പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 128 – മരിനൂസ് II (900-946)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 942 മെയ് മുതൽ 946 ഒക്ടോബർ 30 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് മരിനൂസ് രണ്ടാമൻ. എ.ഡി. 900 -ൽ റോമിലാണ് അദ്ദേഹത്തിന്റെ ജനനം. തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റോമിൽ തന്നെ വൈദികപരിശീലനവും അദ്ദേഹം പൂർത്തിയാക്കുന്നു. മാർപാപ്പ ആകുന്നതിന് മുൻപ് വി. സിറിയാക്കൂസ് ദേവാലയത്തിലെ വൈദികനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഈ ദേവാലയം ഇന്നത്തെ റോമിലെ പിയാസ്സ ദെല്ല റിപ്പുബ്ലിക്ക എന്ന സ്ഥലത്തായിരുന്നു. ഡയോക്ലിഷൻ ചക്രവർത്തി നിർമ്മിച്ച റോമിലെ പ്രസിദ്ധമായ കുളിസ്ഥലവും ഇവിടെയായിരുന്നു. എ.ഡി. 537 -ൽ ഓസ്‌ത്രഗോസ്ത് വംശജർ ഇവിടേക്കുള്ള ജലസ്രോതസ് നിർത്തലാക്കുന്നതുവരെ റോമിലെ ഏറ്റം പ്രശസ്തമായ പ്രദേശങ്ങളിലൊന്നായിരുന്നു ഇത്. രക്തസാക്ഷികളുടെയും മാലാഖാമാരുടെയും അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള വലിയ ബസിലിക്ക ഇപ്പോൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

റോമിന്റെ ഭരണാധികാരിയായിരുന്ന സ്പൊളെത്തോയിലെ ആൾബറിക്കിന്റെ സ്വാധീനത്താലാണ് മരിനൂസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ പേപ്പൽ സ്റ്റേറ്റിന്റെ ഉൾപ്പെടെയുള്ള രാഷ്ട്രഭരണ നിർവ്വഹണം ആൾബറിക്ക് നടത്തിയിരുന്നു. സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ മാത്രമായിരുന്നു മരിനൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രൂപതാ വൈദികരുടെയും സന്യാസ വൈദികരുടെയും പരിശീലനത്തിലും ജീവിതനവീകരണത്തിലും അദ്ദേഹം പ്രത്യക ശ്രദ്ധ കൊടുത്തു. ഈ സമയത്ത് ജർമ്മനിയിലെ മൈൻസ് രൂപതയുടെ ആർച്ചുബിഷപ്പായിരുന്ന ഫ്രഡറിക്കിനെ മാർപാപ്പയുടെ പ്രതിനിധിയായി നിയമിക്കുന്നു. അതുവഴിയായി ജർമ്മനിയിലെയും ഫ്രാൻസിലെയും സഭയുടെ മേൽനോട്ടം അദ്ദേഹം ഏറ്റെടുക്കുകയും ഈ പ്രദേശങ്ങളിൽ സഭ വളരുകയും ചെയ്തു. കൂടാതെ വി. ബോനിഫാസ്സിന് ഉണ്ടായിരുന്നതുപോലെ സിനഡ് വിളിച്ചുകൂട്ടുന്നതിനും സഭാകാര്യങ്ങളിൽ ശിക്ഷണനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അധികാരങ്ങളും മാർപാപ്പ അദ്ദേഹത്തിനു നൽകി.

ഇറ്റലിയിലെ കാപ്പുവ രൂപതയിലെ ബിഷപ്പ് മോണ്ടെ കസ്സിനോയിലെ ബനഡക്റ്റീൻ സന്യാസികളിൽ നിന്നും അവരുടെ ചുമതലയിലുണ്ടായിരുന്ന പള്ളികൾ പിടിച്ചെടുക്കുകയും അവിടുത്തെ ആശ്രമാധിപനെ റോമിലെ പൗലോസ് അപ്പോസ്തോലന്റെ ബസിലിക്കയ്ക്കടുത്തുള്ള സന്യാസാശ്രമത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ മാർപാപ്പ അതിൽ ഇടപെടുകയും എല്ലാ കാര്യങ്ങളും പഴയ രീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. യൂറോപ്പിലെ വിവിധ പ്രദേശങ്ങളിലുണ്ടായിരുന്ന സന്യാസ സമൂഹങ്ങളുടെ വളർച്ചക്കായി മരിനൂസ് ഇടപെടുകയും അവരെ സഹായിക്കുകയും ചെയ്തു. എ.ഡി. 946 ഒക്ടോബർ 30 -ന് കാലം ചെയ്ത മരിനൂസ് രണ്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.