പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 120 – അനസ്താസിയൂസ് III (865-913)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 911 ഏപ്രിൽ മുതൽ 913 ജൂൺ വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് അനസ്താസിയൂസ് മൂന്നാമൻ. എ.ഡി. 865 -ൽ റോമിൽ ലൂച്ചിയാൻ എന്ന പ്രഭുവിന്റെ മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. തെയോഫിലാക്ട് ഒന്നാമൻ നേതൃത്വം നൽകിയ പ്രഭുകുടുംബത്തിന്റെ സ്വാധീനത്തിൽ പേപ്പസി ചെന്നുപെട്ട സമയമായിരുന്നു ഇത്. അടുത്ത ഒരു നൂറ്റാണ്ടു മുഴുവൻ സഭയെ തെറ്റായ വഴിയിലൂടെ തങ്ങളുടെ ഇഷ്ടാനുസരണം നയിക്കുന്നതിൽ ഈ കുടുംബം വിജയിച്ചു. റോമൻ ഭരണസംവിധാനത്തിന്റെ കൗൺസിലർമാരും സെനറ്റർമാരും സാമ്പത്തിക ചുമതലക്കാരും ഈ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. തെയോഫിലാക്ടിന്റെ ഭാര്യ തെയഡോറ ഭരണമേഖലകളിൽ കൈകടത്തുകയും അത് വലിയ അഴിമതിക്കും പ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്തിരുന്നു. ഇവരുടെ പ്രേരണയാലാണ് അനസ്താസിയൂസ് മൂന്നാമൻ, മാർപാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നു പറയപ്പെടുന്നു.

ഇന്നത്തെ ഫ്രാൻസിന്റെ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന നോർമണ്ടിയിലെ വൈക്കിങ് രാജാക്കന്മാരുടെ ഭരണം ആരംഭിക്കുന്നത് നോർമണ്ടിയിലെ റോള്ളോ (860-930) അവിടുത്തെ രാജാവാകുന്നതോടെയാണ്. ഇദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയും തദനന്തരം നോർമൻസ് മുഴുവനായി ക്രിസ്തീയവിശ്വാസത്തിലേക്ക് വരികയും ചെയ്തു. ഇത് അനസ്താസിയൂസ് മൂന്നാമൻ മാർപാപ്പയുടെ കാലത്തെ വലിയ സംഭവമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫ്രാൻസിലെ നോർമണ്ടി പ്രദേശങ്ങളുടെ തലസ്ഥാനമായ റുവേനിലെ കത്തീഡ്രൽ ദേവാലയത്തിൽ റോള്ളോയുടെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുന്നത് ക്രിസ്തീയവിശ്വാസത്തിന്റെ വളർച്ചക്ക് അദ്ദേഹം നൽകിയ സംഭാവനയുടെ പ്രതീകം കൂടിയാണ്. റോള്ളോയുടെ കുടുംബത്തിൽ നിന്നുള്ളവർ ദീർഘനാൾ റുവേൻ അതിരൂപതയുടെ ആർച്ചുബിഷപ്പുമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അനസ്താസിയൂസ് മൂന്നാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ ഇറ്റാലിയൻ പ്രദേശങ്ങളിലുള്ള മുസ്ലിം സാരസീൻ ആക്രമണം പുനരാരംഭിക്കുന്നു. അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഗോത്രങ്ങൾ പേർഷ്യ മുഴുവൻ കീഴടക്കി യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും കടന്നുകയറാൻ തുടങ്ങിയത് എല്ലാത്തരത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. സേർജിയൂസ് മൂന്നാമൻ മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിലെ ലിയോ ചക്രവർത്തിയുടെ നാലാം വിവാഹം അംഗീകരിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ബൈസന്റൈൻ സഭയുമായി വലിയ ഭിന്നത സൃഷ്ടിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ നിക്കോളാസ് പാത്രിയർക്കീസ് ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ട് അനസ്താസിയൂസിന് കത്തെഴുതിയിരുന്നതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു. എ.ഡി. 913 ജൂൺ മാസത്തിൽ കാലം ചെയ്ത അനസ്താസിയൂസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.