയമായി നവീകരിച്ചു. ഈ സമയത്താണ് ജർമ്മൻകാരനായ ഡമാസൂസ് മാർപാപ്പ അധികാരമേറ്റ് അധികനാൾ കഴിയുന്നതിനു മുൻപ് കാലം ചെയ്തത്. അദ്ദേഹത്തിന് ഒരു പിൻഗാമിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഹെന്റി മൂന്നാമൻ ചക്രവർത്തി ജർമ്മനിയിലെ വോമ്സ് എന്ന സ്ഥലത്ത് റോമൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഇവിടെ വച്ച് ബ്രൂണോയെ ഏകകണ്ഠമായി അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ റോമിൽ കൂടി അവിടുത്തെ വൈദികരുടെയും ജനങ്ങളുടെയും അംഗീകാരത്തോടെ തിരഞ്ഞെടുപ്പു നടത്തിയാൽ മാത്രമേ ഈ സ്ഥാനം സ്വീകരിക്കൂ എന്ന് ബിഷപ്പ് ബ്രൂണോ നിലപാടെടുത്തു.

ചക്രവർത്തിയും റോമൻ പ്രതിനിധികളും അതിന് സമ്മതിക്കുകയും അതിൻപ്രകാരം 1049 ക്രിസ്തുമസ് കാലയളവിൽ ക്ലൂണിയിലെ ആശ്രമാധിപനായിരുന്ന ഹ്യുവിനേയും മറ്റൊരു യുവസന്യാസിയായ ഹിൽഡെബ്രാഡിനെയും (പിന്നീട് ഗ്രിഗറി ഏഴാമൻ മാർപാപ്പ) കൂട്ടി ബ്രൂണോ റോമിലേക്ക് യാത്രയാവുകയും ചെയ്തു. ഒരു തീർത്ഥാടകന്റെ വേഷത്തിൽ പദയാത്രികനായി റോമിലെത്തിയ ബിഷപ്പ് ബ്രൂണോയെയും സംഘത്തെയും റോമൻ ജനത ഭക്ത്യാദരവുകളോടെ സ്വീകരിച്ചു. സഭയുടെ യഥാർത്ഥ ചൈതന്യത്തിലേക്ക് തിരികെ പോകുന്നതിന്റെ അടയാളമായി റോമാക്കാർ ഇതിനെ കരുതുകയും തുടർന്ന് ബ്രൂണോയെ മാർപാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു. അവരുടെ വിശ്വാസത്തെ ഒന്നുകൂടി ആഴപ്പെടുത്തിക്കൊണ്ട് മഹാനായ ലിയോ മാർപാപ്പയുടെ നാമം തന്നെ ബ്രൂണോ സ്വീകരിച്ചു. അങ്ങനെ അദ്ദേഹം ലിയോ ഒൻപതാമൻ എന്ന് അറിയപ്പെടാൻ തുടങ്ങി.

അധികാരമേറ്റയുടൻ എ.ഡി. 1049 ഈസ്റ്റർ കാലയളവിൽ അദ്ദേഹം റോമിൽ വച്ച് ഒരു സിനഡ് വിളിച്ചുകൂട്ടുകയും ഇതിൽ വൈദികബ്രഹ്മചര്യം ഡീക്കന്മാർക്കും പുരോഹിതന്മാർക്കും നിർബന്ധമാക്കുകയും ചെയ്തു. എല്ലാത്തരത്തിലുള്ള കൈക്കൂലിയും നിരോധിക്കുകയും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് കടുത്ത കാനോനിക ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. മാർപാപ്പമാർ വിവിധ രാജ്യങ്ങളിൽ അജപാലന ആവശ്യങ്ങൾക്കായി ജനങ്ങളെ സന്ദർശിക്കുന്ന പതിവും അദ്ദേഹം ആരംഭിച്ചു. ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ധാരാളം സന്ദർശനങ്ങൾ അദ്ദേഹം നടത്തി. ഇറ്റലിയിലെ പവിയ എന്ന സ്ഥലത്തു കൂടിയ സിനഡിനു ശേഷം ഹെന്റി മൂന്നാമൻ ചക്രവർത്തിയുടെ കൂടെ കൊളോൺ, ആഹൻ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. റൈമ്സിൽ കൂടിയ കൗൺസിലിൽ ആ പ്രദേശനത്തിന് ആവശ്യമായ നിരവധി നിയമങ്ങൾ നടപ്പാക്കി. മൈൻസിൽ ഇറ്റലിയിലെയും ഫ്രാൻസിലെയും ജർമ്മനിയിലെയും വൈദികരുടെ സമ്മേളനം വിളിച്ചുകൂട്ടി സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഈ സമ്മേളനത്തിൽ പൗരസ്ത്യ ദേശത്തു നിന്നും ബൈസന്റീൻ സഭയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ലിയോ മാർപാപ്പയുടെ ഈ അപ്പസ്തോലിക അജപാലന തീർത്ഥാടനങ്ങൾ യൂറോപ്പിലെ സഭയിൽ വലിയ ആത്മീയ ഉണർവിന് കാരണമായിത്തീർന്നു.

