പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 143 – ബെനഡിക്റ്റ് VIII (980-1024)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1012 മെയ് 18 മുതൽ 1024 ഏപ്രിൽ 9 വരെ മാർപാപ്പ ആയിരുന്ന ആളാണ് ബെനഡിക്റ്റ് എട്ടാമൻ. തുസ്ക്കുളും പ്രഭുകുടുംബത്തിൽ എ.ഡി. 980 -ൽ റോമിലാണ് തെയോഫിലാക്തിന്റെ ജനനം. റോമിലെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന ഗ്രിഗറി ഒന്നാമൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഈ കുടുംബത്തിൽ നിന്ന് ഇക്കാലയളവിൽ മറ്റ് മൂന്ന് മാർപാപ്പമാർ കൂടി ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു സാധാരണ അത്മായൻ മാത്രമായിരുന്ന തെയോഫിലാക്തിന് എല്ലാ പട്ടങ്ങളും നല്കി 1012 മെയ് 18 -ന് ബെനെഡിക്റ്റ് എട്ടാമൻ എന്ന പേരിൽ മാർപാപ്പ ആയി വാഴിക്കുന്നു. റോമിലെ മറ്റൊരു പ്രബലകുടുംബമായ ക്രസന്തി, ഈ സമയത്ത് ഗ്രിഗറി ആറാമൻ എന്നയാളിനെ തങ്ങളുടെ മാർപാപ്പ ആയി തിരഞ്ഞെടുത്തു (ഇദ്ദേഹം ഇന്ന് ആന്റി-പോപ്പായാണ് അറിയപ്പെടുന്നത്).

അന്നത്തെ പതിവിനു വിപരീതമായി എല്ലാ തലത്തിലും വളരെ ശക്തനായ ഒരു ഭരണാധികാരി ആയിരുന്നു ബെനഡിക്റ്റ് എട്ടാമൻ. അദ്ദേഹത്തിന്റെ സഹോദരൻ ജോൺ (പിന്നീട് മാർപാപ്പ) ഭരണകാര്യങ്ങളിൽ മാർപാപ്പയെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ജർമ്മൻ ചക്രവർത്തിയായ ഹെൻറി രണ്ടാമനുമായി മാർപാപ്പ അടുത്ത ബന്ധം പുലർത്തുകയും ഭരണപരവും സഭാപരവുമായ കാര്യങ്ങളിൽ അവർ സഹകരിച്ചു മുന്നോട്ടു പോവുകയും ചെയ്തു. ഹെൻറി രണ്ടാമൻ റോമിലെത്തി വിശുദ്ധ റോമാ ചക്രവർത്തിയായി 1014 ഫെബ്രുവരിയിൽ പത്രോസിന്റെ ബസിലിക്കയിൽ വച്ച് വാഴിക്കപ്പെട്ടു. ചക്രവർത്തിയുടെ സഹോദരൻ അർനോൾഡിനെ റെവെന്നായിലെ ആർച്ചുബിഷപ്പായും ഈ സമയത്ത് നിയമിച്ചു.

ഇറ്റലിയുടെ തെക്കുഭാഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന മുസ്ലിം സരസീൻ വംശജരെ ബെനെഡിക്റ്റ് മാർപാപ്പയുടെ നേതൃത്വത്തിൽ പുറത്താക്കുകയും ക്രിസ്തീയ ആധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്തു. എ.ഡി. 1016 -ൽ സർദീനിയ പ്രദേശങ്ങൾ അവരിൽ നിന്നും മോചിപ്പിച്ച് ഇറ്റലിയോട് ചേർത്തു. പിന്നീട് മാർപാപ്പ നേരിട്ട് ജർമ്മനിയിൽ എത്തി ഭരണകാര്യങ്ങൾ ഹെൻറി രണ്ടാമൻ ചക്രവർത്തിയുമായി ആലോചിക്കുന്നു. മാർപാപ്പയുടെയും ചക്രവർത്തിയുടെയും നേതൃത്വത്തിൽ എ.ഡി. 1022 -ൽ ഇറ്റലിയിലെ പവിയ നഗരത്തിൽ ഒരു സിനഡ് വിളിച്ചുകൂട്ടി. അതിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന് പരോഹിത്യ ബ്രഹ്മചര്യം സഭയിൽ നിർബന്ധമായും നടപ്പാക്കണം എന്നതായിരുന്നു. ഇവിടെ വച്ച് സഭയിലെ ഏതെങ്കിലും സ്ഥാനം കരസ്ഥമാക്കുന്നതിന് കൈക്കൂലി നൽകുന്നതിനെ കഠിനശിക്ഷ അർഹിക്കുന്ന കുറ്റമായി വിധിക്കുകയും ചെയ്തു. കൂടാതെ ക്ലൂണി ആശ്രമത്തിലെ വി. ഒഡിലോ നടപ്പാക്കിയ ആശ്രമനവീകരണ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും മാർപാപ്പ നല്കി. എ.ഡി. 1024 ഏപ്രിൽ 9 -ന് കാലം ചെയ്ത ബെനഡിക്റ്റ് എട്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.