പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 126 – ലിയോ VII (885-939)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 936 ജനുവരി മുതൽ 939 ജൂലൈ 13 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ലിയോ ഏഴാമൻ. എ.ഡി. 885 -ൽ റോമിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസവും അവിടെത്തന്നെ ആയിരുന്നു. സാൻ സിസ്റ്റോ വേക്കിയോ ദേവാലയത്തിലെ പുരോഹിതനായിരിക്കുമ്പോഴാണ് ലിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ റോമൻ ഭരണാധികാരിയായിരുന്ന സ്‌പോളെത്തോയിലെ ആൾബറിക് രണ്ടാമന്റെ ഇഷ്ടപ്രകാരമായിരുന്നു ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. തന്റെ ആജ്ഞകൾക്ക് അനുസൃതമായി പേപ്പസിയെ കൊണ്ടുപോവുക എന്നതായിരുന്നു രാജാവിന്റെ ലക്ഷ്യം. എന്നാൽ ഒരു ബെനഡിക്‌റ്റീൻ സന്യാസിയായിരുന്ന ലിയോയ്ക്ക് ഈ സ്ഥാനത്തേയ്ക്ക് വരുന്നതിന് യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. വലിയ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഇരുൾ മൂടിയ ഒരു കാലഘട്ടത്തിൽ അല്പമെങ്കിലും പ്രകാശത്തിന്റെയും നന്മയുടെയും പ്രതീകമായിരുന്നു ലിയോ. മാർപാപ്പമാർ പേപ്പൽ സ്റ്റേറ്റിന്റെ ഭരണാധികാരി കൂടിയായിരുന്ന ഇക്കാലയളവിൽ ലിയോയ്ക്ക് ഭൗതീക കാര്യങ്ങളിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. റോമിന്റെ ഭരണാധികാരിയായിരുന്ന ആൾബറിക് രണ്ടാമൻ രാജാവായിരുന്നു പേപ്പൽ സ്റ്റേറ്റിന്റേയും ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ലിയോ ഏഴാമന്റെ മൂന്നു വർഷത്തെ ഭരണകാലയളവിൽ സന്യാസാശ്രമങ്ങളുടെ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. അതിൽ ഏറ്റം പ്രധാനമായത് ഫ്രാൻസിലെ ക്ലൂണി ആശ്രമത്തിന്റെ വളർച്ചക്ക് സഹായിച്ചതായിരുന്നു. അവിടുത്തെ ആശ്രമാധിപനായിരുന്ന ഒഡോയുടെ സ്വാധീനം ഉപയോഗിച്ച് ഇറ്റലിയിലെ രാജാക്കന്മാരായിരുന്ന ഹ്യുവും ആൽബെറിക്കും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ക്ലൂണി ആശ്രമത്തിൽ വലിയ നവീകരണവും പുതുചൈതന്യവും കൊണ്ടുവന്ന ഒഡോയെ പിന്നീട് റോമിലേക്ക് വരുത്തുകയും റോമൻ പ്രദേശത്തുള്ള എല്ലാ ആശ്രമങ്ങളും നവീകരിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തു. റോമിൽ നിന്ന് അധികം വിദൂരത്തല്ലാത്ത സുബിയാക്കോ ആശ്രമത്തിന്റെ വളർച്ചയ്ക്കായി പല പദ്ധതികളും നടപ്പാക്കി. മൈൻസിലെ ആർച്ചുബിഷപ്പായിരുന്ന ഫ്രഡറിക്കിനെ ജർമ്മനിയിലെ സഭയുടെ നവീകരണത്തിനായി ലിയോ മാർപാപ്പ നിയോഗിച്ചു. അവിടെയുള്ള യഹൂദന്മാരെയെല്ലാം മാമ്മോദീസ നൽകി ക്രിസ്ത്യാനികൾ ആക്കുന്നതിനും അതിന് വിസമ്മിതിച്ചവരെ പുറത്താക്കുന്നതിനും ഫ്രെഡറിക്ക് ആവശ്യപ്പെട്ടപ്പോൾ അതിന് അനുവാദം നൽകിയത് ലിയോയുടെ ജീവചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അവശേഷിച്ചു. എ.ഡി. 939 ജൂലൈ 13 -ന് കാലം ചെയ്ത ലിയോ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.