പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 151 – ഡമാസൂസ് II (1000-1048)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1048 ജൂലൈ 17 മുതൽ ഓഗസ്റ്റ് 9 വരെയുള്ള നാളുകളിൽ മാർപാപ്പ ആയിരുന്ന ആളാണ് ഡമാസൂസ് രണ്ടാമൻ. കേവലം ഇരുപത്തിനാല് ദിവസം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റം ചുരുങ്ങിയ മാർപാപ്പ ഭരണങ്ങളിൽ ഒന്നായിരുന്നു ഇത്. ജർമ്മനിയിൽ നിന്നുള്ള മൂന്നാമത്തെ മാർപാപ്പയായ പോപ്പോ ബവേറിയായിലെ ഒരു പ്രഭുകുടുംബത്തിൽ എ.ഡി. 1000 -ൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ച പോപ്പോ ഇന്നത്തെ ഇറ്റലിയുടെ വടക്കുള്ള തിറോൾ എന്ന പ്രദേശത്തെ ബ്രിക്സൺ രൂപതയുടെ ബിഷപ്പായി എ.ഡി. 1040 -ൽ നിയമിതനായി. ഹെന്റി മൂന്നാമന്റെ ഉപദേശകനായിരുന്ന അദ്ദേഹത്തെയും റോമിലേക്കുള്ള തന്റെ കിരീടധാരണ ചടങ്ങിലേക്ക് ചക്രവർത്തി ക്ഷണിച്ചിരുന്നു. അറിവും വിവേകവും ആത്മീയഗുണങ്ങളും ഒത്തുചേർന്ന ഒരു ജീവിതത്തിന് ഉടമയായിരുന്നു ബിഷപ്പ് പാപ്പാ.

മുൻപ് വിവരിച്ച, സഭയുടെ താറുമാറായ അവസ്ഥ നേരെയാക്കുന്നതിന് ഇവിടുത്തെ വൈദികരുടെയും ജനങ്ങളുടെയും അഭ്യർത്ഥന മാനിച്ച് റോമിലേക്ക് വന്ന ഹെന്റി മൂന്നാമൻ ചക്രവർത്തിയുടെ സംഘത്തിലെ അംഗമായിരുന്നു ബിഷപ്പ് പോപ്പോ. ഇവിടെ വച്ചാണ് മൂന്ന് മാർപാപ്പ കാംഷികളെ പുറത്താക്കി ക്ലമന്റ് രണ്ടാമനെ ചക്രവർത്തിയുടെ സാന്നിധ്യത്തിൽ മാർപാപ്പ ആയി തിരഞ്ഞെടുത്തത്. ഈ സ്ഥാനാരോഹണത്തിനു ശേഷം പാപ്പാ തന്റെ രൂപതയിൽ ചെന്ന് ജോലികൾ പുനരാരംഭിച്ചു. എന്നാൽ ക്ലമന്റ് രണ്ടാമൻ മാർപാപ്പ ഔദ്യോഗിക ജോലി ആരംഭിച്ച് ഒരു വർഷമാകുന്നതിനു മുൻപ് ജർമ്മനിയിൽ നിന്നും റോമിലേക്കുള്ള യാത്രാമധ്യേ രോഗബാധിതനായി മരിക്കുന്നു. ബനഡിക്റ്റ് ഒൻപതാമൻ ഈ ഇടവേളയിൽ തന്നെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ മാർപാപ്പ സ്ഥാനത്തേയ്ക്ക് വീണ്ടും വരുന്നു. എന്നാൽ റോമിലെ പ്രമുഖരുടെ ആവശ്യപ്രകാരം ഹെന്റി മൂന്നാമൻ ചക്രവർത്തി വീണ്ടും ഇക്കാര്യത്തിൽ ഇടപെടുകയും ഇറ്റലിയിൽ തന്നെ ബിഷപ്പായിരുന്ന ജർമ്മൻകാരനായ പാപ്പായെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു.

ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച് വടക്കൻ ഇറ്റലിയിൽ നിന്നുള്ള ഭരണാധികാരി ബോനിഫസ് ബിഷപ്പ് പാപ്പയെ റോമിലേക്ക് അനുഗമിക്കുകയും ബനെഡിക്റ്റ് ഒൻപതാമനെ മാർപാപ്പ സ്ഥാനത്തു നിന്നും വീണ്ടും പുറത്താക്കി പോപ്പോയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു. റോമിലെ ജനങ്ങൾ വലിയ സന്തോഷത്തോടെ തങ്ങളുടെ പുതിയ മാർപാപ്പയെ സ്വീകരിച്ചു. ലാറ്ററൻ ബസിലിക്കയിൽ വച്ച് 1048 ജൂലൈ 17 -ന് ഡമാസൂസ് രണ്ടാമൻ എന്ന പേരിൽ അദ്ദേഹം മാർപാപ്പയായി അധികാരമേറ്റു. എന്നാൽ അധികം താമസിയാതെ 1048 ഓഗസ്റ്റ് 9 -ന് മലേറിയ ബാധിച്ച് ഡമാസൂസ് രണ്ടാമൻ മാർപാപ്പ മരണപ്പെടുന്നു. അദ്ദേഹത്തെ റോമൻ മതിലിനു പുറത്തുള്ള വി. ലോറൻസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.