പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 121 – ലാൻഡോ (865-914)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം സെപ്റ്റംബർ 913 മുതൽ മാർച്ച് 914 വരെയുള്ള കാലയളവിലെ മാർപാപ്പ ആയിരുന്നു ലാൻഡോ. മധ്യ ഇറ്റലി ഭാഗത്തുള്ള സബീന എന്ന പേപ്പൽ ഭരണപ്രദേശത്ത് എ.ഡി. 865 -ൽ അദ്ദേഹം ജനിച്ചു എന്ന് ‘ലീബർ പൊന്തിഫിക്കാലിസ്’ രേഖപ്പെടുത്തിയിരിക്കുന്നു. തൈനോ എന്ന പേരോടു കൂടിയ സമ്പന്നനായ ലൊംബാർഡിൽ നിന്നുള്ള ഒരു പ്രഭുവിന്റെ മകനായിരുന്നു അദ്ദേഹം. തെയോഫിലാക്ത് ഒന്നാമന്റെയും അദ്ദേഹത്തിന്റെ ഭാര്യയും സെനറ്ററുമായിരുന്ന തെയറോഡയുടെയും സ്വാധീനത്താൽ മാർപാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ലാൻഡോ. ഇദ്ദേഹത്തിന്റെ ഭരണകാലയളവിനെക്കുറിച്ച് വ്യത്യസ്ത തീയതികളാണ് ആദ്യകാല ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നത്.

ലാൻഡോയുടെ ഭരണകാലം ചില ചരിത്രകാരന്മാർ പ്രസിദ്ധമായി വിശേഷിപ്പിച്ചിരുന്ന “സെക്കുളും ഒബ്സ്കൂരും”(904 a964) കാലഘട്ടത്തിൽ വരുന്ന സമയമാണ്. ഈ ഇരുണ്ടയുഗത്തിൽ തെയോഫിലാക്ത് ഒന്നാമനും കുടുംബവും റോമിലെ എല്ലാ ഭരണസംവിധാനങ്ങളെയും നിയന്ത്രിച്ചിരുന്ന കാലമായിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തോളം ഇവരുടെ കുടുംബത്തിന്റെ പിടിയിലമർന്ന ഭരണമേഖലയിൽ പേപ്പസിയും ഉൾപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഇറ്റാലിയൻ കർദ്ദിനാൾ സീസർ ബറോണിയൂസ് ആണ് “ഇരുണ്ട യുഗം” എന്ന വിശേഷണത്തിന്റെ ഉപജ്ഞാതാവ്. പ്രോട്ടസ്റ്റന്റ് നവീകരണത്തിനെതിരായി പ്രവർത്തിച്ചിരുന്ന ഈ കാലഘട്ടത്തിലെ എഴുത്തുകാരിൽ പലരും പ്രോട്ടസ്റ്റന്റ് ചിന്തകർ ഉപയോഗിച്ചിരുന്ന പ്രയോഗങ്ങൾ കടമെടുത്തിരുന്നു.

മധ്യകാലയുഗത്തിലെ സഭയെ ദുഷിപ്പിച്ച പ്രധാന ഘടകം ഇറ്റലിയുടെ രാഷ്ട്രീയ അസ്ഥിരതയിൽ നിലനിന്ന വിടവ് നികത്താൻ മാർപാപ്പമാർ ഭൗതീക അധികാരകേന്ദ്രങ്ങളായി മാറിയതാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ സാമ്രാജ്യ തലസ്ഥാനം ബൈസന്റൈൻ മേഖലയിലേക്ക് മാറ്റുന്നതോടെ റോമിൽ അധികാരശൂന്യത ഉണ്ടാവുകയും റോമൻ ജനത അന്നുവരെ ആത്മീയനേതൃത്വം മാത്രമുണ്ടായിരുന്ന മാർപാപ്പമാരിലേക്ക് രാഷ്ട്രീയനേതൃത്വത്തിനായി തിരിയുകയും ചെയ്തു. പിന്നീട് ഈ ഭൗതീക അധികാരം ആത്മീയ-അജപാലന ശുശ്രൂഷയേക്കാൾ പ്രധാനപ്പെട്ടതായി മാറുന്ന അവസ്ഥ സംജാതമായി. ഇതു കൂടാതെ സരസീൻ മുസ്ലീം ആക്രമണത്തെ ചെറുക്കുന്നതിന് വലിയ സൈനീകസന്നാഹങ്ങൾ ആവശ്യമായിരുന്നു. അതിനുള്ള ഏകോപനനേതൃത്വവും മാർപാപ്പമാർ ഏറ്റെടുക്കേണ്ടുന്ന അവസ്ഥയും സംജാതമായി. ലാൻഡോ മാർപാപ്പയുടെ മാതൃരൂപതയായ സാൻ സാൽവത്തോറെ കത്തീഡ്രൽ അറബികൾ നശിപ്പിക്കുന്നു. അവിടെ നിന്നും ഓടിപ്പോയ ജനങ്ങളെയും പുരോഹിതന്മാരെയും തിരികെ കൊണ്ടുവരുന്നതിനും കത്തീഡ്രൽ പുനർനിർമ്മാണത്തിനുമായി റോമിൽ നിന്ന് വലിയ സഹായം മാർപാപ്പ ചെയ്തുകൊടുക്കുന്നു. എ.ഡി. 914 -ൽ കാലം ചെയ്ത ലാൻഡോ മാർപാപ്പയെ വി. പത്രോസിന്റെ ദേവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.