പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 122 – ജോൺ X (860-928)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 914 മാർച്ച് മുതൽ 928 മെയ് 28 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജോൺ പത്താമൻ. ഇറ്റലിയിലെ ബൊളോഞ്ഞയ്ക്കടുത്തുള്ള റ്റൊസ്സിഞ്ഞാനോ പ്രദേശത്ത് എ.ഡി. 860 -ൽ ജോൺ എന്നയാളുടെ മകനായി അദ്ദേഹം ജനിച്ചു. ബൊളോഞ്ഞ രൂപതയുടെ ബിഷപ്പ് പീറ്റർ നാലാമൻ അദ്ദേഹത്തെ ഒരു ഡീക്കനായി വാഴിക്കുന്നു. റോമിലെ ഭരണസംവിധാനങ്ങളിൽ സ്വാധീനമുണ്ടായിരുന്ന തിയഡോറയുടെ ബന്ധുവായിരുന്നു ജോൺ. ഈ സ്വാധീനം അദ്ദേഹത്തെ ബൊളോഞ്ഞയിലെ ബിഷപ്പായും റെവെന്നായിലെ ആർച്ചുബിഷപ്പായും ഉയരുന്നതിന് ഇടയാക്കി. എ.ഡി. 914 -ൽ ലാൻഡോ മാർപാപ്പ മരിക്കുമ്പോൾ റോമിലെ തെയോഫിലാക്‌തിന്റെ സ്വാധീനത്താൽ ജോൺ പത്താമനെ അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പില്ലാതെ മാർപാപ്പ സ്ഥാനം ഏറ്റെടുക്കുന്നത് എ.ഡി. 769 -ലെ ലാറ്ററൻ കൗൺസിലിന്റെ ലംഘനമായതിനാൽ പലരും ജോൺ മാർപാപ്പയെ അംഗീകരിച്ചില്ല.

ഇറ്റലിയുടെ പല പ്രദേശങ്ങളും കൈയ്യടക്കിയ സാരസീൻ മുസ്ലീങ്ങളെ പരാജയപ്പെടുത്തുന്നതിനു വേണ്ടി ജോൺ മാർപാപ്പ ഒരു സഖ്യം രൂപീകരിക്കുകയും അതിന് വ്യക്തിപരമായി നേതൃത്വം നൽകുകയും ചെയ്തു. തന്നെ സഹായിച്ച ഫ്രിയൂളിയിലെ ബരേഞ്ഞറിനെ വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് എ.ഡി. 915 ഡിസംബർ 3 -ന് ഇറ്റലിയുടെ രാജാവായി വാഴിച്ചു. എന്നാൽ ബരേഞ്ഞറിന്റെ ശത്രുക്കൾ ഒന്നാവുകയും അങ്ങനെ ഇറ്റലിയെ ഏകീകരിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം പരാജയപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ഇറ്റലിയിൽ വലിയ രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുമായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കുകയും ക്രൊയേഷ്യയും ബൾഗേറിയയും തമ്മിൽ യുദ്ധമുണ്ടാവുന്നത് ജോൺ മാർപാപ്പയുടെ ഇടപെടൽ മൂലം ഇല്ലാതാവുകയും ചെയ്തു.

ഫ്രാൻസിലെ ക്ലൂണി ആബ്ബിയുടെ നവീകരണത്തിന് മാർപാപ്പ മുൻകൈയ്യെടുക്കുകയും ആശ്രമനിയമങ്ങൾ കർശനമായി നടപ്പാക്കാൻ സഹായിക്കുകയും ചെയ്തു. സുബിയാക്കോയിലെ ബെനഡിക്റ്റീൻ ആശ്രമത്തിന് എ.ഡി. 926 -ൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും സ്പെയിനിലെ മൊസറാബിക് റീത്തിനെ അംഗീകരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ കാന്റർബറിയിൽ നിന്നും റോമിലേക്ക് ഇക്കാലയളവിൽ തീർത്ഥാടകരുടെ വലിയ വർദ്ധന ഉണ്ടാവുകയും അത് സഭയുടെ വളർച്ചയെ പല രീതിയിൽ സഹായിക്കുകയും ചെയ്തു. ജോൺ പത്താമൻ മാർപാപ്പ റോമിലെ സാന്താജലോ കാസിലിൽ തടവിലാക്കപ്പെടുകയും അന്നത്തെ ഭരണസംവിധാനങ്ങളെ നിയന്ത്രിച്ചിരുന്ന മറോസ്സിയ എന്ന പ്രഭുസ്ത്രീയുടെ ആളുകളാൽ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ലാറ്ററൻ ബസിലിക്കായിലാണ് ജോൺ പത്താമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.