പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 132 – ലിയോ VIII (915-965)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 964 ജൂൺ 23 മുതൽ 965 മാർച്ച് ഒന്ന് വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് ലിയോ എട്ടാമൻ. ചില രേഖകളിൽ 963-964 കാലഘട്ടങ്ങളിൽ ജോൺ പന്ത്രണ്ടാമന്റെയും ബെനഡിക്റ്റ് അഞ്ചാമന്റെയും കാലത്തും അദ്ദേഹം മാർപാപ്പ ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഓട്ടോ ഒന്നാമൻ ചക്രവർത്തി സഭയുടെ മേൽ നടത്തിയ കൈകടത്താലായി കരുതപ്പെടുന്നതിനാൽ ഇക്കാലയളവിൽ അദ്ദേഹം മാർപാപ്പ ആയിരുന്നില്ല എന്ന ചിന്തക്കാണ് മുൻ‌തൂക്കം. റോമിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയുണ്ടായിരുന്ന സഭയിലെ ഉന്നതസ്ഥാനീയനായ ജോൺ എന്നയാളുടെ മകനായി എ.ഡി. 915 -ൽ റോമിലാണ് ലിയോ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ നല്ല വിദ്യാഭ്യാസവും ലോകപരിചയവും ഓട്ടോ ഒന്നാമൻ ചക്രവർത്തിയുമായി ഇടപെടാനുള്ള അവസരങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇത് പിന്നീട് മാർപാപ്പ സ്ഥാനത്തേക്ക് വരുന്നതിനുള്ള വഴിയായി തീരുകയും ചെയ്തു. ചരിത്രത്തിലെ സങ്കീർണ്ണമായ പേപ്പസികളിൽ ഒന്നായിരുന്നു ഇത്.

ഓട്ടോ ചക്രവർത്തി, ജോൺ പന്ത്രണ്ടാമൻ മാർപാപ്പയെ സഭാനിയമങ്ങൾ ലംഘിച്ചുകൊണ്ടു പുറത്താക്കുന്ന സമയത്ത് ലിയോ, റോമിലെ മാർപാപ്പയുടെ “പ്രോട്ടോ നോട്ടറി” എന്ന പദവിയിൽ ജോലി ചെയ്യുകയായിരുന്നു. ചക്രവർത്തി പിന്നീട് ലിയോ എട്ടാമനെ ആരോടും ആലോചിക്കാതെ എ.ഡി. 963 ഡിസംബർ 4 -ന് മാർപാപ്പയായി പ്രഖ്യാപിക്കുന്നു. സാധാരണ അത്മായനായിരുന്ന ലിയോക്ക് ഒരു ദിവസം കൊണ്ട് എല്ലാ പട്ടങ്ങളും നല്‍കി രണ്ടു ദിവസങ്ങൾക്കു ശേഷം മാർപാപ്പയായി അവരോധിച്ചു. കാര്യമെല്ലാം ഭംഗിയായി പര്യവസാനിച്ചു എന്നു കരുതി ചക്രവർത്തി ജർമ്മനിയിലേക്ക് പോയപ്പോൾ റോമിലെ ജനങ്ങൾ ലിയോക്കെതിരെ തിരിയുകയും അദ്ദേഹം ചക്രവർത്തിയുടെ അടുത്തേക്ക് പലായനം ചെയ്യുകയും ചെയ്തു. ഈ സമയത്ത് ജോൺ പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനത്ത് തിരികെയെത്തുകയും അദ്ദേഹത്തിന്റെ മരണശേഷം റോമിലെ ജനങ്ങൾ ബെനഡിക്റ്റിനെ പിൻഗാമിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഓട്ടോ ചക്രവർത്തി വീണ്ടും റോമിലെത്തി ബെനഡിക്റ്റിനെ പുറത്താക്കി ലിയോ ഏഴാമനെ മാർപാപ്പയായി അവരോധിക്കുന്നു. കൂടാതെ, റോമിലെ പ്രഭുക്കന്മാരെ വി. പത്രോസിന്റെ കല്ലറയിൽ കൊണ്ടുവന്ന് ലിയോയോട് വിധേയപ്പെട്ടുകൊള്ളാമെന്ന് ചക്രവർത്തി സത്യം ചെയ്യിക്കുന്നു. ചക്രവർത്തിയോടുള്ള പ്രതിനന്ദിയായി ഭൗതീക അധികാരം കൂടാതെ ബിഷപ്പുമാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള പല സഭാധികാരങ്ങളും മാർപാപ്പ അദ്ദേഹത്തിന് വിവിധ ഉത്തരവുകളിലൂടെ നൽകുന്നു. എന്നാൽ ഈ കല്പനകൾ പലതും ചക്രവർത്തിയുടെ ആളുകൾ വ്യജമായി ഉണ്ടാക്കിയതാണെന്നാണ് പല സഭാചരിത്രകാരന്മാരും വിശ്വസിക്കുന്നത്. എ.ഡി. 965 മാർച്ച് 1 -ന് കാലം ചെയ്ത ലിയോ എട്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.