പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 134 – ബെനഡിറ്റ് VI (925-974)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 973 ജനുവരി 19 മുതൽ 974 ജൂൺ 8 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് ബെനഡിക്റ്റ് ആറാമൻ. ജർമ്മനിയിൽ നിന്നും റോമിൽ കുടിയേറിയ ഹിൽഡേബ്രാൻഡ് എന്നയാളുടെ മകനായി എ.ഡി. 925 -ൽ റോമിലാണ് ബെനഡിക്റ്റ് ജനിച്ചത്. റോമിലെ സെന്റ്‌ തിയഡോർ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കൻ ആയിരിക്കുന്ന സമയത്താണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ജോൺ പതിമൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഓട്ടോ ചക്രവർത്തിയെ അനുകൂലിക്കുന്ന ആളുകൾ 972 സെപ്റ്റംബർ മാസത്തിൽ ബെനഡിക്റ്റ് ആറാമനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ ഓട്ടോ ഒന്നാമൻ ചക്രവർത്തിയുടെ അനുവാദം ആവശ്യമായിരുന്നതിൽ എ.ഡി. 973 ജനുവരി വരെ അദ്ദേഹത്തിന് സ്ഥാനാരോഹണം നടത്തുന്നതിന് സാധിച്ചില്ല. പക്ഷെ റോമിലെ ഭൂരിഭാഗം ജനങ്ങളും ചക്രവർത്തിയുടെ രാഷ്ട്രീയവും സഭാപരവുമായ കൈകടത്തലുകളെ എതിർത്തിരുന്നതിനാൽ മാർപാപ്പയും അവരുടെ അപ്രീതിക്ക് വിധേയനായി.

ഇക്കാലത്തെ മാർപാപ്പയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ വിരളമായ ചരിത്ര തെളിവുകളെ പിന്തലമുറക്ക് ലഭ്യമായിട്ടുള്ളൂ. ജർമ്മനിയിലെ പാസ്സാവിൽ നിന്നും വന്ന ഒരു തീർത്ഥാടകന് ഹങ്കറിയിൽ സുവിശേഷപ്രവർത്തനത്തിന് അധികാരം കൊടുക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെടുന്ന ഒരു എഴുത്ത് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഓട്ടോ ചക്രവർത്തിയുടെ ആവശ്യപ്രകാരം ജർമ്മനിയിലെ ട്രിയറിനെ അവിടുത്തെ മുഖ്യരൂപതായി ബെനെഡിക്റ്റ് മാർപാപ്പ പ്രഖ്യാപിച്ചു. ഇക്കാലത്ത് യൂറോപ്പിലുടനീളം ധാരാളം ആശ്രമങ്ങൾ ഉണ്ടായിരുന്നു. അവയുടെ നവീകരണത്തിനായി മാർപാപ്പ വിവിധ കല്പനകൾ പുറപ്പെടുവിച്ചു. ഓട്ടോ ചക്രവർത്തി എ.ഡി. 974 മെയ് 7 -ന് മരിക്കുകയും അത് ബെനഡിക്റ്റ് മാർപാപ്പയുടെ ജനപിന്തുണ പെട്ടെന്ന് ഇല്ലാതാക്കുകയും ചെയ്തു. ഓട്ടോ രണ്ടാമൻ ചക്രവർത്തിക്ക് ജർമ്മനിയിലെ പ്രശ്നങ്ങൾ കാരണം മാർപാപ്പയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാനും സാധിച്ചില്ല. ഇതേ തുടർന്ന് റോമിലെ പ്രബല പ്രഭുക്കന്മാരായ ക്രസന്തി കുടുംബം മാർപാപ്പയെ കാസിൽ സന്താഞ്ചലോയിൽ തടവുകാരനാക്കി.

റോമിലെ പ്രഭുക്കന്മാർ ഫ്രാങ്കോ ഫെറൂച്ചി എന്ന കർദ്ദിനാൾ ഡീക്കനെ ഈ സമയത്ത് ബോനിഫസ് ഏഴാമൻ എന്ന പേരോട് കൂടി മാർപാപ്പ ആയി തിരഞ്ഞെടുത്തു. ഇതറിഞ്ഞ ചക്രവർത്തി തന്റെ ആളുകളെ റോമിലേക്ക് അയക്കുകയും ബെനഡിക്റ്റിനെ മാർപാപ്പയായി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബോനിഫസിന്റെ നിർദ്ദേശപ്രകാരം ബെനഡിക്റ്റ് ഇതിനോടകം കൊല ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചക്രവർത്തിയുടെ ആളുകൾ റോമിലെത്തിയപ്പോൾ ബോനിഫസ് റോമിൽ നിന്ന് ഓടിയൊളിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനം ആന്റി-മാർപാപ്പമാരുടെ ഗണത്തിലാണ്. ബെനഡിക്റ്റ് ആറാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.