പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 115 – തെയഡോർ II (840-897)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്5

ക്രിസ്തുവർഷം 897 ഡിസംബർ മാസത്തിൽ, കേവലം ഇരുപതു ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ നാലാമത്തെ ഹ്രസ്വമായ സഭാഭരണമായിരുന്നു തെയഡോർ രണ്ടാമൻ മാർപാപ്പയുടേത്. ഉർബൻ ഏഴാമൻ (1590), ബോനിഫസ് ആറാമൻ (896), സെലസ്റ്റിൻ നാലാമൻ (1241) എന്നിവരുടേതാണ് ഒന്നു മുതൽ മൂന്നു വരെയുള്ള ഹ്രസ്വമായ സഭാഭരണം. ഫോത്തിയോസ് എന്നയാളുടെ മകനായി 840 -ൽ റോമിലാണ് അദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്പത്തിൽ തന്നെ പൗരോഹിത്യ പരിശീലനത്തിനായി അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. തെയഡോറിന്റെ സഹോദരൻ തെയഡോഷ്യസും ഒരു മെത്രാനായിരുന്നു. സ്റ്റീഫൻ അഞ്ചാമൻ മാർപാപ്പയാണ് തെയഡോറിനെ ഒരു പുരോഹിതനായി അഭിഷേകം ചെയ്തത്. മാർപാപ്പ ആകുന്നതിനു മുൻപ് റോമിലെ പ്രശസ്തമായ പല ദേവാലയങ്ങളിലും അദ്ദേഹം പുരോഹിതശുശ്രൂഷ നിർവ്വഹിച്ചു.

പിൽക്കാലത്ത് സഭയ്ക്ക് വലിയ ദുഷ്പേരുണ്ടാക്കിയ “കടാവർ സിനഡ്” (897) അക്കാലത്തെ സഭയുടെ വലിയ വിഷമപ്രശ്‌നങ്ങളിൽ ഒന്നായിരുന്നു. തന്റെ മുൻഗാമി റൊമാനൂസിനെപ്പോലെ ഫോർമോസൂസ് മാർപാപ്പയുടെ മരണശേഷമുള്ള വിചാരണ തെറ്റായിരുന്നു എന്ന് ചിന്തിച്ചിരുന്ന ആളായിരുന്നു തെയഡോർ രണ്ടാമനും. അതിനാൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മാർപാപ്പ ആയ ഉടൻ തന്നെ തെയഡോർ ഒരു സിനഡ് വിളിച്ചുകൂട്ടുകയും സ്റ്റീഫൻ ആറാമൻ മാർപാപ്പയുടെ തീരുമാനങ്ങളെ അസാധുവാക്കുകയും ചെയ്തു. അതുവഴിയായി ഫോർമോസൂസ് മാർപാപ്പ നൽകിയ പട്ടങ്ങൾക്ക് നിയമസാധുത പുനഃസ്ഥാപിച്ചു നൽകി. കൂടാതെ, ഫോർമോസൂസ് മാർപാപ്പയുടെ മൃതശരീരം വി. പത്രോസിന്റെ ബസിലിക്കയിൽ കൊണ്ടുവന്ന് ആചാരപൂർവ്വം അടക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

ചുരുങ്ങിയ കാലം മാത്രമേ മാർപാപ്പയായി സഭാഭരണത്തിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതിന് അദ്ദേഹത്തിന് സാധിച്ച പ്രവൃത്തി ആയിരുന്നു ഫോർമോസൂസ് മാർപാപ്പയുടെ ബഹുമതി പുനഃസ്ഥാപിച്ചത്. കൂടാതെ, വൈദിക-മെത്രാൻ പട്ടങ്ങൾ പുനഃസ്ഥാപിച്ചു കിട്ടിയ വലിയ വിഭാഗത്തിന്റെ പിന്തുണയും അതുവഴി തെയഡോർ രണ്ടാമൻ മാർപാപ്പക്കു ലഭിച്ചു. എന്നാൽ അന്നത്തെ കലുഷിതമായ രാഷ്ട്രീയകാലഘട്ടത്തിൽ സ്റ്റീഫൻ ആറാമൻ മാർപാപ്പയെ ആനുകൂലിച്ചവർ ഇദ്ദേഹത്തിന്റെ ശത്രുക്കളായി പരിണമിക്കുകയും ചെയ്തു. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിഷമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി അക്കാലത്തെ മിക്ക സഭാഭരണാധികാരികളും ചുരുങ്ങിയ കാലയളവിൽ മാത്രമേ അധികാരത്തിൽ ഉണ്ടായിരുന്നുള്ളൂ. എ.ഡി. 897 ഡിസംബർ മാസത്തിൽ മൂന്നാഴ്ചയോളം സഭാദ്ധ്യക്ഷനായിരുന്ന തെയഡോർ രണ്ടാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.