പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 14 – വി. വിക്ടർ I (155-199)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ആഫ്രിക്കൻ വംശജനായ ആദ്യത്തെ മാർപാപ്പയാണ് ക്രിസ്തുവർഷം 189 മുതൽ 199 വരെ സഭയെ നയിച്ച വിക്ടർ ഒന്നാമൻ മാർപാപ്പ. സഭയിലെ ആഫ്രിക്കയിൽ നിന്നുള്ള പേരുകേട്ട വേദപരംഗതനായ വി. അഗസ്തീനോസിനെപ്പോലെ ബേർബർ വംശത്തിലായിരുന്നു അദ്ദേഹത്തിന്റെയും ജനനം. മാർപാപ്പയാകുന്നതിന് മുൻപ് അദ്ദേഹം മെത്രാനായി കുറേക്കാലം ജോലി ചെയ്തിരുന്നു. കാർത്തേജ് നഗരത്തിനടുത്തുള്ള ലെപ്റ്റിസ് മാഗ്‌ന എന്ന സ്ഥലത്തെ ബിഷപ്പായിരുന്നു. ട്രിപ്പോളിത്താന എന്ന നഗരത്തിലും അദ്ദേഹം കുറേ നാൾ താമസിച്ചിരുന്നുവെന്ന് ചരിത്രരേഖകളിൽ കാണുന്നു. ഈ പ്രദേശങ്ങളെല്ലാം അന്നത്തെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ ഗ്രീക്ക് ഭാഷയിലാണ് തങ്ങളുടെ തിരുവെഴുത്തുകൾ പരസ്യപ്പെടുത്തിയിരുന്നതെങ്കിൽ, വിക്ടർ മാർപാപ്പ ലത്തീൻ ഭാഷയിൽ എഴുതുകയും പിന്നീട് സാവധാനം അത് സഭയുടെ ഔദ്യോഗികഭാഷയായി പരിണമിക്കുകയും ചെയ്തു.

വി. വിക്ടറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക പ്രവൃത്തി അദ്ദേഹം പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി ധാരാളം പരിശ്രമങ്ങൾ നടത്തി എന്നതാണ്. അക്കാലത്ത് ധാരാളം ക്രിസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ റോമിന്റെ അധീനതയിലുള്ള മെഡിറ്ററേനിയൻ ദ്വീപായ സർദീനിയായിലെ ഖനികളിൽ കഠിനജോലികൾ ചെയ്യുന്നതിനായി നിയോഗിച്ചിരുന്നു. വിക്ടർ മാർപാപ്പ അവരുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. മോചനം ലഭിച്ച് തിരികെ വരുന്നവരെ ദേവാലയങ്ങളിൽ സന്തോഷത്തോടെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അദ്ദേഹം ചെയ്തു.

തന്റെ മുൻഗാമികളായ മാർപാപ്പമാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഈസ്റ്റർ ആഘോഷം നടത്തുന്ന വിശ്വാസികളെ അദ്ദേഹം പള്ളികളിൽ നിന്നും പുറത്താക്കി. പിന്നീട് ഗൗളിൽ നിന്നുള്ള ബിഷപ്പിന്റെ നിർദ്ദേശമനുസരിച്ച് കൃത്യമായ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഒരു ദിവസം തന്നെ എല്ലായിടത്തും ഈസ്റ്റർ ആഘോഷിക്കുന്നതിനുള്ള ചില പരിശ്രമങ്ങളും അദ്ദേഹം നടത്തി. അക്കാലത്തെ പ്രസിദ്ധ ചിന്തകരിലൊരാളായ തിയോദോത്തസ് ക്രിസ്തു മർത്യനും സാധാരണ മാതാപിതാക്കൾക്ക് ജനിച്ച മനുഷ്യനും ഉത്ഥാനത്തിനു ശേഷം മാത്രം ദൈവത്വം പ്രാപിച്ചയാളാണെന്നും പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. വിക്ടർ മാർപാപ്പ തിയോദോത്തസിന്റെ പഠനങ്ങളെ നിരാകരിക്കുകയും സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. അദ്ദേഹത്തെ അടക്കിയ സ്ഥലത്തെക്കുറിച്ച് ചരിത്രപരമായ രേഖകൾ ഒന്നും നിലവിലില്ലെങ്കിലും അക്കാലഘട്ടത്തിലെ ക്രിസ്തീയനേതാക്കന്മാരെപ്പോലെ വിക്ടർ മാർപാപ്പയും രക്തസാക്ഷിയുടെ കിരീടം ചൂടുകയാണുണ്ടായത്. ജൂലൈ 28-ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.