പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 114 – റൊമാനൂസ് (850–897)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 897 ആഗസ്റ്റ് മുതൽ നവംബർ വരെ മൂന്നു മാസത്തോളം നീണ്ടുനിന്ന സഭാഭരണമായിരുന്നു റൊമാനൂസ് മാർപാപ്പയുടേത്. ഇറ്റലിയിലെ ചിവിത്ത കസ്റ്റല്ലാന എന്ന നഗരത്തിനടുത്ത് ഗല്ലേസേ എന്ന പ്രദേശത്ത് കോൺസ്റ്റന്റൈൻ എന്നയാളുടെ മകനായി എ.ഡി. 850 -ൽ റൊമാനൂസ് ജനിച്ചു. ഈ പ്രദേശത്തു നിന്നു തന്നെയുള്ള മറിനൂസ് ഒന്നാമൻ മാർപാപ്പയുടെ അനന്തിരവനാണ് ഇദ്ദേഹമെന്നും പറയപ്പെടുന്നു. വൈദികപരിശീലനത്തിനു ശേഷം റോമിലെ വിവിധ ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. പിന്നീട് സ്റ്റീഫൻ ആറാമൻ മാർപാപ്പ അദ്ദേഹത്തെ വിൻകോളിയിലെ സാൻ പിയെത്രോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു.

ഇക്കാലത്ത് സഭാഭരണത്തിൽ വലിയ രാഷ്ട്രീയ ഇടപെടലുകൾ ഭരണാധികാരികൾ നടത്തിയിരുന്നു. അതുപോലെ തന്നെ സഭാധികാരികളുടെ ഭൗതീക കാര്യങ്ങളിലുള്ള അമിതമായ ഇടപെടൽ ആത്മീയ അധഃപതനത്തിനും ഇടയാക്കിയിരുന്നു. “കഡാവർ സിനഡിനു” ശേഷം സ്റ്റീഫൻ ആറാമൻ മാർപാപ്പയെ റോമിലെ ജനങ്ങൾ ജയിലിലടക്കുകയും അവിടെ വച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് എ.ഡി. 897 ആഗസ്റ്റ് മാസത്തിൽ റൊമാനൂസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നു. റൊമാനൂസ്, മാർപാപ്പ ആയപ്പോൾ ഫോർമോസൂസ് മാർപാപ്പക്കെതിരായി തന്റെ മുൻഗാമിയെടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയും സഭയിൽ അദ്ദേത്തിന്റെ സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇത് സ്റ്റീഫൻ ആറാമൻ മാർപാപ്പയെ അനുകൂലിച്ചവരെ റൊമാനൂസിന്റെ ശത്രുക്കളാക്കി മാറ്റി എന്നാണ് പറയപ്പെടുന്നത്.

റൊമാനൂസ് മാർപാപ്പയുടെ ചുരുങ്ങിയ കാലത്തെ സഭാഭരണത്തെക്കുറിച്ച് വിരളമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. ഫാർഫയിലെ വിത്താലിസ് എന്ന ആശ്രമാധിപനെ വടക്കൻ ഇറ്റലിയിലെ ഗ്രാഡോയിലെ പാത്രിയർക്കീസ് ആയി നിയമിക്കുകയും ആ രൂപതക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. അതുപോലെ ഗിറോണയിലെയും എൽനായിലെയും ബിഷപ്പുമാർക്ക് അവരുടെ അധികാരാവകാശങ്ങൾ അനുവദിച്ചും നൽകി. പ്രശ്നകലുഷിതമായിരുന്ന അക്കാലത്ത് സുതാര്യതയോടെയും ക്രിസ്തീയപുണ്യത്തോടെയും സഭാഭരണം നടത്താൻ പരിശ്രമിച്ച മാർപാപ്പ ആയിരുന്നു റൊമാനൂസ് എന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അക്കാലത്ത് ആത്മീയകാര്യങ്ങളിൽ എന്നതിനേക്കാൾ ഭൗതീക കാര്യങ്ങളിലായിരുന്നു പലരുടെയും ശ്രദ്ധ. എ.ഡി. 897 നവംബർ മാസത്തിൽ റൊമാനൂസ് ഒരു സന്യാസിയായി സഭാഭരണം ഉപേക്ഷിച്ചുവെന്നും അതല്ല അദ്ദേഹത്തെ മാർപാപ്പ സ്ഥാനത്തു നിന്നും പുറത്താക്കി ആശ്രമത്തിൽ ആക്കിയതാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും റൊമാനൂസ് മാർപാപ്പയുടെ കൃത്യമായ മരണത്തീയതിയും അദ്ദേഹത്തെ അടക്കിയ സ്ഥലവും സംബന്ധിച്ച് പിന്തലമുറയ്ക്ക് ചരിത്രപരമായ തെളിവുകളൊന്നും ലഭ്യമല്ല.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.