ഇതിനു ശേഷം റോമിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും എ.ഡി. 1050 ഏപ്രിൽ 29 -ന് ഒരു സിനഡ് വിളിച്ചുകൂട്ടി അന്ന് സഭയിൽ നിലവിലുണ്ടായിരുന്ന പ്രബോധപരമായ വിഷയങ്ങൾ ചർച്ച ചെയ്ത് അതിനുള്ള പരിഹാരവും നിർദേശിച്ചു. ഇക്കാലയളവിൽ ടൂർസിലെ ബെറേഞർ എന്ന ക്രിസ്തീയ ദൈവശാസ്ത്രഞ്ജൻ പദാര്‍ത്ഥാന്തരീകരണം (transubstantiation) സംബന്ധിച്ച് ചില നിരീണക്ഷണങ്ങൾ നടത്തിയത് സഭയിൽ ചില പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നു (പിന്നീട് വി. തോമസ് അക്വീനാസ് ഈ വിഷയം ഗഹനമായി ചർച്ച ചെയ്യുന്നുണ്ട്). ഇതിനെ തുടർന്ന് 1050 ഏപ്രിൽ 29 -ന് ലിയോ മാർപാപ്പ റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടി. അതുപോലെ തന്നെ പണം കൊടുത്ത് സഭാസ്ഥാനങ്ങൾ കൈക്കലാക്കിയ മെത്രാന്മാർ കൊടുത്ത പട്ടങ്ങളുടെ സാധുതയെക്കുറിച്ചും പിന്നീടൊരു സിനഡിൽ മാർപാപ്പ ചർച്ചചെയ്യുന്നുണ്ട്. അങ്ങനെ ഏത് പ്രതിസന്ധിയിലും കൂട്ടായ ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ലിയോ മാർപാപ്പ വിജയിച്ചു.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് മൈക്കിൾ സെറുലാറിയൂസിന് ലത്തീൻ ആരാധനാരീതികളോട് കടുത്ത എതിർപ്പുള്ള ആളായിരുന്നു. ലത്തീൻ പാരമ്പര്യത്തിൽ കുർബാനക്ക് പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതിനെക്കുറിച്ചും നോമ്പ് – ഉപവാസ ദിവസങ്ങളെക്കുറിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പല ആർച്ചുബിഷപ്പുമാർക്കും അദ്ദേഹം കത്തെഴുതി. അതിന് മറുപടിയായി 1054 -ൽ ലിയോ മാർപാപ്പ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പക്കാണെന്ന് വിവരിച്ചു കൊണ്ട് കത്തെഴുതി. കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഔദ്യോഗികമായി തന്റെ കല്പനയിലൂടെ ഇത് ചെയ്തിട്ടുണ്ട് എന്നും ഈ എഴുത്തിൽ അദ്ദേഹം പറയുന്നു (കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഈ എഴുത്ത് അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടതാണെന്ന് ഇന്ന് വിശ്വസിക്കപ്പെടുന്നു).

ലിയോ ഒമ്പതാമൻ സിൽവ കാൻഡിഡയിലെ കർദിനാൾ ഹുംബെർട്ടിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു ഔദ്യോഗികസംഘത്തെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുന്നു. ഈ സംഘം അവിടെ എത്തിയപ്പോഴേക്കും ലിയോ മാർപാപ്പ കാലം ചെയ്തിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ ചർച്ചകൾ വിജയിക്കാഞ്ഞപ്പോൾ 1054 ജൂലൈ 16 -ന് പ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രലിൽ വച്ച് വലിയൊരു വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി അവിടുത്തെ പാത്രിയർക്കീസിനെ സഭയിൽ നിന്നും പുറത്താക്കുന്നതായി കർദ്ദിനാൾ ഹുംബെർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട മാർപാപ്പയുടെ ഔദ്യോഗിക ഉത്തരവ് (bull) അവിടുത്തെ അൽത്താരയിൽ വച്ചു. ഇതേ തുടർന്ന് ജൂലൈ 24 -ന് മാർപാപ്പയെ പുറത്താക്കിക്കൊണ്ടുള്ള സമാനായ ഉത്തരവ് പാത്രിയർക്കീസും പുറപ്പെടുവിക്കുന്നു. മാർപാപ്പ കാലം ചെയ്തിട്ട് മൂന്ന് മാസത്തോളം ആയിരുന്നതിനാൽ ഈ രണ്ടു ഉത്തരവുകളും നിയമപ്രാബല്യമില്ലാത്തതായിരുന്നു. എന്നാൽ ഈ സംഭവം ചരിത്രപ്രസിദ്ധമായ “പടിഞ്ഞാറ്-കിഴക്ക് ഭിന്നത” (East–West Schism) ആരംഭിക്കുന്നതിനു കാരണമായി. സഭയിൽ അന്ന് ആരംഭിച്ച വിഭജനം ഇന്നും തുടരുന്നു.

1054 ഏപ്രിൽ 19 -ന് കാലം ചെയ്ത ലിയോ ഒമ്പതാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. ഏപ്രിൽ 16 -ന് അദ്ദേഹത്തിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.