പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 137 – ജോൺ XV (950-996)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 985 ആഗസ്റ്റ് 20 മുതൽ 996 ഏപ്രിൽ ഒന്ന് വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ജോൺ പതിനഞ്ചാമൻ. റോമിലെ പുരോഹിതനായിരുന്ന ലിയോയുടെ മകനായി എ.ഡി. 950 -ലാണ് അദ്ദേഹം ജനിച്ചത്. മാർപാപ്പ ആകുന്നതിനു മുൻപ് റോമിലെ വി. വിത്താലിസ് പള്ളിയിലെ കർദ്ദിനാൾ പുരോഹിതനായിരുന്നു ഇദ്ദേഹം. മാർപാപ്പ സ്ഥാനം ഏറ്റെടുത്ത ജോൺ പതിനഞ്ചാമന് റോമിലുണ്ടായിരുന്ന രാഷ്ട്രീയവും മതപരവുമായ അനിശ്ചിതത്വം കാരണം കാര്യമായി എന്തെങ്കിലും ചെയ്യുന്നതിനു സാധിച്ചിരുന്നില്ല.

ഇക്കാലത്ത് ക്രസെന്തിയൂസ് രണ്ടാമൻ എന്ന പട്രീഷ്യൻ ഭരണകുടുംബത്തിലെ പ്രഭു എല്ലാ കാര്യങ്ങളിലും കൈകടത്തിയിരുന്നതായി പറയപ്പെടുന്നു. മരിച്ചുപോയ ഓട്ടോ രണ്ടാമന്റെ ഭാര്യ തെയോഫാനു ചക്രവർത്തിനി ഇതറിഞ്ഞു റോമിൽ വരികയും മാർപാപ്പയുടെ സ്ഥാനവും മഹിമയും പുനഃസ്ഥാപിക്കുന്നതിനു സഹായിക്കുകയും ചെയ്തു. എന്നാൽ എ.ഡി. 991 ജൂൺ മാസത്തിൽ തെയോഫാനു മരിച്ചത് ജോൺ പതിനഞ്ചാമൻ മാർപാപ്പക്ക് ശക്തയായ ഒരു സഹായിയെ ഇല്ലാതാക്കി. എ.ഡി. 991 -ൽ റൈമ്സ് ആർച്ചുബിഷപ്പായിരുന്ന അർനൂൾഫിനെ തൽസ്ഥാനത്തു നിന്ന് ഫ്രാൻസിലെ ചില ബിഷപ്പുമാർ ചേർന്ന് പുറത്താക്കിയത് അവിടെ വലിയ പ്രശ്നമായി പരിണമിക്കുന്നു. ഈ പ്രശ്നങ്ങളിൽ മാർപാപ്പ നേരിട്ട് ഇടപെട്ടെങ്കിലും അത് രമ്യമായി പരിഹരിക്കുന്നതിന് കുറേ വർഷങ്ങൾ വേണ്ടിവന്നു. ഇംഗ്ളണ്ടിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ലിയോയിലൂടെ അവിടുത്തെ രാജാവും നോർമണ്ടിയിലെ ഡ്യൂക്കുമായുള്ള തർക്കം പരിഹരിക്കുന്നതിന് ജോൺ പതിനഞ്ചാമനു സാധിച്ചു.

ക്ലൂണി ആശ്രമത്തിലെ സന്യാസികളോട് മാർപാപ്പക്ക് വലിയ സ്നേഹവും ആദരവുമായിരുന്നു. അവരുടെ സന്യാസ നവീകരണ പരിശ്രമങ്ങളെയെല്ലാം മാർപാപ്പ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഇന്നത്തെ രീതിയിൽ സഭ ഔദ്യോഗികമായി ഒരു വിശുദ്ധനെ പ്രഖ്യാപിക്കുന്ന പ്രക്രിയ തുടങ്ങിയത് ജോൺ മാർപാപ്പയാണ്. ഓഗ്‌സ്ബുർഗ് രൂപതയിലെ മെത്രാനായിരുന്ന ഉൾറിക്കിനെ 993 -ൽ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കുന്നു. അതുവരെ പ്രാദേശികമായി ചെയ്തിരുന്ന കർമ്മമായിരുന്നു ഇത്. അത്ഭുതപ്രവർത്തകനും ഉന്നത ധാർമ്മികമൂല്യങ്ങൾക്ക് ഉടമയും സഭയുടെ വളർച്ചക്ക് വലിയ സംഭാവനകൾ നൽകിയവനുമായ ഉൾറിക്കിന്റെ പ്രശസ്തി അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ യൂറോപ്പിലുടനീളം വ്യാപിച്ചിരുന്നു. ഓട്ടോ മൂന്നാമൻ ചക്രവർത്തി തന്റെ കിരീടധാരണം നടത്തുന്നതിനായി റോമിലേക്കുള്ള യാത്രയിലായിരിക്കുന്ന സമയത്ത് പവിയ എന്ന സ്ഥലത്ത് ഈസ്റ്റർ ശുശ്രൂഷക്കായി താമസിക്കുമ്പോൾ ജോൺ പതിനഞ്ചാമൻ മാർപാപ്പ രോഗബാധിതനായി പെട്ടെന്ന് മരിക്കുന്നു. ജോൺ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.