പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 144 – ജോൺ XIX (975-1032)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1024 മെയ് 14 മുതൽ 1032 ഒക്ടോബർ 6 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് ജോൺ പത്തൊമ്പതാമൻ. റോമിലെ പ്രഭുവായിരുന്ന ഗ്രിഗറി ഒന്നാമന്റെയും അദ്ദേഹത്തിന്റെ ഭാര്യ മേരിയുടെയും മൂന്നാമത്തെ മകനായി റോമിലാണ് റൊമാനൂസ് ജനിക്കുന്നത്. വിദ്യാഭ്യാസത്തിനു ശേഷം റൊമാനൂസ് റോമിലെ ഒരു സെനറ്റർ ആയി നിയമിക്കപ്പെട്ടു. അതോടൊപ്പം തന്റെ സഹോദരൻ ബെനഡിക്റ്റ് എട്ടാമൻ മാർപാപ്പയെ ഭരണത്തിൽ സഹായിക്കുന്ന ഉത്തരവാദിത്വവും ഉണ്ടായിരുന്നു. പിന്നീട് സഹോദരന്റെ പിൻഗാമിയായി മാർപാപ്പ ആകുമ്പോൾ റൊമാനൂസ് ഒരു സാധാരണ അത്മായൻ മാത്രമായിരുന്നു. അതിനാൽ എല്ലാ പട്ടങ്ങളും അദ്ദേഹത്തിന് ഒന്നിച്ചുനല്‍കി സ്ഥാനാരോഹണം നടത്തി. സഭയുടെ ചരിത്രത്തിൽ സ്വന്തം സഹോദരന്റെ പിൻഗാമിയാകുന്ന ഒരേയൊരു മാർപാപ്പയാണ് ഇദ്ദേഹം.

എ.ഡി. 1054 -ൽ സഭയിലുണ്ടായ കിഴക്ക്-പടിഞ്ഞാറ് വിഭജനത്തിന്റെ വിത്തുകൾ പാകപ്പെട്ടത് ഇക്കാലത്താണെന്നു പറയപ്പെടുന്നു. ഇറ്റാലിയൻ പ്രദേശത്തുള്ള ബൈസന്റീൻ ആരാധന അനുധാവനം ചെയ്യുന്ന വിശ്വാസികളുടെ ആത്മീയ കാര്യനിർവ്വഹണവും കോൺസ്റ്റാന്റിനോപ്പിൾ പ്രദേശങ്ങളിലുള്ള ലത്തീൻ ആരാധന അനുധാവനം ചെയ്യുന്ന വിശ്വാസികളുടെ ആവശ്യങ്ങളും പരിഹരിക്കപ്പെടാനാവാത്ത പ്രശ്നങ്ങളായി വളർന്നു. അറേസ്സോയിലെ ഗീതോ എന്ന ബെനഡിക്‌റ്റീൻ സന്യാസി ഇറ്റലിയിലെ ഏറ്റം പ്രശസ്ത സംഗീതജ്ഞരിൽ ഒരാളായിരുന്നു. അദ്ദേഹത്തെ റോമിലേക്ക് വരുത്തുകയും ഗീതോയുടെ സംഗീതം വായിക്കുന്നതിനുള്ള പുതിയ കണ്ടുപിടുത്തങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മാർപാപ്പ ആവശ്യപ്പെടുകയും ചെയ്തു. ഇതു കൂടാതെ റോമിലെ വൈദികരെ സംഗീതം അഭ്യസിപ്പിക്കുന്നതിന് ബെനഡിക്‌റ്റീൻ സന്യാസികളെ ചുമതലപ്പെടുത്തുന്നു.

ഹെന്റി രണ്ടാമൻ ചക്രവർത്തി മരിച്ചപ്പോൾ എ.ഡി. 1027 -ൽ കോൺറാഡ് രണ്ടാമനെ വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് മാർപാപ്പ ചക്രവർത്തിയായി വാഴിക്കുന്നു. റോമിലേക്ക് തീർത്ഥാടനം നടത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ഇംഗ്ലണ്ടിലെയും ബർഗണ്ടിയിലെയും രാജാക്കന്മാരോട് മാർപാപ്പ ആവശ്യപ്പെടുകയും അവർ സൗകര്യങ്ങൾ ഒരുക്കി അവർക്കായി നികുതി ഇളവുകൾ നൽകുകയും ചെയ്തു. അതുപോലെ പോളണ്ടിലെ രാജാവായ ബോലേസ്ളാവ് ഒന്നാമന് ആശീർവദിച്ച ഒരു കിരീടം മാർപാപ്പ കൊടുത്തയക്കുന്നു. ഫ്രാൻസിലെ ക്ലൂണി ആശ്രമം തന്റെ സംരക്ഷണയിൽ ഏറ്റെടുക്കുകയും ധാരാളം ആനുകൂല്യങ്ങൾ അവർക്ക് അനുവദിച്ചു നൽകുകയും ചെയ്തു. ആശ്രമാധിപനായിരുന്ന ഒഡില്ലൊയെ ലിയോൺസിലെ ആർച്ചുബിഷപ്പായി നിയമിച്ചെങ്കിലും അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. എ.ഡി. 1032 ഒക്ടോബർ 6 -നു കാലം ചെയ്ത ജോൺ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.