പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 123 – ലിയോ VI (880-929)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 928 ജൂൺ മുതൽ 929 ഫെബ്രുവരി 12 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ലിയോ ആറാമൻ. ക്രിസ്തോഫോറസ് എന്നയാളുടെ മകനായി എ.ഡി. 880 -ൽ റോമിൽ അദ്ദേഹം ജനിച്ചു. ലിയോയുടെ പിതാവ് സഭയുടെ ഭരണകാര്യങ്ങളിൽ പ്രത്യേകിച്ചും, ജോൺ എട്ടാമൻ മാർപാപ്പയുടെ കാലത്ത് സഹായിച്ചിരുന്നു. റോമിലെ പ്രശസ്തമായ സംഗ്വിനി കുടുംബത്തിലെ അംഗമായിരുന്ന ജോൺ മാർപാപ്പയ്ക്ക് ചെറുപ്പത്തിൽ തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് റോമിലെ സാന്താ സൂസന്ന ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

തെയോഫിലാക്ത് കുടുംബത്തിന്റെ സ്വാധീനത്തിൽ റോമിലെ ഭരണസംവിധാനങ്ങൾ അഴിമതിയിൽ അഭിരമിച്ചിരുന്ന കാലത്ത് തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആരെയെങ്കിലും മാർപാപ്പ ആക്കുന്നതിന് താൽക്കാലികമായി ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ആളായിരുന്നു ലിയോ എന്ന് ചില ചരിത്രകാരന്മാർ പറയുന്നു. റോമിലെ രാഷ്ട്രീയ അരാജകത്വം കാരണം സാധാരണക്കാർ ദുരിതമനുഭവിക്കുകയും സഭയുടെ ഭരണസംവിധാനങ്ങളും വലുതായി രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമയവുമായിരുന്നു ഇത്. തെയോഫിലാക്ത് കുടുംബത്തിലെ മാറോസിയായുടെ സ്വാധീനം എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും നടമാടുന്നതിന് ഇടയാക്കി. അവരുടെ ഭർത്താവ് ഗൈ ഈ സമയം ടസ്‌ക്കണിയിലെ ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്ന ആളായിരുന്നു. ലിയോ മാർപാപ്പയുടെ മുൻഗാമിയായിരുന്ന ജോൺ പത്താമൻ മാർപാപ്പയെ തടവിലാക്കിയതും ഇവർ തന്നെ ആയിരുന്നു.

ക്രോയേഷ്യയിലെ സ്പ്ലിറ്റ് എന്ന നഗരത്തിൽ ഇക്കാലയവിൽ നിരവധി സിനഡുകളിൽ കൂടുകയുണ്ടായി. “സ്പ്ളാത്തോ സിനഡ്” എന്നറിയപ്പെടുന്ന ഈ കൗൺസിലുകളിലെ തീരുമാനങ്ങൾക്കെല്ലാം ലിയോ മാർപാപ്പ അംഗീകാരം നൽകുന്നു. ക്രോയേഷ്യൻ സഭയിലെ പ്രശ്നങ്ങൾ പ്രത്യേകിച്ചും രാജ്യങ്ങൾ തമ്മിലുള്ള തർക്കവും ആരാധനയിൽ സ്ലാവിക്, ലത്തീൻ ഭാഷകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഭിന്നതയും പരിഹരിക്കുകയും ആയിരുന്നു ഇവയുടെ ലക്ഷ്യം. ലിയോ മാർപാപ്പ സലോണയിലെ ജോണിനെ ഡൽമത്തിയായിലെ ആർച്ചുബിഷപ്പായി നിയമിക്കുകയും അവിടെയുള്ള മറ്റു മെത്രാന്മാരോട് അദ്ദേഹത്തിന് വിധേയനായിരിക്കാനും ആവശ്യപ്പെട്ടു. റോമിനെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റാലിയൻ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ അറബികളെ ഐക്യത്തോടെ നേരിടുന്നതിന് ലിയോ മാർപാപ്പ ആഹ്വാനം ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ആരെങ്കിലും അറബികൾക്കെതിരായ യുദ്ധത്തിൽ മരിക്കുന്നെങ്കിൽ അവർക്കെതിരെ സ്വർഗ്ഗവാതിലുകൾ ഒരിക്കലും അടയ്ക്കപ്പെടുകയില്ല.” എ.ഡി. 929 ഫെബ്രുവരിയിൽ മരിച്ച ലിയോ പത്താമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.