പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 142 – സേർജിയൂസ് IV (970-1012)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1009 ജൂലൈ 31 മുതൽ 1012 മെയ് 12 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് സേർജിയൂസ് നാലാമൻ. റോമിലെ പീന എന്നറിയപ്പെടുന്ന പ്രദേശത്ത് ഷൂ നിർമ്മാതാവായ പീറ്ററിന്റെയും സ്‌റ്റെഫാനിയായുടെയും മകനായി എ.ഡി. 970 -ൽ സേർജിയൂസ് ജനിച്ചു. മാർപാപ്പ ആകുന്നതിനു മുൻപ് അദ്ദേഹം അറിയപ്പെട്ടിരുന്നത് പിയെത്രോ മാർട്ടിനോ ബുക്കപ്പോർച്ചി എന്ന പേരിലായിരുന്നു. പത്രോസ് നാമധാരി ആയതിനാൽ ആ പേര് മാറ്റി പുതിയ പേര് സ്വീകരിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാർപാപ്പയാണ് സേർജിയൂസ് (എ.ഡി. 983 -ൽ ജോൺ പതിനാലാമനും ഇപ്രകാരം ചെയ്തിരുന്നു).

ഇക്കാലഘട്ടത്തിലെ മറ്റു മാർപാപ്പമാരെ പോലെ സേർജിയൂസും ക്രസന്തി കുടുംബത്തിന്റെ ശുപാർശപ്രകാരം ഈ സ്ഥാനത്തേക്കു വന്നതാണ്. ബെനഡിക്റ്റീൻ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന സേർജിയൂസ് എ.ഡി. 1004 -ൽ അൽബാനോ രൂപതയുടെ മെത്രാനായി നിയമിതനായി. ജോൺ പതിനെട്ടാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്ത് ആശ്രമജീവിതത്തിനായി പോയപ്പോൾ ആ സ്ഥാനത്തേക്ക് സേർജിയൂസിനെ തിരഞ്ഞെടുത്തു. ഹെൻറി രണ്ടാമൻ ചക്രവർത്തി നിർമ്മിച്ച പ്രസിദ്ധ ദേവാലയമാണ് ജർമ്മനിയിലെ ബാംബർഗ്ഗ് രൂപത കത്തീഡ്രൽ. സഭയിൽ ഇന്ന് വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്. അതുപോലെ തന്നെ ക്ലമന്റ് രണ്ടാമൻ (1005–1047) മാർപാപ്പയുടെ ഭൗതീകശരീരവും ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇത് ഒരു മാർപാപ്പയുടെ, ജർമ്മനിയിലുള്ള ഒരേയൊരു കല്ലറയാണ്. ഈ ദൈവാലയത്തിന്റെ കൂദാശക്ക് ഹെൻറി രണ്ടാമന്റെ അഭ്യർത്ഥന മാനിച്ച് സേർജിയൂസ് മാർപാപ്പ പ്രതിനിധിസംഘത്തെ അയക്കുകയും കത്തീഡ്രൽ ദൈവാലയത്തിന് ചില പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചു നൽകുകയും ചെയ്തു.

ഇക്കാലഘട്ടത്തിൽ റോമിലുണ്ടായ പട്ടിണിയിൽ ജനങ്ങളെ സഹായിക്കാൻ മാർപാപ്പ മുൻകൈയ്യെടുത്തു. അതുപോലെ ആശ്രമങ്ങളുടെ മേൽ രൂപതകളുടെ നിയന്ത്രണം ഇല്ലാതാക്കി സ്വതന്ത്രമായി ഭരിക്കപ്പെടുന്നതിനുള്ള അംഗീകാരവും നൽകി. മുസ്ലീങ്ങൾ വിശുദ്ധ നാട് കയ്യടക്കി കർത്താവിന്റെ കല്ലറയുടെ ദേവാലയം നശിപ്പിച്ചപ്പോൾ അത് വീണ്ടെടുക്കുന്നതിനായി ആഹ്വാനം ചെയ്തത് സേർജിയൂസ് മാർപാപ്പയാണെന്ന ഒരു വാദമുണ്ട്. എന്നാൽ അത് പിന്നീട് കുരിശുയുദ്ധ കാലത്ത് ഉണ്ടാക്കിയ രേഖയാണെന്നും പറയപ്പെടുന്നു. എ.ഡി. 1012 മെയ് 12 ന് കാലം ചെയ്ത സേർജിയൂസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് ജോൺ ലാറ്ററൻ ബസിലിക്കയിലാണ്. സഭ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹം അംഗമായിരുന്ന ബെനഡിക്റ്റീൻ സന്യാസ സമൂഹം സേർജിയൂസിന് വിശുദ്ധർക്ക് അനുയോജ്യമായ ആദരവും വണക്കവും നൽകുന്നുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.