പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 127 – സ്റ്റീഫൻ VIII (900-942)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 939 ജൂലൈ 14 മുതൽ 942 ഒക്ടോബർ 30 വരെയുള്ള വർഷങ്ങൾ മാർപാപ്പ ആയിരുന്ന ആളാണ് സ്റ്റീഫൻ എട്ടാമൻ. റോമിൽ എ.ഡി. 900 -ലാണ് അദ്ദേഹത്തിന്റെ ജനനം. റോമിലെ സിൽവസ്റ്ററിന്റെയും മാർട്ടിന്റെയും നാമത്തിലുള്ള ദേവാലയത്തിൽ ഒരു വൈദികനായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ലിയോ ഏഴാമൻ മാർപാപ്പയെപ്പോലെ റോമിന്റെ ഭരണാധികാരിയായിരുന്ന ആൽബറിക്ക് രണ്ടാമന്റെ സ്വാധീനത്തിലാണ് സ്റ്റീഫനും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിനാൽ തന്നെ രാജാവ് പേപ്പൽ സ്റ്റേറ്റിന്റെ മേലുള്ള തന്റെ നിയന്ത്രണം തുടരുകയും സ്റ്റീഫൻ മാർപാപ്പ ആത്മീയകാര്യങ്ങളിൽ മാത്രം മുഴുകിക്കഴിയുകയും ചെയ്തു.

ലിയോ ഏഴാമൻ മാർപാപ്പ തുടങ്ങിവച്ച യൂറോപ്പിലെ ആശ്രമ നവീകരണപ്രവർത്തനങ്ങൾ സ്റ്റീഫൻ മാർപാപ്പയും തുടർന്നു. തത്ഫലമായി ഫ്രാൻസിലെ ക്ലൂണി ആശ്രമം യൂറോപ്പിലെ തന്നെ ഏറ്റം പ്രശസ്തവും സ്വാധീനമുള്ളതുമായ ആശ്രമമായി വളർന്നു. ക്ലൂണി ആശ്രമത്തിന്റെ മാതൃകയിൽ റോമിലെ സന്യാസഭവനങ്ങളിലും നവീകരണപ്രവർത്തനങ്ങൾ നടത്തുകയും അത് സഭയുടെ ആത്മീയവളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്തു. ഈ കാലഘട്ടത്തിലെ ഇരുൾ മൂടിയതും അനിശ്ചിതത്വം നിറഞ്ഞതുമായ രാഷ്ട്രീയസാഹചര്യങ്ങളിൽ സഭയുടെ ആത്മീയനവീകരണത്തിനു സഹായിച്ച വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു ആശ്രമങ്ങളുടെ നവീകരണത്തിലും വളർച്ചയിലുമുള്ള മാർപാപ്പാമാരുടെ ശ്രദ്ധ.

ക്രിസ്തീയവിശ്വാസത്തിലായിരുന്ന വടക്കൻ ഫ്രാൻസിൽ ലൂയി നാലാമൻ രാജാവിനെതിരായി പ്രഭുക്കന്മാർ പ്രക്ഷോഭം നടത്തുകയായിരുന്നു. അത് പരിഹരിക്കുന്നതിനായി സ്റ്റീഫൻ മാർപാപ്പ ഒരു പ്രതിനിധിസംഘത്തെ അയച്ച് രാജാവിന് വിധേയപ്പെടാൻ ആവശ്യപ്പെട്ടു. ഇവരുടെ ദൗത്യം പൂർണ്ണമായും വിജയിച്ചില്ലെങ്കിലും ഫ്രാൻസിലെ ബിഷപ്പുമാരുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പു വരുത്തുന്നതിന് പേപ്പൽ സംഘത്തിനു സാധിച്ചു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാവുകയും മാർപാപ്പ മറ്റൊരു സംഘത്തെ അയക്കുകയും ചെയ്തു. ഇപ്രാവശ്യം മാർപാപ്പയുടെ ആവശ്യത്തിനു വഴങ്ങി പ്രഭുക്കന്മാർ പിൻവാങ്ങുകയും അങ്ങനെ അവിടെ സമാധാനം കൈവരുകയും ചെയ്തു. എന്നാൽ റോമിലെ ഭരണാധികാരി ആൽബറിക്ക് രണ്ടാമൻ ചില ബിഷപ്പുമാർ അദ്ദേഹത്തിന്റെ ഭരണത്തെ ചോദ്യം ചെയ്തപ്പോൾ അത് സ്റ്റീഫൻ മാർപാപ്പയുടെ ആശീർവാദത്തോടെ ആണെന്നു ചിന്തിച്ച് മാർപാപ്പക്കെതിരെ തിരിയുന്നു. ആൾബറിക്ക് രാജാവ് മാർപാപ്പയെ തടവിലാക്കി അവിടെ കിടന്ന് അദ്ദേഹം മരിച്ചുവെന്നും അല്ല അദ്ദേഹത്തിന്റേത് സ്വാഭാവികമരണമായിരുന്നു എന്നും രണ്ടു വാദഗതികൾ നിലവിലുണ്ട്. എ.ഡി. 942 ഒക്ടോബർ 30 -ന് മരിച്ച സ്റ്റീഫൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്തക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.