പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 146 – സിൽവസ്റ്റർ III (1000-1063)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1045 ജനുവരി 20 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ്‌ സിൽവസ്റ്റർ മൂന്നാമൻ. റോമിലെ ഭരണസംവിധാനങ്ങളെല്ലാം ചില പ്രഭുകുടുംബങ്ങൾ കയ്യടക്കുകയും അവരുടെ അധികാരമോഹത്തിന്റെ വേദിയായി രാഷ്ട്രീയ നേതൃത്വവും ആത്മീയ നേതൃത്വവും മാറുന്ന കാഴചയാണ് ഈ കാലഘട്ടത്തിൽ കാണാൻ കഴിയുന്നത്. റോമിലെ ഭരണശ്രേണിയിൽ ഉണ്ടായിരുന്ന ക്രസന്തി കുടുംബത്തിൽ എ.ഡി. 1000 -ൽ ജോൺ ജനിച്ചു. ജോൺ പത്തൊൻപതാമൻ മാർപാപ്പ 1032 -ൽ കാലം ചെയ്തപ്പോൾ മാർപാപ്പ സ്ഥാനത്തിനു വേണ്ടി റോമിലെ രണ്ടു കുടുംബങ്ങൾ തമ്മിൽ കടുത്ത മത്സരം നടന്നു. അങ്ങനെ ടുസ്ക്കുളും കുടുംബക്കാരനായ തെയോഫിലാക്ത് ഇരുപതാമത്തെ വയസ്സിൽ ബനഡിക്റ്റ് ഒൻപതാമൻ എന്ന നാമത്തിൽ മാർപാപ്പ ആകുന്നു. എന്നാൽ അധികം താമസിയാതെ ക്രസന്തി കുടുംബം അദ്ദേഹത്തെ മാർപാപ്പ സ്ഥാനത്തു നിന്നും നിഷ്‌കാസനം ചെയ്ത് സിൽവസ്റ്ററിനെ ആ സ്ഥാനത്തേക്കു തിരഞ്ഞെടുത്തു.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം സബീന രൂപതയുടെ ബിഷപ്പായിരുന്നു. മാർപാപ്പ ആയപ്പോൾ സിൽവസ്റ്റർ മൂന്നാമൻ എന്ന നാമം സ്വീകരിക്കുന്നു. റോമിൽ അന്നുണ്ടായിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പിലും ഭരണത്തിലുമെല്ലാം നിഴലിച്ചിരുന്നു. തങ്ങളെ തിരഞ്ഞെടുക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ശൈലി. സിൽവസ്റ്റർ മൂന്നാമൻ മാർപാപ്പയായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നേരത്തെ പുറത്താക്കപ്പെട്ട ബനഡിക്റ്റ് റോമിൽ തിരികെയെത്തി സിൽവസ്റ്ററിനെ പുറത്താക്കി വീണ്ടും മാർപാപ്പയുടെ അധികാരം കയ്യാളുന്നു. റോമിൽ നിന്നും നിഷ്കാസിതനായ സിൽവസ്റ്റർ തന്റെ പഴയ രൂപതയിൽ തിരികെയെത്തി അവിടുത്തെ ബിഷപ്പായി തുടർന്നും ജോലി ചെയ്തു.

ഈ സംഭവത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ റോമിലെ പുരോഹിതന്മാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് ഹെൻറി മൂന്നാമൻ ചക്രവർത്തി എ.ഡി. 1046 ഡിസംബർ 20 -ന് ഇറ്റലിയിലെ സുത്രീ എന്ന സ്ഥലത്തു വച്ച് ഒരു സിനഡ് വിളിച്ചുകൂട്ടി. ഈ സിനഡിൽ വച്ച് സിൽവസ്റ്ററിന്റെ മാർപാപ്പ സ്ഥാനം മാത്രമല്ല ബിഷപ്പ് സ്ഥാനവും എടുത്തുകളയുകയും ഒരു സന്യാസ ആശ്രമത്തിൽ ശിഷ്ടകാലം ജീവിക്കാനായി അയക്കുകയും ചെയ്തു. എന്നാൽ ഈ വിധി പിന്നീട് പിൻവലിക്കുകയും അദ്ദേഹത്തെ സബീന രൂപതയുടെ മെത്രാനായി തുടരാൻ അനുവദിക്കുകയും ചെയ്തതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. ചില ഗ്രന്ഥങ്ങളിൽ സിൽവസ്റ്ററിനെ ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കത്തോലിക്കാ സഭയുടെ ഡയറക്റ്ററിയിൽ അദ്ദേഹം ഔദ്യോഗിക മാർപാപ്പയാണ്. അദ്ദേഹം സേവനം ചെയ്ത സബീന രൂപതയിൽ തന്നെ മരണശേഷം അടക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.