പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 125 – ജോൺ XI (910-935)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 931 മാർച്ച് മുതൽ 935 ഡിസംബർ വരെ സഭയെ നയിച്ച മാർപാപ്പയാണ് ജോൺ പതിനൊന്നാമൻ. റോമിലെ അന്നത്തെ ഏറ്റം ശക്തയായി അറിയപ്പെട്ടിരുന്ന മറോസിയായുടെയും സ്‌പൊളെത്തോയിലെ ഡ്യൂക്കായിരുന്ന ആൽബെറിക്ക് ഒന്നാമന്റെയും മകനായി 910 -ലാണ് ജോണിന്റെ ജനനം. റോമൻ നഗരത്തിന്റെ ഭരണാധികാരിയായിരുന്ന ആൽബറിക്ക് രണ്ടാമൻ ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു. വടക്കൻ ഇറ്റലിയിൽ ബിഷപ്പായിരുന്ന ക്രമോണയിലെ ലിയുത്പ്രാൻഡ് അഭിപ്രായപ്പെടുന്നത് സെർജിയൂസ് മൂന്നാമൻ മാർപാപ്പയിൽ മറോസിയായ്ക്കുണ്ടായ മകനാണ് ജോൺ പതിനൊന്നാമൻ എന്നാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായം തന്നെയാണ് ‘ലീബർ പൊന്തിഫിക്കാലിസും’ പ്രകടിപ്പിച്ചിട്ടുള്ളത്. ഇക്കാലത്തെ ഇറ്റലിയിലെ കലാപകലുഷിതവും അരാജകത്വത്തിന്റേതുമായ അവസ്ഥ എല്ലാ മേഖലയെയും പ്രത്യേകിച്ച് സഭാസംവിധാനങ്ങളെയും ബാധിച്ചിരുന്നു.

ജോൺ പതിനൊന്നാമന്റെ പ്രസിദ്ധമായ പ്രവൃത്തികളിൽ ഒന്നായിരുന്നു വി. പത്രോസിന്റെ നാമത്തിൽ എ.ഡി. 909 -ൽ ഫ്രാൻസിലെ ക്ലൂനി എന്ന സ്ഥലത്ത് സ്ഥാപിതമായ ബെനഡിക്‌റ്റീൻ സന്യാസാശ്രമത്തെ റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്നത്. അവിടെയുള്ള ആശ്രമാധിപന്മാർ ആരുടേയും സ്വാധീനമില്ലാതെ തിരഞ്ഞെടുക്കകയും ആശ്രമത്തെ സ്വാതന്ത്ര്യത്തോടെ നയിക്കണമെന്നും അദ്ദേഹം കൽപിച്ചു. 1790 -ലെ ഫ്രഞ്ച് വിപ്ലവകാലത്ത് നശിപ്പിക്കപ്പെടുന്നതു വരെ പാശ്ചാത്യ ക്രൈസ്തവരുടെ ഇടയിലെ ഏറ്റം പ്രശസ്തമായ ആശ്രമങ്ങളിലൊന്നായിരുന്നു ഇത്. ബൈസന്റൈൻ ചക്രവർത്തി റൊമാനൂസ് ഒന്നാമൻ എ.ഡി. 932 -ൽ തന്റെ പതിനാറ് വയസ്സുള്ള മകനെ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായി വാഴിക്കണമെന്ന് ജോൺ മാർപാപ്പയോട് ആവശ്യപ്പെട്ടു. മാർപാപ്പ ഈ ആവശ്യം അംഗീകരിച്ച് രണ്ട് പ്രതിനിധികളെ അയക്കുന്നു. എന്നാൽ ഇത് പൗരസ്ത്യസഭയിലെ വലിയൊരു വിഭാഗത്തിന്റെ എതിർപ്പും അപ്രീതിയും ക്ഷണിച്ചുവരുത്തി.

മറോസിയ വിധവയായതിനു ശേഷം ഇറ്റലിയുടെ രാജാവായിരുന്ന ഹ്യൂവുമായുള്ള വിവാഹം അവരുടെ അഭ്യർത്ഥനപ്രകാരം നടത്തി. എന്നാൽ ഇത് അവരുടെ മറ്റൊരു മകനായ ആൽബെറിക്ക് രണ്ടാമൻ അംഗീകരിച്ചില്ല. അതിന്റെ അനന്തരഫലമായി ആൽബെറിക്ക് റോം ആക്രമിച്ച് മറോസിയയെയും ജോൺ പതിനൊന്നാമനെയും തടവിലാക്കുകയും ഇറ്റലിയുടെ ഭരണാധികാരിയെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. മറോസിയ റോമിലെ തടവറയിൽ കിടന്ന് മരിക്കുന്നു. തന്റെ സഹോദരനെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചെങ്കിലും ആത്മീയകാര്യങ്ങൾ മാത്രം അനുഷ്ഠിക്കുന്നതിനുള്ള അനുവാദമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. എ.ഡി. 935 ഡിസംബർ മാസത്തിൽ അന്തരിച്ച ജോൺ പതിനൊന്നാമനെ ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.