പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 131 – ബെനഡിക്റ്റ് V (915-965)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 964 മെയ് 22 മുതൽ ജൂൺ 23 വരെയുള്ള ഒരു മാസ കാലയളവിൽ മാർപാപ്പ ആയിരുന്ന വ്യക്തിയാണ് ബെനഡിക്റ്റ് അഞ്ചാമൻ. ജോൺ എന്നയാളുടെ മകനായി റോമിലാണ് അദ്ദേഹം ജനിച്ചത്. റോമിലെ പ്രസിദ്ധമായ മാർസെല്ലൂസ് തിയേറ്ററിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ ഭവനം എന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. ബെനഡിറ്റ് വളരെ പണ്ഡിതനും അക്കാലത്തെ വിഖ്യാതരായ കർദ്ദിനാൾ ഡീക്കന്മാരിൽ ഒരാളുമായിരുന്നു. ലത്തീൻ വ്യാകരണമൊക്കെ ഹൃദിസ്ഥമാക്കിയവൻ എന്ന നിലയിൽ “ഗ്രമാറ്റിക്കൂസ്” എന്നായിരുന്നു അദ്ദേഹത്തെ സമകാലീനർ വിളിച്ചിരുന്നത്. അതേ സമയം ജോൺ പന്ത്രണ്ടാമൻ മാർപാപ്പയെ പുറത്താക്കി ലിയോ എട്ടാമനെ പ്രതിഷ്ഠിക്കുന്നതിൽ ഓട്ടോ ഒന്നാമൻ ചക്രവർത്തിക്ക് അന്ന് കർദ്ദിനാൾ ഡീക്കനായിരുന്ന ബെനഡിക്റ്റിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ജോൺ മാർപാപ്പയുടെ മരണത്തിനു ശേഷം നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ ചക്രവർത്തിയുടെ സ്ഥാനാർഥി ലിയോയെ റോമിലെ ജനങ്ങൾ മാർപാപ്പ ആയി അംഗീകരിച്ചില്ല. അങ്ങനെ പ്രശ്നങ്ങൾ വർദ്ധിച്ചുവന്ന ഒരു സമയത്ത് ബെനഡിക്റ്റിനെ തിരഞ്ഞെടുക്കുകയും അത് റോമാക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ബെനഡിക്റ്റിന്റെ തിരഞ്ഞെടുപ്പിനെ ഓട്ടോ ചക്രവർത്തി നിരസിക്കുന്നു. ചക്രവർത്തിയുടെ എതിർപ്പിനെ വകവയ്ക്കാതെ 964 മെയ് 22 -ന് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം നടത്തുന്നു. കൂടാതെ, ഈ സമയത്ത് ചക്രവർത്തിയുടെ ഏത് ആക്രമണത്തിനെതിരെയും മാർപാപ്പക്ക് സംരക്ഷണം നൽകുമെന്ന് റോമൻ ജനത പ്രതിജ്ഞ ചെയ്തു. ഇതിൽ രോഷാകുലനായ ചക്രവർത്തി റോമിലേക്ക് സൈന്യത്തോടൊപ്പം മാർച്ചു ചെയ്യുകയും റോമിനെ ഉപരോധിക്കുകയും ചെയ്തു. ഇത് അവിടെ വലിയ പട്ടിണിക്കും ദുരിതത്തിനും കാരണമായിത്തീരുകയും ചെയ്തു.

ബെനഡിക്റ്റ് മാർപാപ്പ ഓട്ടോയെയും കൂടെയുള്ളവരെയും സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അവസാനം ചക്രവർത്തി റോമിൽ പ്രവേശിക്കുകയും മാർപാപ്പയെ ബന്ധനസ്ഥനാക്കുകയും ചെയ്തു. ഓട്ടോയുടെ നിർദ്ദേശപ്രകാരം ലിയോ വിളിച്ചുകൂട്ടിയ സിനഡിൽ, ബെനഡിക്റ്റിനെ എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും പുറത്താക്കി ഒരു ഡീക്കനായി തരം താഴ്ത്തി. പിന്നീട് ഹാംബുർഗിലെ ആർച്ചുബിഷപ്പായിരുന്ന അടൽഡാഗിന്റെ കൂടെ അദ്ദേഹത്തെ താമസിപ്പിക്കുന്നു. പണ്ഡിതനും പുണ്യങ്ങൾ വിളങ്ങുന്ന സ്വഭാവത്തിനുടമയുമായ ബെനഡിക്റ്റ് തന്റെ ഭവനത്തിൽ വസിക്കുന്നത് അടൽഡാഗ് വലിയ അനുഗ്രമായിട്ടാണ് കരുതിയത്. എ.ഡി. 965 ജൂലൈ നാലിന് കാലം ചെയ്ത ബെനഡിക്റ്റ് അഞ്ചാമൻ മാർപാപ്പയെ ഹാംബുർഗ് കത്തീഡ്രലിൽ അടക്കം ചെയ്യുകയും പിന്നീട് അദ്ദേഹത്തിന്റെ മൃതശരീരം എ.ഡി. 988 -ൽ റോമിൽ കൊണ്ടുവന്ന് അടക്കം ചെയ്യുകയും ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.